സ്തനാർബുദ ബോധവത്കരണവും മെഡിക്കൽ ക്യാമ്പും
text_fieldsദോഹ: സ്തനാർബുദ ബോധവത്കരണത്തിന്റെ ഭാഗമായി സ്ത്രീകൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഐ.സി.ബി.എഫ്. നൂറോളം ഗാർഹിക ജീവനക്കാർ ഉൾപ്പെടെ 320ഓളം വനിതകൾ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു. ഐ.സി.ബി.എഫ് 40ാം വാർഷിക പരിപാടികളുടെ ഭാഗമായി സി റിങ് റോഡിലെ റിയാദ മെഡിക്കൽ സെന്ററുമായി സഹകരിച്ചു നടത്തിയ ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷനായിരുന്നു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, റിയാദ മെഡിക്കൽ സെന്റർ മാനേജിങ് ഡയറക്ടർ ജംഷീർ ഹംസ എന്നിവർ സംസാരിച്ചു.
ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കൽ ക്യാമ്പ് കോഓഡിനേറ്ററുമായ ടി.കെ. മുഹമ്മദ് കുഞ്ഞി ചടങ്ങുകൾ ഏകോപിപ്പിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത് സ്വാഗതവും സെറീനാ അഹദ് നന്ദിയും പറഞ്ഞു.
ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇ.എൻ.ടി, ഡെന്റൽ കെയർ, ബ്രെസ്റ്റ് സ്ക്രീനിങ്, ഫിസിയോതെറപ്പി തുടങ്ങി വിവിധ മേഖലകളിൽ ഡോക്ടർമാരുടെയും വിദഗ്ധരുടെയും സേവനം ലഭ്യമായിരുന്നു. കൊളസ്ട്രോൾ, രക്തസമ്മർദം, ബ്ലഡ് ഷുഗർ, നേത്ര പരിശോധന എന്നിവ ഉൾപ്പെടെ ലബോറട്ടറി പരിശോധനകളും, കൂടാതെ ആവശ്യമായ മരുന്നുകളും ക്യാമ്പിൽ ലഭ്യമാക്കി.
ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, റിയാദ മെഡിക്കൽ സെന്റർ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ജീവനക്കാർ, കമ്യൂണിറ്റി വോളന്റിയർമാർ എന്നിവർ പങ്കെടുത്തു. ഡോ. വിജയലക്ഷ്മി സ്തനാർബുദ ബോധവത്കരണ ക്ലാസ് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.