ലണ്ടനിലും ശ്രദ്ധേയമായി ബുഥൈനയുടെ ഖത്തർ ലോകകപ്പ് പോസ്റ്റർ
text_fieldsദോഹ: ഖത്തർ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്റർ ലണ്ടനിലെ ദി ഡിസൈൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചു. മ്യൂസിയത്തിലെ 'ഫുട്ബാൾ: ഡിസൈനിങ് ദി ബ്യൂട്ടിഫുൾ ഗെയിം' എക്സിബിഷനിലാണ് പോസ്റ്റർ ഉൾപ്പെടുത്തിയത്. മ്യൂസിയത്തിൽ നടന്ന പ്രകാശന ചടങ്ങിൽ പോസ്റ്റർ രൂപകൽപന ചെയ്ത ബുഥൈന അൽ മുഫ്ത, ഫിഫ ലോകകപ്പ് ഖത്തർ 2022 അംബാസഡറും ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസവുമായ ഡേവിഡ് ബെക്കാം എന്നിവർ പങ്കെടുത്തു.
ലോകകപ്പിന്റെ പ്രധാന പോസ്റ്റർ രൂപകൽപന ചെയ്തതിന് പിന്നിലെ പ്രചോദനം ബുഥൈന അൽ മുഫ്ത വിശദീകരിക്കുകയും കൈയൊപ്പ് ചാർത്തിയ പോസ്റ്റർ മ്യൂസിയത്തിന് സമ്മാനിക്കുകയും ചെയ്തു.
ലണ്ടനിലെ പ്രശസ്തമായ ഡിസൈൻ മ്യൂസിയത്തിൽ തന്റെ പോസ്റ്റർ പ്രദർശനത്തിന് വെച്ചതിൽ ഏറെ അഭിമാനിക്കുന്നതായും കലാ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിലൊന്നാണിതെന്നും അൽ മുഫ്ത പറഞ്ഞു. പ്രധാന പോസ്റ്ററിനൊപ്പം മറ്റു ഏഴ് ചിത്രങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഖത്തറിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന ലോകകപ്പിന്റെ ഔദ്യോഗിക പോസ്റ്ററുമായി ഖത്തറിനെ പ്രതിനിധീകരിക്കുന്ന നിമിഷങ്ങളെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ ആദരവുകളിലൊന്നാണിതെന്നും അവർ വ്യക്തമാക്കി.
ലണ്ടനിലെ ഡിസൈൻ മ്യൂസിയം സന്ദർശിക്കാൻ സാധിച്ചതിലും ലോകകപ്പ് ഔദ്യോഗിക പോസ്റ്ററും പോസ്റ്റർ രൂപകൽപന ചെയ്തവരെ നേരിൽ കാണാൻ സാധിച്ചതിലും സന്തോഷം രേഖപ്പെടുത്തുന്നുവെന്ന് ഇംഗ്ലീഷ് ഫുട്ബാൾ ഇതിഹാസം ഡേവിഡ് ബെക്കാം പറഞ്ഞു. മൂന്ന് ലോകകപ്പുകളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച താരം കൂടിയാണ് ബെക്കാം. 1930 മുതൽ 2018 വരെയുള്ള ഫിഫ ലോകകപ്പ്, വനിത ലോകകപ്പ് ഫുട്ബാൾ പോസ്റ്ററുകൾ ഡിസൈൻ മ്യൂസിയത്തിലെ ഫുട്ബാൾ പ്രദർശനത്തിൽ നേരത്തെ പ്രദർശിപ്പിച്ചിരുന്നു. 2022ലെ ഔദ്യോഗിക പോസ്റ്ററും ഒപ്പമുള്ള ഏഴ് പോസ്റ്ററുകളും ഈ പ്രദർശനത്തിലെ ഏറ്റവും പുതിയ ഇനങ്ങളാണ്. ലുസൈൽ സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം എന്നിവയുടെ മാതൃകകളും ഡിസൈൻ മ്യൂസിയത്തിലുണ്ട്.
മിഡിലീസ്റ്റിലും അറബ് ലോകത്തുമായി ആദ്യമെത്തുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിന്റെ ഔദ്യോഗിക പോസ്റ്റർ ജൂൺ 15ന് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്.
ഖത്തറിലും അറബ് ലോകത്തും ഫുട്ബാൾ ആഘോഷങ്ങളുടെ ഭാഗമായി അറബികളുടെ പാരമ്പര്യ തലപ്പാവ് വലിച്ചെറിയുന്നതാണ് പോസ്റ്ററിൽ രൂപകൽപന ചെയ്തിരിക്കുന്നത്.
ഓരോ പോസ്റ്ററും ആഘോഷത്തെയും ഖത്തറിലെ ഫുട്ബാൾ ആവേശത്തെയും ആരാധനയെയുമാണ് സൂചിപ്പിക്കുന്നത്. പ്രധാന പോസ്റ്ററിലുള്ളത് പരമ്പരാഗത തലപ്പാവായ ഇഗൽ, ഗുത്റ എന്നിവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.