സ്തനാർബുദ ഗവേഷണം: സഹായവുമായി ഖത്തർ എയർവേസ് ജീവനക്കാർ
text_fieldsദോഹ: സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്‍റെ ഭാഗമായി അർബുദ ഗവേഷണത്തിനുള്ള സാമ്പത്തിക പിന്തുണ നൽകുന്നതിന് ഖത്തർ എയർവേസ് ജീവനക്കാർ പിരിച്ചത് 287,000 റിയാൽ.
'തിങ്ക് പിങ്ക്' പ്രമേയമായി സ്തനാർബുദ ബോധവത്കരണ മാസാചരണവുമായി ബന്ധപ്പെട്ട് ഖത്തർ കാൻസർ സൊസൈറ്റിക്ക് സഹായവുമായാണ് ഖത്തർ എയർവേസ് ഗ്രൂപ് ജീവനക്കാർ രംഗത്തെത്തിയത്.
സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി ജീവനക്കാർക്കിടയിൽ മെഡിക്കൽ ജീവനക്കാരുടെ സഹകരണത്തോടെ വ്യത്യസ്തമായ പരിപാടികളും സംഘടിപ്പിച്ചു. ഗ്രൂപ്പിലെ വനിത ജീവനക്കാർക്കായി കിങ് ഹുസൈൻ കാൻസർ ഫൗണ്ടേഷൻ ആൻഡ് സെൻററുമായി സഹകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടിയും ശിൽപശാലയും നടത്തി. ജീവനക്കാർക്ക് സൗജന്യ അൾട്രാ സൗണ്ട് സ്കാൻ ചെക്കപ്പും കാമ്പയിന്റെ ഭാഗമായി നടത്തി. നിരന്തര പരിശോധന, നേരത്തേ രോഗം കണ്ടെത്തി കാൻസറിനെ പ്രതിരോധിക്കൽ തുടങ്ങിയവയുടെ പ്രാധാന്യം വിശദീകരിച്ച് ബോധവത്കരണ സന്ദേശങ്ങളും ജീവനക്കാർക്കിടയിൽ പ്രചരിപ്പിച്ചു. റൈഡ് ഫോർ പിങ്ക് സ്പിൻ ബൈക്ക് ചാലഞ്ച്, വനിതകൾക്കായുള്ള യോഗ സെഷൻ, ചാരിറ്റി ബസാർ, ബേക്ക് സെയിൽ ഫണ്ട് റെയ്സിങ് ഇവൻറ്, ഹാൻഡ് മെയ്ഡ് പെയിൻറിങ്സ് ആൻഡ് ആർട്ട്വർക്ക്, ഹെന്ന ഡിസൈൻസ്, ഫുഡ് സ്റ്റേഷൻ, പ്രശ്നോത്തരി, ലേലം, റാഫിൾ ഡ്രോ തുടങ്ങിയ വ്യത്യസ്ത പരിപാടികളും ഖത്തർ എയർവേസ് ഗ്രൂപ് ജീവനക്കാർക്കായി നടത്തി.
തുടർച്ചയായ ഏഴാം വർഷമാണ് ഖത്തർ എയർവേസ് സ്തനാർബുദ ബോധവത്കരണ മാസാചരണ ഭാഗമാകുന്നതെന്ന് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു. ഖത്തർ എയർവേസ് കുടുംബം ഒരിക്കൽക്കൂടി സ്തനാർബുദ പ്രതിരോധ മേഖലയിൽ അതിന്റെ പ്രതിബദ്ധത ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾക്കിടയിലും ഗ്രൂപ് ജീവനക്കാർ വലിയൊരു തുക ഖത്തർ കാൻസർ സൊസൈറ്റിക്കായി ശേഖരിച്ചിരിക്കുകയാണെന്നും അൽ ബാകിർ കൂട്ടിച്ചേർത്തു.
തങ്ങളുടെ ബ്ലോസം കാമ്പയിന് അകമഴിഞ്ഞ പിന്തുണ നൽകിയ ഖത്തർ എയർവേസ് ഗ്രൂപ്പിന് നന്ദി അറിയിക്കുകയാണെന്ന് ഖത്തർ കാൻസർ സൊസൈറ്റി ചെയർമാൻ ശൈഖ് ഡോ. ഖാലിദ് ബിൻ ജബർ ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.