ബോസസ് റീ ലോഡഡ്
text_fieldsദോഹ: തിരക്കേറിയ ദൈനംദിന ജീവിതത്തിനിടയിൽനിന്നും, എല്ലാത്തിനോടും അവധിപറഞ്ഞ് ഒരു പകൽസമയം ഒന്നിച്ചിരുന്നവർക്ക് വിജയപാതകളിലേക്ക് പുതു ഉന്മേഷം പകർന്ന് ‘ഗൾഫ് മാധ്യമം’ ബോസസ് ഡേ ഔട്ടിന് പ്രൗഢഗംഭീര കൊടിയിറക്കം. ലുസൈൽ മറീനയിലെ പഞ്ചനക്ഷത്ര വേദിയായ റാഫ്ൾസ് ഫെയർമോണ്ട് ദോഹയിലെ കതാറ ഹാളിൽ നിറഞ്ഞു കവിഞ്ഞ 350ഓളം ലീഡേഴ്സിനു മുന്നിൽ പ്രഗത്ഭരായ പരിശീലകർ വിവിധ വിഷയങ്ങളിൽ സെഷനുകൾക്ക് നേതൃത്വം നൽകി.
രാവിലെ 9.30ന് ഇന്ത്യയുടെയും ഖത്തറിന്റെയും ദേശീയ ഗാനങ്ങളുയർന്നുകൊണ്ടായിരുന്നു പരിപാടിയുടെ തുടക്കം. തുടർന്ന്, ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ‘ബോസസ് ഡേ ഔട്ട്’ ഉദ്ഘാടനം നിർവഹിച്ചു. പ്രസിദ്ധീകരണത്തിന്റെ 25 വർഷം പിന്നിടുന്ന ഗൾഫ് മാധ്യമത്തിന്റെ പ്രവാസ മാധ്യമ പ്രവർത്തനത്തെ അദ്ദേഹം അഭിനന്ദിച്ചു. ഖത്തറിലെയും ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ കമ്യൂണിറ്റിയുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി വേറിട്ട ആശയങ്ങൾ അവതരിപ്പിക്കുന്ന ഗൾഫ് മാധ്യമത്തിന്റെ ബോസസ് ഡേ ഔട്ടും അത്തരമൊന്നാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിദഗ്ധരെ തന്നെ ഖത്തറിലെത്തിച്ച തീരുമാനത്തെയും പ്രശംസിച്ചു. ഇന്ത്യയും ഖത്തറും തമ്മിൽ വ്യാപാര-വാണിജ്യ മേഖലയിൽ ശക്തമായ സഹകരണം നിലനിർത്തുന്ന വേളയിൽ ബിസിനസ് മേഖലയിലെ ലീഡേഴ്സിനുള്ള പരിശീലന പരിപാടിയായി ബോസസ് ഡേ ഔട്ട് മാറുമെന്നും പറഞ്ഞു. ഗൾഫ് മാധ്യമം മിഡിലീസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ സ്വാഗതം പറഞ്ഞു.
സീഷോർ കേബ്ൾസ് ഡിവിഷനൽ മാനേജർ നിഷാദ് മുഹമ്മദ് അലി, ഐ.ബി.പി.സി പ്രസിഡന്റ് ജാഫർ സാദിഖ്, എവറസ്റ്റ് കീഴടക്കിയ ആദ്യ ഖത്തരി പൗരൻ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനി, ഖത്തർ നാഷനൽ കൺവെൻഷൻ സെന്റർ മേധാവി അഹ്മദ് അൽ അനൈസി, ഖത്തർ ഇസ്ലാമിക് ബാങ്ക് പ്രതിനിധി സൈദ് അൽ ഖൈറീൻ, ഖത്തർ ഫൗണ്ടേഷൻ പ്രതിനിധി ഖാസിബ അൽ സുലൈതി, ഫാതിമ അൽ മഅദിൻ, എച്ച്.എം.സി ലബോറട്ടറി സർവിസ് മാനേജർ റുല മിത്രി, അതാഫ് ഖസാം, ഗൾഫ് മാധ്യമം എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ഇ. അർഷദ്, ഗൾഫ് മാധ്യമം റീജനൽ മാനേജർ സാജിദ് ശംസുദ്ദീൻ എന്നിവർ പങ്കെടുത്തു. അംബാസഡർക്കുള്ള ഉപഹാരം ഇ. അർഷദ്, ആശിഷ് വിദ്യാർഥിക്കുള്ള ഉപഹാരം ഗൾഫ് മാധ്യമം ഗ്ലോബൽ ഹെഡ് -ബിസിനസ് ഓപറേഷൻസ് മുഹമ്മദ് റഫീഖ്, അർഫീൻ ഖാനുള്ള ഉപഹാരം സീഷോർ ജനറൽ മാനേജർ നിസാം മുഹമ്മദ് അലി എന്നിവർ സമ്മാനിച്ചു.
ഉദ്ഘാടനത്തിനു പിന്നാലെ ‘മൈൻഡ് ഹാക്കിങ് സീക്രട്ട്സ് ഫോർ ബോസസ്’ എന്ന വിഷയത്തിൽ അർഫീൻ ഖാൻ, സാനിധ്യ തുൾസിനന്ദൻ (ബി ആൻ എ എ.ഐ ബോസ്), ആശിഷ് വിദ്യാർഥി (നെക്സ്റ്റ് ലെവൽ ബോസ്) എന്നിവർ സെഷനുകൾ നയിച്ചു. ഖത്തറിലെ മുൻനിര കോർപറേറ്റ്- ബിസിനസ് സ്ഥാപനങ്ങളുടെ മേധാവികൾ, മാനേജ്മെന്റ് ഭാരവാഹികൾ ഉൾപ്പെടെ പ്രമുഖരാണ് രാവിലെ 9.30 മുതൽ ഉച്ച മൂന്ന് വരെ നീണ്ട ‘ബോസസ് ഡേ ഔട്ടിൽ’ പങ്കെടുത്തത്.
‘ഉൾക്കാഴ്ച പകർന്ന ബോസസ് ഡേ ഔട്ട്’
ദോഹ: എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഖത്തരി എന്ന റെക്കോഡിന് ഉടമയാണ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനി. വെല്ലുവിളികളെ അതിജീവിച്ച് എവറസ്റ്റിന്റെ ഉച്ചിയിലെത്തുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ കൊടുമുടികൾ കീഴടക്കുകയും ചെയ്ത സാഹസിക പ്രേമി. ലോകത്തെ ഏറ്റവും ഉയരം കൂടിയ ഏഴ് കൊടുമുടികളും, തണുത്തുറയുന്ന ദക്ഷിണ ധ്രുവവും കാൽകീഴിലാക്കി റെക്കോഡുകൾ കുറിച്ച ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനിയുടെ സാന്നിധ്യമായിരുന്നു ഗൾഫ് മാധ്യമം ബോസസ് ഡേ ഔട്ടിനെ ധന്യമാക്കിയത്. രാവിലെ മുതൽ ഉച്ച വരെ സെഷനുകളിൽ സജീവസാന്നിധ്യമായി പങ്കെടുത്ത അദ്ദേഹം ബോസസ് ഡേ ഔട്ടിന്റെ സംഘാടനത്തെയും പ്രഭാഷണങ്ങളെയും പ്രശംസിച്ചു.
‘ശ്രദ്ധേയമായിരുന്നു ബോസസ് ഡേ ഔട്ട്. ആദ്യ സെഷൻ തന്നെ ആകർഷകമായി. പ്രതീക്ഷിച്ചതിലും മികച്ച അനുഭവവും പാഠങ്ങളും സമ്മാനിക്കുന്നതായി അർഫീൻ ഖാന്റെ സെഷൻ. കളിയും തമാശയുമായി തുടങ്ങിയ അർഫീന്റെ വാക്കുകൾ, മനസ്സും ഹൃദയവും തുറക്കുന്നതായിരുന്നു. മനസ്സുകൊണ്ട് തീരുമാനങ്ങൾ എടുക്കുന്നതിനു പകരം, ഹൃദയംകൊണ്ട് ചിന്തിക്കുക എന്ന സന്ദേശം പുതിയ ജീവിതത്തിന് ഊർജം പകരുന്നതാണ്’ - പരിപാടിക്കുശേഷം ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽഥാനി പ്രതികരിച്ചു.
താരമായി ആശിഷ് വിദ്യാർഥി
ദോഹ: വെള്ളിത്തിരയിൽനിന്നും താരപ്രഭയോടെയായിരുന്നു ആശിഷ് വിദ്യാർഥിയുടെ ബോസസ് ഡേ ഔട്ട് വേദിയിലേക്കുള്ള രംഗപ്രവേശം. ചലച്ചിത്ര േവ്ലാഗ് ജീവിതം സ്റ്റേജിലെ സ്ക്രീനിൽ തെളിഞ്ഞുകടന്നുപോയ മിനിറ്റുകൾക്കൊടുവിൽ നിറഞ്ഞ കൈയടിയുടെ അകമ്പടിയോടെ ആശിഷ് വേദിയിലേക്ക് നീങ്ങുമ്പോൾ സ്പോട്ട് വെളിച്ചം ആനയിച്ചു. ‘2024, നെക്സ്റ്റ് ലെവൽ ബോസസ്’ എന്ന വിഷയത്തിലായിരുന്നു പ്രചോദനം പകരുന്ന വാക്കുകളിലൂടെ അദ്ദേഹം തനിക്കു മുന്നിലിരുന്ന ബോസുമാരെ നയിച്ചത്.
മലയാള സിനിമയിൽ തന്റെ ഹിറ്റ് ചിത്രമായ സി.ഐ.ഡി മൂസയും ഏറ്റവും അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദി ചിത്രവും തമ്മിലൊരു താരതമ്യത്തിലൂടെ കേൾവിക്കാരനെ ആകർഷിച്ചുകൊണ്ടായിരുന്നു തുടക്കം. തന്റെ സിനിമ പ്രഫഷനൽ ജീവിതവും യാത്രകളും, േവ്ലാഗിങ്ങും ഉൾപ്പെടെ ജീവിതത്തിലെ അനുഭവങ്ങളെ കൂടി കോർത്തിണക്കി പ്രചോദനം നൽകുന്ന വാക്കുകളിലൂടെയായിരുന്നു പ്രിയ നടന്റെ സംഭാഷണം.
പ്രതികൂല സാഹചര്യങ്ങളിൽ തളർന്നു പോകാതെ, കഴിഞ്ഞ സംഭവങ്ങളിൽ പകച്ചു നിൽക്കാതെ ഇന്നത്തെ ആവശ്യങ്ങളിൽ ജീവിക്കണമെന്ന സന്ദേശം അദ്ദേഹം പകർന്നു. ഒരു മണിക്കൂറിലേറെ നീണ്ട സെഷനുശേഷം, സദസ്സുമായി സംവദിക്കാനും ആശിഷ് വിദ്യാർഥി സമയം കണ്ടു. വിവിധ സംശയങ്ങൾ ഉന്നയിച്ചും വ്ലോഗിങ്, സിനിമ, യാത്ര, ജീവിതം തുടങ്ങിയ വിഷയങ്ങളിൽ തന്റെ അനുഭവം പങ്കുവെച്ചും അദ്ദേഹം സംവദിച്ചു.
ഹൃദയംകൊണ്ട് സംവദിച്ച് അർഫീൻ
ദോഹ: ബോസസ് ഡേ ഔട്ടിലെ ആദ്യ സെഷനിൽ മൈൻഡ് ഹാക്കിങ് രഹസ്യങ്ങളുടെ ചുരുളഴിച്ചുകൊണ്ടായിരുന്നു ബോളിവുഡ് താരങ്ങളുടെ സ്വന്തം സെലിബ്രിറ്റി മെൻറർ അർഫീൻ ഖാൻ എത്തിയത്. മിന്നൽവേഗത്തിൽ നിർണായക തീരുമാനങ്ങൾ ആവശ്യമായ ബിസിനസ് നായകർക്ക് മുന്നിൽ, നിങ്ങൾ മനസ്സുകൊണ്ടല്ല, ഹൃദയം ചേർത്തുവെച്ച് തീരുമാനമെടുക്കൂ എന്ന സന്ദേശവുമായി അദ്ദേഹം ഒന്നര മണിക്കൂർ സംവദിച്ചപ്പോൾ, ഹൃദ്യമായി തന്നെ സദസ്സ് ആ സന്ദേശം ഏറ്റെടുത്തു.‘ആരാണ് നിങ്ങൾ...?’- വ്യക്തിത്വത്തെ കുറിച്ചുള്ള വലിയ ചോദ്യം സദസ്സിലേക്ക് എറിഞ്ഞ്, അഭിപ്രായം ആരാഞ്ഞായിരുന്നു ശ്രദ്ധേയമായ സെഷന്റെ തുടക്കം. എൻജിനീയറും ബിസിനസുകാരനും മാനേജറും വിശ്വാസിയും ശുഭാപ്തിവിശ്വാസക്കാരനുമായും മറുപടികൾ നൽകി സദസ്സ് ഓരോരുത്തരെയും വിശേഷിപ്പിച്ചു. എന്നാൽ, എല്ലാ ഉത്തരങ്ങൾക്കുമുപരി , വ്യക്തിത്വത്തിലേക്ക് ഓരോരുത്തരെയും നയിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു.
ലോകത്തെ എന്തിനേക്കാളും വിലപ്പെട്ട ഒന്നായി ഹൃദയത്തെ ചേർത്തുപിടിച്ചുകൊണ്ടുള്ള ചിന്തകൾ കേൾവിക്കാരിലേക്ക് പകർന്നു. സദസ്സിലേക്കിറങ്ങിച്ചെന്ന്, ഏറെ വൈകാരികമായ ചിന്തകളിലേക്കും അനുഭവങ്ങളിലേക്കും കേൾവിക്കാരനെ കൊണ്ടുപോയി വ്യക്തിത്വ പരിശീലനത്തിന്റെ വേറിട്ട അനുഭവം സദസ്സിനു പകർന്നു. മനസ്സിനെ പിടിച്ചുനിർത്തി, ഹൃദയംകൊണ്ട് സംസാരിപ്പിച്ച നിമിഷങ്ങളെന്നായിരുന്നു ഒന്നര മണിക്കൂർ നീണ്ട സെഷനെ കുറിച്ച് ഒരു അംഗം പരാമർശിച്ചത്.
നിർമിതബുദ്ധിയുടെ അനന്തസാധ്യതകളുമായി സാനിധ്യ
ദോഹ: മാറിമാറി വരുന്ന സാങ്കേതിക വിദ്യകളെ എങ്ങനെ അതിവേഗത്തിൽ ഉൾകൊള്ളണം, നിർമിതബുദ്ധിയുടെ അനന്തസാധ്യതകളെ എങ്ങനെ വ്യാപാര-വ്യവസായ മേഖലയുടെ മാറ്റങ്ങൾക്ക് ഉപയോഗപ്പെടുത്തണം എന്ന ചിന്തകൾക്ക് അടിത്തറ പാകി സൂപ്പർ ബ്രെയിൻ സ്ഥാപകനും നിർമിതബുദ്ധിയിലെ വിദഗ്ധനുമായ സാനിധ്യ തുൾസിനന്ദന്റെ സെഷൻ. ‘ബി ആൻ എ.ഐ ബോസ്’ എന്ന തലക്കെട്ടിലായിരുന്നു അറിവുകളുടെ ഭണ്ഡാരം തുറന്നുകൊണ്ട് സാനിധ്യ വേദിയിലെത്തിയത്. വിവരസാങ്കേതിക വിദ്യാ വിസ്മയമായി കമ്പ്യൂട്ടറിന്റെയും ഇന്റർനെറ്റിന്റെയും ചരിത്രം മുതൽ ഗ്രാഫിക് അവതരണത്തിലൂടെ തുടങ്ങിയ അദ്ദേഹം സദസ്സിനെ അതിവേഗം നിർമിതബുദ്ധിയുടെ മായാലോകത്തേക്ക് നയിച്ചു.
മഞ്ഞുപെയ്യുന്ന സൂഖ് വാഖിഫിനെയും, റാഫ്ൾസ് ഫെയർമോണ്ട് ഹോട്ടൽ ഉൾക്കൊള്ളുന്ന കതാറ ടവറിനെ പാരീസിലേക്ക് സ്ഥാപിച്ചും സദസ്സിൽനിന്നുള്ള ഭാവനാ നിർദേശങ്ങൾ എ.ഐ ടൂൾ ഉപയോഗിച്ച് അതേപടി പകർത്തിയപ്പോൾ നിലക്കാത്ത കൈയടിയായി. ഇന്ത്യയുടെ ഖുതുബ് മീനാറിനെ പ്ലാറ്റിനം നിർമിതിയിൽ പർവതത്തിനു മുകളിൽ സ്ഥാപിച്ചും എ.ഐയുടെ ഡിസൈൻ സാധ്യതകൾ സദസ്സിന് പരിചയപ്പെടുത്തി. ചാറ്റ് ജി.പി.ടി, മിഡ് ജേണി, ഫിഗ് ജാം, സാപിയർ, മേക് ഡോട് കോം തുടങ്ങിയ എ.ഐ ടൂളുകളും അവയുടെ ഉപയോഗവുമെല്ലാം വിവരിക്കുന്നതായിരുന്നു വൈവിധ്യമാർന്ന സെഷൻ. ബിസിനസിലെയും തൊഴിലിടങ്ങളിലെയും ഓട്ടോമേഷനിൽ എ.ഐയുടെ സാധ്യതകളിലേക്ക് വെളിച്ചം വീശുന്ന സെഷൻ സദസ്സ്യരുടെ ചോദ്യോത്തരങ്ങളോടെ സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.