ബോസുമാർ ദോഹയിൽ; നാളെ ‘ബോസസ് ഡേ ഔട്ട്
text_fieldsദോഹ: തിരക്കുകളിൽനിന്ന് തിരക്കിലേക്ക് ദിവസവും പറക്കുന്ന നായകർ ഒരു പകൽ ഒന്നിച്ചിരുന്ന് നേതൃമികവിനെ തേച്ചുമിനുക്കാൻ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ബോസസ് ഡേ ഔട്ടിന് ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടു മണിവരെ ദോഹ റാഫ്ൾസ് ഫെയർമോണ്ട് ഹോട്ടലിൽ നടക്കുന്ന പ്രൗഢഗംഭീരമായ പരിപാടിക്ക് ദോഹ ഒരുങ്ങി കഴിഞ്ഞു. കോർപറേറ്റ്, ബിസിനസ് ലീഡേഴ്സും പ്രഫഷനൽസും ഒത്തുചേരുന്ന ബോസസ് ഡേ ഔട്ടിനെ നയിക്കാൻ ബിഗ് ബോസുമാരുമെത്തിത്തുടങ്ങി.
ദേശീയ ചലച്ചിത്ര അവാർഡ് ജേതാവും മോട്ടിവേഷനൽ പ്രഭാഷണങ്ങളിൽ ശ്രദ്ധേയനുമായ ആശിഷ് വിദ്യാർഥി, സെലിബ്രിറ്റി മെന്റർ അർഫീൻ ഖാൻ, നിർമിത ബുദ്ധിയിലെ സൂപ്പർ ബ്രെയിൻ സാനിധ്യ തുൾസിനന്ദൻ എന്നിവർ പങ്കെടുക്കുന്ന പരിപാടിക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ ഒമ്പതിന് ഇന്ത്യൻ അംബാസഡർ വിപുൽ ‘ബോസസ് ഡേ ഔട്ട്’ ഉദ്ഘാടനം ചെയ്യും. തുടർന്ന് 9.15ന് ആദ്യ സെഷൻ ആരംഭിക്കും.
‘തനിച്ചല്ല; ഞങ്ങൾ ഒരു സംഘമായി വരുന്നു’
ഗൾഫ് മാധ്യമം നേതൃത്വത്തിൽ ശനിയാഴ്ച ‘റാഫ്ൾസ് ഫെയർമോണ്ട് ദോഹ ഹോട്ടലിൽ സംഘടിപ്പിക്കുന്ന ബോസസ് ഡേ ഔട്ട് ശിൽപശാലയിൽ ഞാനും എന്റെ സ്ഥാപനത്തിലെ മുതിർന്ന മാനേജ്മെന്റ് തല ഉദ്യോഗസ്ഥരും പങ്കെടുക്കും. പ്രത്യേകിച്ചും ബിസിനസ് രംഗത്ത്, ഉയർച്ചക്കും ഉന്നമനത്തിനും മുതൽക്കൂട്ടായി വരുന്നത് പുതുതായി ലഭിക്കുന്ന അറിവുകളും മോട്ടിവേഷനുകളും തന്നെയാണ്.
ബോസസ് ഡേ ഔട്ടിൽ നടക്കുന്ന ഓരോ സെഷനും ഏറ്റവും മികച്ചതാണ്. അർഫീൻ ഖാന്റെ ആദ്യ സെഷൻ ഒരു ബിസിനസ് ലീഡ് ചെയ്യുന്ന ആൾക്ക് മൈൻഡ് ട്യൂൺ ആയി മാറുമെന്നതിൽ സംശയമില്ല. അദ്ദേഹത്തിന്റെ പരിചയ സമ്പത്തും മികവും ഖത്തറിലെ ഓരോ ബിസിനസ് ലീഡേഴ്സിനും മുതൽക്കൂട്ടായി മാറും. ടെക്നോളജിയാണ് ഇന്ന് ബിസിനസിനെ ലീഡ് ചെയ്യുന്നത്. നിർമിത ബുദ്ധി ബിസിനസിൽ ഒഴിവാക്കാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു.
ഒരു ബിസിനസ് സംരംഭത്തിനും എ.ഐ ഒഴിവാക്കാൻ പറ്റില്ല. ആ വിഷയത്തിൽ മികച്ച പരിചയമുള്ള സാനിധ്യ തുളസീനന്ദന്റെ സെഷൻ വലിയ അറിവുകൾ സമ്മാനിക്കുന്നതായിരിക്കും. എ.ഐ എങ്ങനെ ഓരോ സ്ഥാപനത്തിലും ഉപയോഗപ്പെടുത്താം എന്നതിൽ ഒരു വഴികാട്ടിയായിരിക്കും ഈ സെഷൻ. സമാപന സെഷനിലെത്തുന്ന ആശിഷ് വിദ്യാർഥിയുടെ വാക്കുകൾക്കും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ഒരു നടനായി തുടങ്ങി ദശലക്ഷം പേർ പിന്തുടരുന്ന േവ്ലാഗറായി മാറിയ അദ്ദേഹത്തിന്റെ മോട്ടിവേഷൻ വാക്കുകൾ ബോസസ് ഡേ ഔട്ടിന്റെ ആകർഷകമായ ഒന്നായിരിക്കും. ഞാൻ ഒറ്റക്കല്ല വരുന്നത്, ഞങ്ങൾ ഒരു കൂട്ടമായി തന്നെയാണ് വരുന്നത്. ഒരു കമ്പനിയെ ആർക്കും തനിച്ചു നയിക്കാൻ കഴിയില്ല. കഠിനാധ്വാനം ചെയ്യുന്ന ഒരു ടീമാണ് ഏതു വിജയത്തിന്റെയും പിന്നിൽ. ഞങ്ങളുടെ മാനേജ്മെന്റ് ഒരു സംഘമായി തന്നെയാണ് ശനിയാഴ്ച വരുന്നത്. ഗ്രാൻഡ്മാൾ മാനേജ്മെന്റ് ഗ്രൂപ്പിന് അസുലഭ മുഹൂർത്തമായിരിക്കും ഈ ദിവസം - അഷ്റഫ് ചിറക്കൽ (റീജനൽ ഡയറക്ടർ, ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്)
ലീഡർഷിപ്പിനെ തേച്ചുമിനുക്കാൻ
‘ഗൾഫ് മാധ്യമം’ നേതൃത്വത്തിൽ ഐ.ബി.പി.സിയുടെ കൂടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ബോസസ് ഡേ ഔട്ട്’ പരിപാടിയുടെ ഭാഗമാവുന്നത് സന്തോഷവും അഭിമാനവും നൽകുന്നു. സംഘാടനത്തിലും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച മാനേജ്മെന്റ് പരിശീലകരുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധേയമാണ് ‘ബോസസ് ഡേ ഔട്ട്’. ഖത്തറിന്റെ മുൻനിര കോർപറേറ്റ്-ബിസിനസ് സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നവരും, പ്രഫഷനൽസും പങ്കെടുക്കുന്ന ബോസസ് ഡേ ഔട്ട് തികച്ചും വേറിട്ടൊരു അനുഭവമായി മാറുമെന്നതിൽ സംശയമില്ല. തങ്ങളുടെ നേതൃമികവ് തേച്ച് മിനുക്കിയെടുക്കാനുള്ള അവസരം കൂടിയാണിത്. സംഘാടകർക്കും പങ്കെടുക്കുന്നവർക്കും വിജയാശംസകൾ - നിഷാദ് അസീം (കോസ്റ്റൽ ഖത്തർ സി.ഇ.ഒ, ഐ.ബി.പി.സി ഗവേണിങ് ബോർഡ് അംഗം)
‘ഇത് സ്വയം നവീകരണത്തിനുള്ള അവസരം’
ബിസിനസിന്റെ അതിവേഗ ലോകത്ത് സംരംഭകരെ നവീകരിക്കാനും, പുതിയ ബിസിനസ് ലീഡര്‍മാരെ രൂപപ്പെടുത്തുന്നതിലും ‘ഗള്‍ഫ് മാധ്യമം’ നടത്തുന്ന പ്രചോദനാത്മകമായ പ്രവര്‍ത്തനങ്ങളുടെ തുടർച്ചയാണ് ‘ബോസസ് ഡേ ഔട്ട്’. നേതൃത്വം എന്നത് ഒരു പദവി മാത്രമല്ല. വളർച്ചയുടെയും അനുരൂപീകരണത്തിന്റെയും പ്രചോദനത്തിന്റെയും തുടർച്ചയായ യാത്രയാണിത്. ദ്രുതഗതിയിലുള്ളതും എപ്പോഴും മാറിക്കൊണ്ടിരിക്കുന്നതുമായ ബിസിനസ് ലാൻഡ്സ്കേപ്പിന് ദർശനം മാത്രമല്ല, പൊരുത്തപ്പെടാനും നൂതനവും പ്രചോദനാത്മകവുമായ നേതാക്കളെ ആവശ്യമുണ്ട്.
‘ഗൾഫ് മാധ്യമം’ അവതരിപ്പിക്കുന്ന ‘ബോസസ് ഡേ ഔട്ട്’ എന്ന പരിപാടിയുടെ ഭാഗമാകാന്‍ സാധിച്ചതില്‍ ഖത്തർ ഐ.ബി.പി.സിയുടെ ചെയര്മാന് എന്ന നിലയിലും എ.ബി.എൻ കോർപറേഷന്റെ ചെയര്‍മാനെന്ന നിലയിലും ഞാന്‍ അഭിമാനിക്കുന്നു. പരിവർത്തനമാണ് ഫലപ്രദമായ നേതൃത്വത്തിന്റെ കാതൽ. മാറ്റത്തെ ഉൾക്കൊള്ളാനും നിലവിലുള്ള അവസ്ഥയെ വെല്ലുവിളിക്കാനും മറ്റുള്ളവരെ അവരുടെ ഏറ്റവും ഉയർന്ന കഴിവിൽ എത്താൻ പ്രചോദിപ്പിക്കാനുമുള്ള സന്നദ്ധതയോടെയാണ് ‘ബോസസ് ഡേ ഔട്ട്’ എന്ന ഈ പരിപാടി ആരംഭിക്കുന്നത്ബിസിനസ് ലാൻഡ്സ്കേപ് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. നേതാക്കളെന്ന നിലയിൽ, പുതുമകൾ സ്വീകരിക്കാനും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താനുമുള്ള കഴിവ് മുന്നോട്ടു പോകുന്നതിന് നിർണായകമാണ്. നമ്മുടെ ബിസിനസുകളെ മുന്നോട്ടു നയിക്കാൻ കഴിയുന്ന പുതിയ ആശയങ്ങളും തന്ത്രങ്ങളും പര്യവേക്ഷണം ചെയ്യാൻ ഈ അവസരം ഉപയോഗിക്കാം.
വിജയിച്ച ഓരോ നേതാവിന്റെയും കാതൽ വ്യക്തമായ കാഴ്ചപ്പാടും ശക്തമായ ലക്ഷ്യബോധവുമാണ്. ലക്ഷ്യബോധം നമ്മെ നയിക്കുക മാത്രമല്ല, ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. ഈ ‘സമ്പൂർണ പരിവർത്തനത്തിനായുള്ള ദിനം’ നമ്മെയെല്ലാം മികച്ച നേതാക്കളും നവീനരും സഹകാരികളും ആകാൻ പ്രചോദിപ്പിക്കട്ടെ - ജെ.കെ. മേനോന് (എ.ബി.എൻ കോർപറേഷന് ചെയര്മാന്)
‘ബോസസ് ഡേ ഔട്ട്; ഗുഡ് ഐഡിയ’
സംരംഭകയും സാങ്കേതികവിദ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീ എന്ന നിലയിലും ഞാൻ എപ്പോഴും ബിസിനസ് പ്ലാനുകളും പുതിയ സേവനങ്ങളും അല്ലെങ്കിൽ ഉപഭോക്തൃ ആവശ്യകതയെ അടിസ്ഥാനമാക്കിയുള്ള ഉൽപന്ന വികസനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ വഴിതെളിയിക്കാൻ ‘ബോസസ് ഡേ ഔട്ട്’ പോലെയുള്ള ലീഡർഷിപ് പരിശീലനപരിപാടികൾ നിർണായകമാകും. വെല്ലുവിളികൾ മനസ്സിലാക്കുന്നതിനും തടസ്സങ്ങൾ മറികടക്കുന്നതിനും ഇത് പ്രധാനമാണ്. ഇത്തരം ഒത്തുചേരലിലൂടെ അനുഭവങ്ങൾ പങ്കുവെക്കാനും വിജയം വരിച്ച പ്രഫഷനലുകളിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കാനും കഴിയും. വിജയിച്ച ലീഡേഴ്സിന്റെ അനുഭവങ്ങൾ, അവരുടെ ഉപദേശങ്ങൾ, തന്ത്രങ്ങൾ എന്നിവ കേൾക്കാനുള്ള ഒരു മികച്ച അവസരമാണ് ഇതുപോലെയുള്ള ലീഡർഷിപ് കോൺഫറൻസുകൾ. പല കാര്യങ്ങൾ പഠിച്ചെടുക്കാനുള്ള താൽപര്യം പോലെ തന്നെ, മറ്റുള്ളവരെ അവരുടെ നേതൃത്വത്തിലേക്ക് നയിക്കുന്നതിൽ സഹായിക്കാനം പ്രചോദനം പകരാനും ഞാൻ ശ്രമിക്കുന്നു. ‘ബോസസ് ഡേ ഔട്ട്’ ഒരു മികച്ച ആശയമായി തോന്നുന്നു. മറ്റ് ബിസിനസ് ലീഡേഴ്സിനൊപ്പമിരുന്ന് അവരുടെ അനുഭവങ്ങളിൽ നിന്ന് അറിവ് ഉൾക്കൊള്ളാനും വളരാനും തിരുത്താനുമെല്ലാം അവസരം നൽകുന്നു - ഹിബ ജെ സയർ ( മാനേജിങ് ഡയറക്ടർ-പോപ് അപ്)
അർഫീൻ ഖാനെ കേൾക്കാൻ
അർഫീൻ ഖാന്റെ സാന്നിധ്യം ഏറെ ശ്രദ്ധേയം. സെലിബ്രിറ്റി മെന്ററും ട്രെയിനറും എന്ന നിലയിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ സെഷനായി കാത്തിരിപ്പിലാണ്. ഒരു കോർപറേറ്റ് ട്രെയിനർ ആയി വളരാൻ ആഗ്രഹിക്കുന്ന ഞാൻ ‘ഗൾഫ് മാധ്യമം’ ബോസസ് ഡേ ഔട്ടിൽ നിന്നും ഏറെ പ്രതീക്ഷിക്കുന്നു -ഇമ്രാൻ അഹമ്മദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.