പാഠപുസ്തകങ്ങളുടെ കൊടുക്കൽ വാങ്ങലായി നടുമുറ്റം 'ബുക്സ്വാപ്'
text_fields‘ബുക്സ്വാപ്’ പദ്ധതിയിലേക്കുള്ള പുസ്തകങ്ങൾ നടുമുറ്റം വൈസ് പ്രസിഡന്‍റ് നിത്യ സുബീഷ് ഏറ്റുവാങ്ങുന്നു
ദോഹ: വർഷാവസാന പരീക്ഷ കഴിഞ്ഞ് കുട്ടികൾ പുതിയ ക്ലാസിലേക്ക് സ്ഥാനക്കയറ്റത്തിനൊരുങ്ങുമ്പോൾ, അവർ പഠിച്ചുകഴിഞ്ഞ പുസ്തകങ്ങൾ ഇനി വെറുതെയാവില്ല. ഒപ്പം, സാമ്പത്തിക ഞെരുക്കം കാരണം ഒരാൾക്കും പാഠപുസ്തകമില്ലാതെയുമാവില്ല.
ഒരു ക്ലാസിൽ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികളിൽ നിന്നു പുസ്തകങ്ങൾ വാങ്ങി, ക്ലാസുകൾ സ്ഥാനക്കയറ്റം നേടി വരുന്ന അർഹരായ വിദ്യാർഥികളുടെ കൈകളിലെത്തിക്കാൻ ഏറ്റവും മികച്ച സംവിധാനങ്ങളുമായി നടുമുറ്റം ഖത്തർ ഒരുക്കുന്ന 'ബുക്സ്വാപ് 2022' രംഗത്തുണ്ട്. പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ ശീലിച്ചുവന്ന പാഠപുസ്തകങ്ങളുടെ കൊടുക്കൽ വാങ്ങലുകൾ പ്രവാസമണ്ണിലും പൂത്ത് തളിരിടുകയാണിവിടെ.
പുതിയ അധ്യായന വർഷം മുന്നിലെത്തുമ്പോൾ എല്ലാ പുസ്തകങ്ങളും വാങ്ങിക്കൂട്ടാനൊരുങ്ങുന്ന രക്ഷിതാക്കൾക്ക് സാമ്പത്തിക ചെലവ് കുറക്കാൻ ഒരു വഴിയെന്ന നിലയിലാണ് രണ്ടു വർഷം മുമ്പ് നടുമുറ്റം ബുക്സ്വാപ് സജീവമാകുന്നത്. കോവിഡ് കാലത്തായിരുന്നു പുസ്തകങ്ങളുടെ കൊടുക്കൽ വാങ്ങലായി 'ബുക്സ്വാപ്' തുടങ്ങുന്നത്. മഹാമാരിയിൽ തൊഴിൽ നഷ്ടമായും, വരുമാനം കുറഞ്ഞും സാമ്പത്തിക ഞെരുക്കത്തിലായപ്പോൾ രക്ഷിതാക്കൾക്ക് പുതിയ സംരംഭം വലിയ തുണയായി. വിവിധ സ്കൂളുകളിലെ ആവശ്യക്കാരായ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ 22ഓളം വാട്സാപ്പ് ഗ്രൂപ്പുകൾക്ക് രൂപം നൽകിയായിരുന്നു പുസ്തക ശേഖരണവും വിതരണവും. ആയിരത്തിലേറെ വിദ്യാർഥികൾ 'ബുക്സ്വാപ്' സംവിധാനത്തിലൂടെ പാഠപുസ്തകങ്ങൾ സൗജന്യമായി തന്നെ സ്വന്തമാക്കിയതായി നടുമുറ്റം ഭാരവാഹികൾ പറയുന്നു.
പാഠപുസ്തകങ്ങൾക്ക് പുറമെ, ഗൈഡുകൾ, എൻട്രൻസ് പരിശീലന പുസ്തങ്ങൾ, ഉപയോഗിക്കാത്ത നോട്ട്ബുക്കും യൂനിഫോമുകളും വരെ കൈമാറാൻ 'ബുക്സ്വാപ്' രക്ഷിതാക്കൾക്ക് അവസരമൊരുക്കുന്നുണ്ട്. ഒന്നാം തരം മുതൽ മുതിർന്ന ക്ലാസുകൾ വരെയുള്ള പുസ്തക ശേഖരണം നടുമുറ്റത്തിന്‍റെ ഒമ്പത് മേഖലകളിലായി കഴിഞ്ഞ 15 ദിവസങ്ങളിലായി സജീവമായതായി ഭാരവാഹികൾ അറിയിച്ചു. ഇനിയും താൽപര്യമുള്ളവർക്ക് 3387 7265/ 3311 5406 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ശനിയാഴ്ച തുടക്കം; ആവശ്യക്കാർ ആയിരങ്ങൾ
ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാർഥികൾക്ക് വേണ്ടിയുള്ള 'ബുക്സ്വാപ്' വർഷാവസാന പരീക്ഷ അവസാനിക്കുന്നതോടു കൂടിയാണ് ആരംഭിക്കുന്നത്. ശനിയാഴ്ച നുഐജ കൾച്ചറൽ ഫോറം ഓഫീസിൽ പുസ്തക കൈമാറ്റം ആരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ തിരക്ക് കുറക്കാന്‍ വിവിധ സ്കൂളുകൾക്ക് വിവിധ സമയങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണി മുതല്‍ ആറു മണി വരെ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍, സ്പ്രിംങ് ഫീൽഡ് എന്നീ സ്കൂളുകളുടെയും ആറുമണി മുതല്‍ ഒമ്പതുമണിവരെ ബിർള പബ്ലിക് സ്കൂള്‍, പേൾ സ്കൂൾ എന്നിവയുടെയും പുസ്തക ശേഖരവും കൈമാറ്റവും നടക്കും.
മാർച്ച് 20ന് ഞായറാഴ്ച മൂന്നു മണി മുതല്‍ ആറുമണി വരെ ഡി.പി.എസ്, മൊണാർക്ക്, രാജഗിരി എന്നിവയുടെയും ആറുമണി മുതല്‍ ഒമ്പത് മണിവരെ ഡി.ഐ.എം.എസ്, ഒലീവ് ഇന്‍റർനാഷണൽ സ്കൂള്‍, സ്കോളേഴ്സ് എന്നിവയുടെയും നടക്കും. 21ന് തിങ്കളാഴ്ച മൂന്ന് മണി മുതല്‍ ആറുമണി വരെ ഐഡിയൽ ഇന്ത്യന്‍ സ്കൂള്‍, ശാന്തിനികേതൻ ഇന്ത്യന്‍ സ്കൂള്‍, ലയോള, ഭവൻസ് എന്നീ സ്കൂളുകളുടെയും ഏഴ് മണി മുതല്‍ ഒന്‍പത് മണി വരെ അവസാന ഘട്ടത്തിൽ മുഴുവൻ സ്കൂളുകളുടെയും പുസ്തക കൈമാറ്റം നടക്കും. രണ്ടാഴ്ചയായി വിവിധ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ നടുമുറ്റം വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പുസ്തകങ്ങള്‍ നടുമുറ്റത്തിന്‍റെ വിവിധ ഏരിയാ കോഡിനേറ്റർമാർ വഴി മുൻകൂട്ടി ബുക് ചെയ്തുകൊണ്ടിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. പുതിയ അധ്യായന വർഷത്തിലേക്ക് കടക്കുമ്പോൾ സാമ്പത്തിക ചെലവ് ചുരുക്കുക, വിദ്യാഭ്യാസം പ്രകൃതി സൗഹൃദമാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ നടത്തുന്ന ബുക് കൈമാറ്റത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.