സൗരോർജമാണ് ഭാവി
text_fieldsദോഹ: സുസ്ഥിര ഊർജ പദ്ധതികൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2030ഓടെ രാജ്യത്തെ വൈദ്യുതി ആവശ്യത്തിന്റെ 30 ശതമാനവും സൗരോർജത്തിൽനിന്നായി മാറുമെന്ന് അധികൃതർ. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ കഹ്റാമയുടെ നാഷനൽ കൺട്രോൾ സെന്റർ സീനിയർ എൻജിനീയർ മുഹമ്മദ് സാലിഹ് അൽ അഷ്കർ ആണ് രാജ്യത്തിന്റെ പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗപ്പെടുത്തുന്നതിലെ മികവ് ചൂണ്ടിക്കാണിച്ചത്. അൽ ഖർസ സൗരോർജ പ്ലാന്റ് പ്രവർത്തനമാരംഭിച്ച് പുനരുപയോഗ ഊർജ പദ്ധതികൾ ആരംഭിച്ചുവെങ്കിലും രാജ്യത്തിന് ആവശ്യമായ വൈദ്യുതി ഉൽപാദനത്തിൽ ഏറെയും ആശ്രയിക്കുന്നത് വാതകത്തിൽ പ്രവർത്തിക്കുന്ന താപനിലയങ്ങളെയാണ്. ലോകകപ്പിന് മുമ്പായി പ്രവർത്തനം ആരംഭിച്ച അൽ ഖർസ പ്ലാന്റിലൂടെ നിലവിൽ വൈദ്യുതി ആവശ്യത്തിന്റെ ഏഴ് ശതമാനമാണ് സൗരോർജം. എന്നാൽ, ഭാവിയിൽ ഖത്തർ എനർജി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ കൂടുതൽ സൗരോർജ പ്ലാന്റുകൾ പ്രവർത്തനമാരംഭിക്കുകയും ഖത്തർ ദേശീയ വിഷന്റെ ഭാഗമായി 2030ഓടെ 30 ശതമാനം വരെ സൗരോർജമായി മാറുകയും ചെയ്യും -അൽ അഷ്കർ പഞ്ഞു.
2022 ഒക്ടോബറിലാണ് മിഡിലീസ്റ്റിലെ തന്നെ ഏറ്റവും വലിയ സോളാർ പ്ലാന്റായി അൽ ഖർസാ സൗരോർജ നിലയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഉദ്ഘാടനം ചെയ്തത്. 18 ലക്ഷത്തിലധികം സോളാർ പാനലുകൾ ഉപയോഗിച്ച് നിർമിച്ച്, 10 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ സ്ഥിതിചെയ്യുന്ന നിലയം മേഖലയിലെതന്നെ ഏറ്റവും വലുതാണ്. 1400 ഫുട്ബാൾ ഗ്രൗണ്ടുകൾക്ക് തുല്യമായ 10 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് പ്ലാന്റ് നിലകൊള്ളുന്നത്.
അടുത്ത രണ്ടു വർഷത്തിനുള്ളിൽ 880 മെഗാ വാട്ട് ശേഷിയിൽ രണ്ട് സൗരോർജ പദ്ധതികൾ പ്രവർത്തനക്ഷമമാകുമെന്ന് ഖത്തർ എനർജി പ്രതിനിധി മുഹമ്മദ് അൽ ഹരാമി ഈവർഷാദ്യം പ്രഖ്യാപിച്ചിരുന്നു. മിസൈദില് 410 മെഗാ വാട്ട് ശേഷിയിലും റാസ് ലഫാനില് 470 മെഗാ വാട്ട് ശേഷിയിലുമുള്ള രണ്ട് സൗരോർജ പ്ലാന്റുകൾ നിർമിക്കാനാണ് ഖത്തർ ഒരുങ്ങുന്നത്.
ഘട്ടംഘട്ടമായുള്ള പദ്ധതികളിലൂടെ സൗരോർജ ലഭ്യത അഞ്ച് ജിഗാ വാട്ടിലേക്ക് ഉയർത്തി 2035ഓടെ പ്രതിവർഷം 11 ദശലക്ഷം ടൺ കാർബൺ ബഹിർഗമനം കുറക്കുകയാണ് ലക്ഷ്യം.
ഗൾഫ് രാജ്യങ്ങളിലെ വൈദ്യുതിവിതരണം ബന്ധിപ്പിക്കുന്ന ജി.സി.സി ഗ്രിഡുമായി ഖത്തർ ബന്ധിപ്പിച്ചതായും, ഇത് രാജ്യത്ത് വൈദ്യുതി സ്ഥിരത ഉറപ്പാക്കുന്നതിൽ സുപ്രധാനമാണെന്നും അൽ അഷ്കർ പറഞ്ഞു. ശൈത്യകാലത്തെ അപേക്ഷിച്ച് ഊഷ്ണകാലങ്ങളിൽ രാജ്യത്തെ വൈദ്യുതി ഉപഭോഗം 50 ശതമാനത്തോളം ഇരട്ടിയായി വർധിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചൂടും ഹ്യുമിഡിറ്റിയും വർധിക്കുന്ന സാഹചര്യത്തിൽ വീടുകളിലെയും ഓഫിസുകളിലെയും മുഴുസമയ എ.സി ഉപയോഗം വൈദ്യുതി ഉപഭോഗം കൂടാനും ഇടയാക്കുന്നതായി അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.