സ്വകാര്യ തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം
text_fieldsദോഹ: സ്വകാര്യമേഖലയിലെ ജോലി സ്വദേശിവത്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച അമീരി ദിവാനിൽ നടന്ന കാബിനറ്റിന്റെ പതിവ് യോഗത്തിലാണ് കരട് നിയമത്തിന് തത്ത്വത്തിൽ അംഗീകാരം നൽകിയത്.
ഭൂകമ്പത്തിനിരയായ തുർക്കിയയിലെയും സിറിയയിലെയും സർക്കാറിനോടും ജനങ്ങളോടും മന്ത്രിസഭ ഐക്യദാർഢ്യവും അനുശോചനവും പ്രകടിപ്പിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും കാബിനറ്റ് ആശംസിച്ചു.
സ്വകാര്യജോലികൾ സ്വദേശിവത്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് അംഗീകാരം നൽകിയതോടൊപ്പം സ്വദേശിവത്കരണത്തിന് അനുവദിച്ച ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രത്യേക അവകാശങ്ങളും സംബന്ധിച്ച സ്വകാര്യമേഖല നിയമത്തിനും അംഗീകാരം നൽകി. ഓരോ തൊഴിൽ മേഖലയിലെയും ദേശസാൽകൃത ജോലികൾ ഏതെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.
നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി സ്ഥാപനങ്ങൾക്ക് നൽകാവുന്ന പ്രോത്സാഹനങ്ങളും ദേശസാത്കരണ നിരക്കുകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് അനുവദിക്കാവുന്ന സൗകര്യങ്ങളും പ്രത്യേകാവകാശങ്ങളും വിശദീകരിക്കുന്നു. ആ സ്ഥാപനങ്ങളിലെ സ്വദേശി തൊഴിലാളികൾക്ക് അനുവദിക്കാവുന്ന സാമ്പത്തിക ആനുകൂല്യങ്ങളും നിശ്ചയിക്കും.
അഴിമതിക്കെതിരായ യു.എൻ കൺവെൻഷനിലെ സ്റ്റേറ്റ് പാർട്ടികളുടെ കോൺഫറൻസിന്റെ 11-ാമത് സമ്മേളനത്തിന്റെ ക്രമീകരണം സംബന്ധിച്ച് ഭരണകൂടവും ഐക്യരാഷ്ട്രസഭയും തമ്മിലുള്ള കരട് കരാർ മന്ത്രിസഭ അവലോകനം ചെയ്തു. അറബ് ഗതാഗത മന്ത്രിമാരുടെ 35ാമത് സെഷന്റെ ഫലങ്ങളും വിലയിരുത്തി. ഔഖാഫ് ആൻഡ് ഇസ്ലാമികകാര്യ മന്ത്രിയുടെ തുർക്കിയ, യു.കെ സന്ദർശന ഫലങ്ങളും അവലോകനം ചെയ്തു.
തൊഴിൽ മുൻഗണന നിർവചിക്കുന്നതിനും തൊഴിൽ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഏഷ്യ, പസഫിക്, അറബ് രാജ്യങ്ങൾക്കുള്ള 17ാമത് മേഖല യോഗത്തിന്റെ ഫലങ്ങളും വിലയിരുത്തി.
ഈവർഷം ഒക്ടോബർ രണ്ടുമുതൽ 2024 മാർച്ച് 28 വരെ നടക്കുന്ന ‘ഹോർട്ടികൾച്ചറൽ എക്സ്പോ 2023 ദോഹ’യ്ക്ക് ആതിഥ്യം വഹിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ഒരുക്കത്തെക്കുറിച്ച് മുനിസിപ്പാലിറ്റി മന്ത്രി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.