ലോകകപ്പിനു പിന്നാലെ വിനോദമേഖലയിൽ കുതിപ്പ്
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിന്റെ വിജയകരമായ ആതിഥ്യത്തിനു പിന്നാലെ മൂന്നു മാസത്തിനുള്ളിലായി ഖത്തറിന്റെ വിനോദമേഖല കൂടുതൽ ശക്തമായതായി റിപ്പോർട്ടുകൾ. രാജ്യത്തെത്തുന്ന സന്ദർശകരുടെ എണ്ണത്തിലും ഹോട്ടലുകളിലെ താമസക്കാരുടെ നിരക്കിലും പുതുവർഷത്തിലെ ആദ്യ മാസങ്ങളിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. വിജയകരമായൊരു ഫുട്ബാൾ സീസണിനുശേഷം 2023ൽ മികച്ച തുടക്കമാണ് മേഖലയിൽ ലഭിച്ചിരിക്കുന്നതെന്ന് മാരിയറ്റ് മാർക്വിസ് സിറ്റി സെന്റർ ജനറൽ മാനേജർ സിറിൽ മൗവാദിനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2022ൽ നഗരത്തിൽ നിരവധി ഹോട്ടലുകൾ തുറന്നിട്ടുണ്ടെങ്കിലും 2023ലെ ഒന്നാം പാദത്തിൽ താമസത്തിന്റെയും വരുമാനത്തിന്റെയും കാര്യത്തിൽ വളരെ ശക്തമായ നിലയിലാണെന്ന് സിറിൽ മൗവാദ് കൂട്ടിച്ചേർത്തു.
ഡി.ഇ.സി.സി, ഷോപ്പിങ് മാളുകൾ, പൊതുഗതാഗതം, നഗരത്തിലെ മറ്റ് ആകർഷണങ്ങൾ എന്നിവയും വിവിധ കായിക, സർക്കാർ ഗ്രൂപ്പുകളിൽനിന്ന് നേട്ടങ്ങൾ സ്വന്തമാക്കാനായെന്നും അദ്ദേഹം വിശദീകരിച്ചു.
അതുല്യവും അവിസ്മരണീയവുമായ അനുഭവങ്ങൾ അതിഥികൾക്ക് ഉറപ്പാക്കാനും പ്രാദേശിക സംസ്കാരവും പാരമ്പര്യവും സമന്വയിപ്പിച്ച് അന്തർദേശീയ നിലവാരത്തിൽ ലോകോത്തര അതിഥി അനുഭവങ്ങൾ നൽകുന്നതും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതിനാൽ കോവിഡ് മഹാമാരിക്കു മുമ്പുള്ള കാലയളവിന് സമാനമായി വ്യാപാര മേഖല ശക്തി പ്രാപിച്ചതായും ഇത് വർഷാവസാനത്തോടെ കൂടുതൽ ഫലം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ദോഹ വിപണി മത്സരാധിഷ്ഠിതവും വെല്ലുവിളി നിറഞ്ഞതുമായിത്തീർന്നെന്ന് ഇൻ-ക്യു എന്റർപ്രൈസസ് ജനറൽ മാനേജർ ഫിൽ ലോറി പറഞ്ഞു. ഖത്തർ മ്യൂസിയത്തിലെ ഞങ്ങളുടെ വ്യതിരിക്തമായ ലൊക്കേഷനുകളും വിവിധ ഓഫറുകളും വേറിട്ടുനിർത്തുന്നുവെന്നും ലോറി കൂട്ടിച്ചേർത്തു.
ഫിഫ ലോകകപ്പിനുശേഷം ഹോട്ടൽ മേഖല മോശമാകുമെന്ന് ചിലർ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ ഹോട്ടൽ തൃപ്തികരമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സറായ കോർണിഷ് ഹോട്ടൽ ഓപറേഷൻസ് ഡയറക്ടർ ബ്രയാൻ പടക് ടാംബിസ് പറയുന്നു.
അതേസമയം, ഈ വർഷം ഫെബ്രുവരിയിൽ രാജ്യത്തെത്തിയ സന്ദർശകരുടെ എണ്ണത്തിൽ ജനുവരിയെ അപേക്ഷിച്ച് 14.3 ശതമാനം വർധന രേഖപ്പെടുത്തി. വാർഷികാടിസ്ഥാനത്തിൽ 2022 ഫെബ്രുവരിയെ അപേക്ഷിച്ച് 406 ശതമാനമാണ് വർധന.
ആകെ സന്ദർശകരിൽ 38 ശതമാനവും ജി.സി.സി രാജ്യങ്ങളിൽനിന്നാണ്. ആകെ സന്ദർശകരിൽ 44 ശതമാനമാളുകളും എത്തിയത് വിമാനത്താവളത്തിലൂടെയാണ്. ടൂറിസം മേഖലയിൽനിന്നുള്ള വരുമാനം 2022ൽ 70.3 ശതമാനം വർധിച്ച് 26.4 ബില്യൺ റിയാലായി. 2030ഓടെ ജി.ഡി.പിയിലേക്ക് ടൂറിസം മേഖലയിൽനിന്നുള്ള സംഭാവന ഏഴിൽനിന്ന് 12 ശതമാനമാക്കി ഉയർത്താനാണ് അധികാരികൾ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.