കാലിക്കറ്റ് എയർപോർട്ട്: പുതിയ നിബന്ധനകൾ യാത്രക്ക് പ്രയാസം സൃഷ്ടിക്കരുതെന്ന് ഗപാഖ്
text_fieldsദോഹ: കരിപ്പൂർ വിമാനത്താവളത്തിലെ അപകടത്തെക്കുറിച്ചുള്ള റിപ്പോർട്ട് നടപ്പാക്കാനായി സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബൻസാൽ ചെയർമാനായി ഉണ്ടാക്കിയ കമ്മിറ്റി അംഗീകരിച്ച നിർദേശങ്ങൾ യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കാത്ത വിധത്തിലായിരിക്കണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഖത്തർ (ഗപാഖ്) മുഖ്യമന്ത്രി, ബന്ധപ്പെട്ട എം.പി മാർ എന്നിവരോട് ആവശ്യപ്പെട്ടു.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മിനിമം ദൂരക്കാഴ്ച പരിധി നിലവിലുള്ള 300 മീറ്റർ എന്നത് 800 മീറ്ററായി ഉയർത്തണമെന്നാണ് ഒരു നിർദേശം. 800 മീറ്റർ എന്നതാണ് ഡി.ജി.സി.എ മാനദണ്ഡം എന്നതാണ് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നത്. അതുപോലെ, വിമാനം ലാൻഡ് ചെയ്യുന്നതിന് കാഴ്ചപരിധി നിലവിലുള്ള 1300 മീറ്റർ എന്നത് 1600 മീറ്റർ എന്നാക്കി മാറ്റണം. കാലിക്കറ്റ് എയർപോർട്ടിൽ ആദ്യം ഈ പരിധി 800 മീറ്റർ ആയിരുന്നു പിന്നീട് 1300 മീറ്റർ ആയി ഉയർത്തി.
പ്രസ്തുത പരിധികൾ ഉയർത്തുന്നതോടെ വിമാനങ്ങൾ വഴി തിരിച്ചുവിടാനുള്ള സാധ്യതയും വിമാനം ഉയരുന്നത് ഷെഡ്യൂൾ ചെയ്ത സമയത്തേക്കാൾ കൂടുതലാവാനും സാധ്യതയുണ്ട്. മഴക്കാലങ്ങളിൽ ആയിരിക്കും ഈ പ്രയാസം കൂടുതൽ ഉണ്ടാവുക. വിദേശങ്ങളിൽ നിന്ന് ധാരാളം പേർ അവധിക്കും മറ്റും എത്തുന്നത് ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ ഇത് ഏറെ പ്രയാസങ്ങളാണ് ഉണ്ടാക്കുക.
2023 മാർച്ച് മാസം തീരുമ്പോഴേക്ക് നിർബന്ധമായും റൺവേ വികസനത്തിന് നിർദേശിക്കപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടത്തണമെന്നും സംസ്ഥാന സർക്കാറിനോടും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോടും അഭ്യർഥിച്ചു. നിർദിഷ്ഠ ഭൂമി ഏറ്റെടുക്കൽ നടത്തിയിട്ടില്ലെങ്കിൽ നിലവിലെ റൺവേയിൽ നിന്ന് 240 മീറ്റർ റിസക്ക് മാറ്റിവെച്ച് റൺവേ നീളം 2,540 മീറ്റർ മാത്രമായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ സമയ ബന്ധിതമായി നടപ്പാക്കിയിട്ടില്ലെങ്കിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിന്റെ സാധ്യത എന്നേക്കുമായി ഇല്ലാതാവും. അതിനാൽ ഈ കാര്യത്തിൽ ഊർജിത നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
യോഗത്തിൽ, പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജന.സെക്രട്ടറി ഫരീദ് തിക്കോടി, അർളയിൽ അഹമ്മദ് കുട്ടി, മശ്ഹൂദ് തിരുത്തിയാട്, അമീൻ കൊടിയത്തൂർ, ഗഫൂർ കോഴിക്കോട്, എ. ആർ. ഗഫൂർ, സുബൈർ ചെറുമോത്ത്, മുസ്തഫ എലത്തൂർ, അൻവർ സാദത്ത് ടി.എം.സി, ഹബീബ് റഹ്മാൻ കിഴിശ്ശേരി എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ്
കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.