കൈറോ-ദോഹ; തിരക്കേറിയ വിമാനപാത
text_fieldsദോഹ: മേഖലയിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നായി ദോഹ- കൈറോ. ഒഫീഷ്യൽ എയർലൈൻ ഗൈഡി(ഒ.എ.ജി)ന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്തെ ഏറ്റവും തിരക്കുള്ള റൂട്ടുകളിൽ ആഫ്രിക്കൻ, മിഡിലീസ്റ്റ് മേഖലയിൽ കൂടുതൽ പേർ യാത്രചെയ്യുന്ന പാതയാണ് കൈറോ-ദോഹ സെക്ടർ.
ജൂണിൽ മാത്രം കൈറോ-ദോഹ വിമാനങ്ങളിൽ 1,07,568 സീറ്റുകളാണ് രേഖപ്പെടുത്തിയത്. ആഫ്രിക്കയിൽ ആറാം സ്ഥാനത്താണ് ഇത്. കൈറോ-ജിദ്ദ, കൈറോ-റിയാദ്, കൈറോ-കുവൈത്ത് എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്. നാലുലക്ഷം സീറ്റുകളാണ് കൈറോയിൽ നിന്നും ജിദ്ദയിലേക്ക് രേഖപ്പെടുത്തിയത്. ജൂൺ 15 മുതൽ ജൂലൈ 10 വരെ വേനൽ, പെരുന്നാൾ അവധിക്കാലത്തിന്റെ പശ്ചാത്തലത്തിൽ ഹമദ് വിമാനത്താവളം വഴി രാജ്യത്തേക്കും പുറത്തേക്കും യാത്രചെയ്യുന്ന പശ്ചാത്തലത്തിൽ ഈമാസവും തിരക്കു വർധിക്കും.
വേനൽകാലത്ത് മേഖലയിലേക്കുള്ള സന്ദർശകരുടെ എണ്ണവും വർധിക്കുമെന്നാണ് ഖത്തർ ടൂറിസം കണക്കു കൂട്ടൽ. 2023 ആദ്യ പകുതിയിൽ 15 ലക്ഷം സന്ദർശകർ എത്തുമെന്നാണ് ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽ ബാകിർ കഴിഞ്ഞദിവസം വ്യക്തമാക്കിയത്. സഞ്ചാരികളെ ആകർഷിക്കാനായി വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
ഒ.എ.ജി റിപ്പോർട്ട് പ്രകാരം ക്വാലാലംപൂർ -ചാങ്ഗി റൂട്ടാണ് ഏറ്റവും തിരക്കേറിയ ഇന്റർനാഷനൽ വിമാന സെക്ടർ. 4.17 ലക്ഷം സീറ്റുകളാണ് ജൂണിൽ ബുക്ക് ചെയ്തത്. കൈറോ-ജിദ്ദ രണ്ടും, ഹോങ്കോങ് -തായ്പെയ് മൂന്നും, ദുബൈ -റിയാദ് നാലും സ്ഥാനത്താണ്. മാസത്തിൽ ഏറ്റവും കൂടുതൽ എയർലൈൻസ് സീറ്റുകൾ ഷെഡ്യൂൾ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തിരക്കേറിയ റൂട്ടായി കണക്കാക്കുന്നത്. ഓരോ മാസത്തിലെയും ആദ്യ ആഴ്ചയിലെ കണക്കുകൾ പരിശോധിച്ചാണ് ഫ്ലൈറ്റ് ഡേറ്റ വിശകലനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.