അനാഥകൾക്ക് ആശ്രയമേകാൻ ‘റുഫഖാഅ്’
text_fieldsദോഹ: ഖത്തർ ചാരിറ്റിയുടെ ‘എൻഡ്ലെസ് ഗിവിങ്’ കാമ്പയിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അനാഥകളെ സ്പോൺസർ ചെയ്യാൻ ആഹ്വാനം ചെയ്ത് ഖത്തർ ചാരിറ്റിക്ക് കീഴിലുള്ള റുഫഖാഅ്. ഖത്തറിലെ പൗരന്മാരും താമസക്കാരുമായ ഉദാരമതികളുടെ പിന്തുണയിൽ റമദാനിലെ ആദ്യ ദിനങ്ങളിൽ 5000 പുതിയ അനാഥകളെ സ്പോൺസർഷിപ്പിൽ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
‘നിങ്ങളുടെ കുടുംബം വിശാലമാക്കുക’ തലക്കെട്ടിൽ ഒന്നോ അതിലധികമോ അനാഥകളെ കുടുംബങ്ങളിലെ ഒരംഗമെന്ന നിലയിൽ പരിഗണിക്കണമെന്നും ഖത്തർ ചാരിറ്റി റുഫഖാഅ് ആവശ്യപ്പെട്ടു. സ്വന്തം കുടുംബാംഗമായി പരിഗണിക്കുന്നതിലൂടെ അവരെ സ്പോൺസർ ചെയ്യാൻ ഖത്തരി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാനും കാമ്പയിൻ ലക്ഷ്യമിടുന്നുണ്ട്. അനാഥർ, നിർധനരായ കുടുംബങ്ങൾ, ഭിന്നശേഷിക്കാർ, വിദ്യാർഥികൾ എന്നിവരെ സ്പോൺസർ ചെയ്യുന്നതിനുള്ള ഖത്തർ ചാരിറ്റി സംരംഭമാണ് റുഫഖാഅ്.
സമഗ്ര പരിചരണ പരിപാടികളിലൂടെ സാമൂഹിക ഐക്യദാർഢ്യം പ്രോത്സാഹിപ്പിക്കുന്നതിനും മാനവികതയെ സേവിക്കുന്നതിനും സുസ്ഥിരമായ സാമൂഹിക പരിവർത്തനം കൈവരിക്കുന്നതിനും മുന്നിൽ നിൽക്കാൻ റുഫഖാഅ് ലക്ഷ്യമിടുന്നു. നിലവിൽ രണ്ട് ലക്ഷത്തിലധികം പേരാണ് ഖത്തർ ചാരിറ്റിയുടെ സ്പോൺസർഷിപ്പിന് കീഴിലുള്ളത്.
നിരവധി ജീവിതങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ ഇത്തരം പ്രവർത്തനങ്ങൾ ഏറെ സഹായിച്ചതായി ഖത്തർ ചാരിറ്റി വ്യക്തമാക്കുന്നു. വലിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഖത്തർ ചാരിറ്റി റമദാനിലെ അവസരം പ്രയോജനപ്പെടുത്തുകയാണെന്ന് ഖത്തർ ചാരിറ്റി ചൈൽഡ് ആൻഡ് ഫാമിലി കെയർ ഡിപ്പാർട്മെന്റ് വിഭാഗം മേധാവി അബ്ദുല്ല കുഹാജി, പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.