സുരക്ഷയൊരുക്കാൻ ബ്രിട്ടീഷ് സൈന്യമെത്തും
text_fieldsദോഹ: നവംബർ–ഡിസംബർ മാസങ്ങളിലായി ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാള്‍ ടൂർണമെൻറിന് സുരക്ഷയൊരുക്കാൻ ബ്രിട്ടന്‍റെ റോയൽ എയർഫോഴ്സും റോയൽ നേവിയുമെത്തും.
ബ്രിട്ടീഷ് പ്രതിരോധ വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ബ്രിട്ടീഷ് സന്ദർശനത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി അമീർ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ലോകകപ്പ് ടൂർണമെൻറ് അഭിമുഖീകരിക്കുന്ന വെല്ലുവിളികളും ഭീഷണികളും നേരിടുന്നതിനും ഭീകരതയെ പ്രതിരോധിക്കുന്നതിനുമായി ഖത്തറിന് പിന്തുണയുമായി ബ്രിട്ടനുണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
റോയൽ നേവിയുടെ പിന്തുണയോടെയുള്ള സമുദ്ര സുരക്ഷ, വേദികളിലെ പരിശോധന പരിശീലനം, ഓപറേഷൻ ആസൂത്രണം, കമാൻഡ് ആൻഡ് കൺട്രോൾ സപ്പോർട്ട് എന്നിവയുൾപ്പെടുന്നതായിരിക്കും ബ്രിട്ടീഷ് സേനയുടെ പ്രവർത്തന മേഖല. റോയൽ എയർഫോഴ്സും ഖത്തർ അമീരി എയർഫോഴ്സും ചേരുന്ന 12 സ്ക്വാഡ്രോൺ എന്ന പേരിലറിയപ്പെടുന്ന സംയുക്ത ടൈഫൂൺ സ്ക്വാഡ്രോൺ ഖത്തരി ആകാശത്ത് സുരക്ഷവലയം തീർക്കും. 2018 ജൂണിൽ രൂപവത്കരിച്ചത് മുതൽ ബ്രിട്ടനിലും ഖത്തറിലുമായി 12 സ്ക്വാഡ്രോൺ പരിശീലനം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഖത്തറിലെത്തുന്ന കളിപ്രേമികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ടൂർണമെൻറ് ആസ്വദിക്കുന്നതിനുമായി ഖത്തർ ആകാശത്ത് ഖത്തറിന്‍റെയും ബ്രിട്ട െൻറയും വ്യോമസേന സുരക്ഷ ശക്തമാക്കുമെന്നും ടൂർണമെൻറ് കാലയളവിൽ സംയുക്ത സ്ക്വാഡ്രോൺ വ്യോമ സുരക്ഷ വലയം തീർക്കുമെന്നും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് എം.പി പറഞ്ഞു.
അതേസമയം, ലോകകപ്പ് വേളയിൽ ഖത്തർ വ്യോമസുരക്ഷയുടെ പൂർണ ഉത്തരവാദിത്തവും മേൽനോട്ടവും ഖത്തരി അമീരി വ്യോമസേനക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് ഞങ്ങളുടെ പ്രതിരോധ, സൈനിക പങ്കാളിത്തത്തിന്റെ പ്രകടനമാണെന്നും വാലസ് സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.