മഴക്കാല മുൻകരുതലിന് മന്ത്രിസഭ നിർദേശം
text_fieldsദോഹ: മഴക്കാല പൂർവ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദേശം നൽകി ഖത്തർ മന്ത്രിസഭ യോഗം. ചൂടുകാലം മാറി മഴപെയ്യാനുള സാധ്യത കണക്കിലെടുത്ത് എല്ലാ വിഭാഗങ്ങളും ആവശ്യമായ തയാറെടുപ്പുകൾ നടത്തണമെന്നാണ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം നിർദേശം നൽകിയത്.
ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം, പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ എന്നിവർ ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകളോടാണ് ആവശ്യപ്പെട്ടത്. പ്രാദേശികവും അന്തർദേശീയവുമായി വിവിധ വിഷയങ്ങൾ മന്ത്രിസഭ യോഗം ചർച്ച ചെയ്തതായി നീതിന്യായ, കാബിനറ്റ് കാര്യ മന്ത്രി ഇബ്രാഹീം ബിൻ അലി അൽ മുഹന്നദി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞയാഴ്ച ദോഹയിൽ നടന്ന ഏഷ്യൻ കോഓപറേഷൻ ഡയലോഗ് ഉച്ചകോടിയിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി നിർവഹിച്ച പ്രസംഗത്തെ അഭിനന്ദിച്ചു. ഏഷ്യയുടെ സുരക്ഷക്കും മേഖലയിലെ രാജ്യങ്ങളായ ഫലസ്തീൻ, ലബനാൻ എന്നിവയുടെ താൽപര്യം മുൻനിർത്തിയുമുള്ള അമീറിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നതായി നിരീക്ഷിച്ചു.
ഖത്തർ ജനറൽ ഇലക്ട്രിസിറ്റി-വാട്ടർ കോർപറേഷന്റെ (കഹ്റാമ) ജല നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി, ശൂറാ കൗൺസിലിന്റെ പരിഗണനക്കായി നിർദേശിച്ചു. രാജ്യത്തിന്റെ ജലസുരക്ഷ ലക്ഷ്യംവെച്ചുള്ളതാണ് കഹ്റാമക്കു കീഴിൽ തയാറാക്കിയ പുതിയ നിയമം.
ജലസ്രോതസ്സുകൾ സംരക്ഷിക്കുക. വെള്ളം പാഴാവുന്നത് തടയുക, മലിനമാകാതിരിക്കുക തുടങ്ങിയവയാണ് പുതിയ നിയമം വഴി ലക്ഷ്യമിടുന്നത്. ജലസേവനങ്ങളുടെയും അവയുടെ ഉപയോഗങ്ങളുടെയും കാര്യക്ഷമത വർധിപ്പിക്കുക, ഗുണനിലവാരം ഉറപ്പാക്കുക, ശരിയായ അറ്റകുറ്റപ്പണിയും പ്രവർത്തനവും ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ജലനിയമത്തിൽ ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.