ബൂസ്റ്റർ ഡോസ് കൊറോണ വകഭേദങ്ങളെ ചെറുക്കും -പഠനം
text_fieldsദോഹ: ബൂസ്റ്റർ ഡോസിലൂടെ കോവിഡ് വകഭേദങ്ങൾക്കെതിരായ പ്രതിരോധശേഷി വർധിക്കുമെന്ന് ഖത്തറിലെ ശാസ്ത്രീയ പഠനങ്ങളുടെ കണ്ടെത്തൽ.
പൊതുജനാരോഗ്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ, വെയ്ൽ കോർണെൽ മെഡിസിൻ-ഖത്തർ, ഖത്തർ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധർ സംയുക്തമായി നടത്തിയ രണ്ട് പഠനങ്ങളിലും കോവിഡ് വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിടുന്നതോടെ രോഗപ്രതിരോധശേഷി കുറഞ്ഞുവരുന്നതായും കണ്ടെത്തി. പ്രസിദ്ധമായ ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിൻ, ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ എന്നീ പ്രസിദ്ധീകരണങ്ങളിലാണ് പഠന റിപ്പോർട്ടുകൾ പുറത്തുവിട്ടത്.
കോവിഡ് വാക്സിൻ മൂലം ആർജിച്ചെടുക്കുന്ന പ്രതിരോധശേഷിയുടെ കാലാവധി സംബന്ധിച്ച് ആഗോളപഠനങ്ങളെ ഖത്തറിൽനിന്നുള്ള പഠനങ്ങൾ ശരിവെക്കുന്നു.
പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ച ബൂസ്റ്റർ ഡോസ് വിതരണത്തെ ഇരുപഠനങ്ങളും പിന്താങ്ങുന്നു.
രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിടുന്നതോടെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതായി പഠനങ്ങളിൽ കണ്ടെത്തിയതായും എച്ച്.എം.സി സാംക്രമിക രോഗവിഭാഗം മേധാവിയും രണ്ട് പഠനങ്ങൾക്കും നേതൃത്വം വഹിച്ചവരിലൊരാളുമായ ഡോ. അബ്ദുല്ലത്തീഫ് ഖാൽ പറഞ്ഞു.
ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിലൂടെ വ്യക്തികളുടെ രോഗപ്രതിരോധ ശേഷി വർധിക്കുന്നതായും അത് ദീർഘകാലത്തേക്ക് നിലനിൽക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിൽ ഈയിടെ റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണവും പുതിയ വകഭേദമായ ഒമിക്രോണിെൻറ കണ്ടെത്തലും ബൂസ്റ്റർ ഡോസ് വാക്സിനെടുക്കേണ്ടതിെൻറ പ്രാധാന്യത്തെയും കോവിഡിനെതിരായ പോരാട്ടത്തിലെ സമൂഹത്തിെൻറ പങ്കും ഓർമിപ്പിക്കുന്നതാണെന്നും ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ വ്യക്തമാക്കി.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർ ബൂസ്റ്റർ ഡോസ് എടുക്കുന്നത് വൈകിപ്പിക്കരുതെന്നും പ്രൈമറി ഹെൽത്ത് സെൻററുമായി ബന്ധപ്പെട്ട് അപ്പോയിൻമെൻറ് എടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
ബൂസ്റ്റർ ഡോസുമായി ബന്ധപ്പെട്ട് ഖത്തർ നടത്തിയ പഠനങ്ങൾ അന്താരാഷ്ട്ര പഠന റിപ്പോർട്ടുകളുമായി സാമ്യമുള്ളതാണ്. ആദ്യ ആറ് മാസങ്ങളിൽ കോവിഡിനെതിരായ വാക്സിനുകൾ 95 ശതമാനം കാര്യക്ഷമമാണെന്നും എന്നാൽ, ആറ് മാസം പിന്നിടുന്നതോടെ ശേഷി കുറഞ്ഞുവരുന്നതായും ആരോഗ്യമന്ത്രാലയം മുതിർന്ന ഉപദേഷ്ടാവും പഠനങ്ങൾക്ക് നേതൃത്വം നൽകിയവരിലൊരാളുമായ ഡോ. റോബെർട്ടോ ബെർടോളിനി പറഞ്ഞു.
ഖത്തറിലെ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർധനവും പുതിയ ഒമിക്രോൺ വകഭേദം കണ്ടെത്തിയതും കാരണം, ജനങ്ങൾ സുരക്ഷ ഉറപ്പാക്കണമെന്നും ഇതിന് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും ആരോഗ്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
ബൂസ്റ്റർ ഡോസ് എടുക്കാൻ യോഗ്യരായവർ 40277077 നമ്പറിൽ പി.എച്ച്.സിയുമായി ബന്ധപ്പെട്ട് അപ്പോയിൻമെൻറ് എടുക്കണമെന്നും മൊബൈൽ ആപ് 'നർആകും' വഴിയും അപ്പോയിൻമെൻറ് എടുക്കാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.