അനിയന്മാർ പഠിച്ചു വളരട്ടെ; റോബോട്ടിക്സ് പുസ്തകവുമായി ചേട്ടന്മാർ
text_fieldsദോഹ: വേനലവധിയുടെ ഇടവേളയിൽ ന്യൂഡൽഹിയിൽ ഒരു സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളുമായി റോബോട്ടിക്സ് വിഷയത്തിൽ സംവദിക്കാൻ ക്ഷണം ലഭിച്ചതായിരുന്നു 17കാരൻ ജയ് ആദിത്യക്ക്. ഓൺലൈൻ വഴി നടന്ന പരിപാടിയുടെ ഒരുക്കങ്ങൾക്കിടെയാണ് ഖത്തറിലെ ബിർള പബ്ലിക് സ്കൂളിലെ 12ാം തരം വിദ്യാർഥിയായ ജയ് ആദിത്യ ഒരു കാര്യം തിരിച്ചറിഞ്ഞത്. റോബോട്ടിക്സിന്റെ വിശദമായ വിവരങ്ങൾ നൽകുന്ന കനപ്പെട്ട ഒരുപിടി പുസ്തകങ്ങളുണ്ടെങ്കിലും ഒരു തുടക്കക്കാരനോ സ്കൂൾ വിദ്യാർഥിക്കോ ഇതുസംബന്ധിച്ച് അടിസ്ഥാന വിവരങ്ങൾ നൽകുന്ന ഒന്നും കിട്ടാനില്ല. വേനലവധിയുടെ ആഘോഷത്തിലായിരുന്ന സഹപാഠികളും അടുത്ത കൂട്ടുകാരുമായ നിഹാൽ ആഷിക്കിനോടും ഹാനിഷ് അബ്ദുല്ലയോടുമാണ് ജയ് ഇക്കാര്യം പങ്കുവെച്ചത്. അങ്ങനെ, തങ്ങളുടെ അനിയന്മാരെ മനസ്സിൽ കണ്ട്, മൂവരും ഒന്നിച്ചിരുന്ന് പണി തുടങ്ങി. ജൂൺ, ജൂലൈ മാസത്തിലെ വേനലവധിക്കാലത്ത് സുഹൃത്തുക്കളെല്ലാം ആഘോഷിക്കുമ്പോൾ ഓൺലൈൻ വഴി മണിക്കൂറുകളോളം ഇരുന്ന് അവർ പുസ്തകരചനയിലായിരുന്നു. റോബോട്ടിക്സിന്റെ അടിസ്ഥാന കാര്യങ്ങളിൽ തുടങ്ങി, ഗഹനമായ കാര്യങ്ങൾ വരെ ഉൾക്കൊള്ളുന്ന പുസ്തകം ഡൽഹിയിലെ സ്കൂൾ വിദ്യാർഥികൾക്ക് വിതരണംചെയ്യാനായി തയാറാക്കിത്തുടങ്ങി. പ്രിന്റ് ചെയ്യാനോ മറ്റോ ആദ്യഘട്ടത്തിൽ പദ്ധതികളൊന്നുമുണ്ടായിരുന്നില്ല.
എന്നാൽ, ഇതിനിടയിൽ മക്കളുടെ വേനലവധിക്കാലത്തെ ഗൗരവമായ പുസ്തകരചനയെക്കുറിച്ച് ജയ് ആദിത്യയുടെ അമ്മ സുഹൃത്തിനോട് പങ്കുവെച്ചത് വഴിത്തിരിവായി.
സ്കൂൾ വിദ്യാർഥികളും റോേബാട്ടിക്സിന്റെ ഉള്ളറകൾ അറിയാൻ കൊതിക്കുന്നവരും ആഗ്രഹിക്കുന്ന പുസ്തകം പ്രസിദ്ധീകരിക്കാൻ തയാറായി ചെന്നൈയിൽനിന്നുള്ള ‘ബ്ലൂ റോസ് പബ്ലിഷേഴ്സ്’ രംഗത്തുവന്നതോടെ പ്രിന്റ് കോപ്പിക്കുള്ള വഴിതെളിഞ്ഞു. പിന്നെയെല്ലാം വേഗത്തിലായിരുന്നു.
കൂട്ടുകാർ ഒന്നിച്ചെഴുതിയ പുസ്തകം ‘BECOMING A MAKER, AN INTRODUCTION TO HOBBY ROBOTICS’ എന്ന പേരിൽ വെളിച്ചംകണ്ടു. രക്ഷിതാക്കളുടെയും സ്കൂൾ റോബോട്ടിക് ക്ലബ് ചുമതലയുള്ള അധ്യാപിക അനുവിന്റെയും മറ്റ് അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയായതോടെ ആദ്യ പുസ്തകം പുറത്തിറങ്ങി. കഴിഞ്ഞയാഴ്ച ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ തന്നെ പുസ്തകം പ്രകാശനം ചെയ്തു.
കുഞ്ഞുപ്രായത്തിൽ വലിയ കാര്യങ്ങൾ പറയുന്ന പുസ്തകമെഴുതിയവരെ കണ്ടപ്പോൾ അംബാസഡർക്കും സന്തോഷം. ഫോറിൻ സര്‍വിസിൽ പ്രവേശിക്കുംമുമ്പ് എൻജിനീയറിങ്ങും ഫിസിക്സും പാഷനായിരുന്ന തനിക്ക് ഈ ഒരു പുസ്തകപ്രകാശനം നിർവഹിക്കാൻ ലഭിച്ച അവസരത്തിൽ അദ്ദേഹം വാചാലനായി. വിശേഷങ്ങൾ ചോദിച്ചും പുസ്തകത്തെക്കുറിച്ചുള്ള ലഘുപരിചയം അറിഞ്ഞും അദ്ദേഹം കൗമാര എഴുത്തുകാർക്ക് പ്രോത്സാഹനം നൽകി.
കൈനമാറ്റിക്സ്, സെൻസറുകൾ, ആക്ച്വേറ്ററുകൾ, പ്രോഗ്രാമിങ് ഭാഷകൾ എന്നിവപോലുള്ള റോബോട്ടിക്സിന്റെ പ്രധാന തലങ്ങളിലേക്കെല്ലാം കടന്നുചെല്ലുന്ന പുസ്തകം റോബോട്ടിക് ചലനങ്ങളെയും ഇടപെടലുകളെയും നിയന്ത്രിക്കുന്ന പ്രധാന തത്ത്വങ്ങൾ മനസ്സിലാക്കുന്നതിനുള്ള ശക്തമായ അടിത്തറ വായനക്കാർക്ക് നൽകുന്നതാണ്. അതുവഴി ഓരോരുത്തർക്കും അവരവരുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകി ഹോബി റോബോട്ടുകളെ രൂപകൽപന ചെയ്യാനും നിർമിക്കാനും പ്രോഗ്രാം ചെയ്യാനും കഴിയുമെന്ന് എഴുത്തുകാർ പറയുന്നു. ഘട്ടം ഘട്ടമായുള്ള നിർദേശങ്ങളും മാതൃകാചിത്രങ്ങളും ഉൾക്കൊള്ളിച്ച പുസ്തകം വായനക്കാർക്ക് ഒരേസമയം വിനോദവും അറിവും പകരുന്നു.
ചെന്നൈ സ്വദേശിയാണ് ജയ് ആദിത്യ. കഹ്റാമയിൽ എൻജിനീയറായ തൃശൂർ നാട്ടിക മതിലകത്ത് വീട്ടിൽ ആഷിഖ് മുഹ്യിദ്ദീന്റെയും ഡോ. ഷറീന ആഷിഖിന്റെയും മകനാണ് നിഹാൽ ആഷിക്. കുറ്റ്യാടി സ്വദേശിയും മൈക്രോ ഹെൽത്ത് സ്ഥാപകനുമായ ഡോ. സി.കെ. നൗഷാദിന്റെയും ഫസീഹയുടെയും മകനാണ് ഹാനിഷ് അബ്ദുല്ല.
ഹൈസ്കൂൾ കാലത്തുതന്നെ കമ്പ്യൂട്ടിങ്ങിലും റോബോട്ടിക്സിലും ഇഷ്ടക്കാരായ മൂവരും ബിർള സ്കൂളിലെ റോബോട്ടിക് ക്ലബിലെ സജീവ അംഗങ്ങളാണ്. റോബോട്ടിക്സിൽ തൽപരരായ സമപ്രായക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ‘പനാടെക്സ്’ എന്ന പേരില്‍ ഒരു ടെക് ഓർഗനൈസേഷനും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ, അഖിലേന്ത്യാതലത്തില്‍ നടന്ന എൻജിനീയറിങ് മത്സരത്തില്‍ ഒന്നര ലക്ഷം രൂപയുടെ കാഷ് അവാര്‍ഡും നേടിയിരുന്നു.
ഖത്തർ യൂനിവേഴ്സിറ്റിക്കു കീഴില്‍ നടക്കുന്ന മൈക്രോ-റോബോട്ടിക് കാൻസർ ഗവേഷണ പ്രോജക്ടിലും ജയ് ആദിത്യയും നിഹാൽ ആഷിക്കും സഹഗവേഷകരായി നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഔദ്യോഗിക ലോഞ്ച് പൂർത്തിയായതോടെ, ഇനി പുസ്തകം ആമസോണിലും കൂടാതെ വിവിധ ബ്രിക് ആൻഡ് മോർട്ടാർ പുസ്തകശാലകളിലും വായനക്കാർക്ക് ലഭ്യമാവും. കൂടാതെ, ഖത്തർ നാഷനല്‍ ലൈബ്രറിയിലും കോപ്പികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.