ക്യാമ്പിങ് സീസൺ: സീലൈൻ മെഡിക്കൽ ക്ലിനിക് പ്രവർത്തനം ഇന്നു മുതൽ
text_fieldsദോഹ: 2020–2021 ശൈത്യകാല ക്യാമ്പിങ് സീസണോടനുബന്ധിച്ചുള്ള ഹമദ് മെഡിക്കൽ കോർപറേഷൻെറ സീലൈൻ മെഡിക്കൽ ക്ലിനിക് ഇന്നു മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഇത് തുടർച്ചയായ 11ാം വർഷമാണ് സീലൈൻ ക്ലിനിക് പ്രവർത്തിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് മൂന്നു മുതൽ ശനിയാഴ്ച വൈകീട്ട് അഞ്ചുവരെയാണ് ക്ലിനിക്കിെൻറ പ്രവർത്തന സമയം. ക്യാമ്പിങ് സീസൺ ഔദ്യോഗികമായി അവസാനിക്കുന്നത് വരെയും എച്ച്.എം.സിയുടെ സീലൈൻ ക്ലിനിക്കിെൻറ പ്രവർത്തനവും തുടരും.
ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ എല്ലാവർക്കും ലഭ്യമാക്കുകയെന്ന എച്ച്.എം.സിയുടെ പ്രതിബദ്ധതയാണ് ക്ലിനിക്കിനു പിന്നിൽ.കോവിഡ് പ്രതിസന്ധി നിലനിൽക്കെത്തന്നെയാണ് ഈ വർഷത്തെ ശൈത്യകാല ക്യാമ്പിങ് സീസൺ ആരംഭിക്കുന്നത്.
ക്യാമ്പിങ്ങിനെത്തുന്നവർ നിർബന്ധമായും കോവിഡ് സുരക്ഷാ മുൻകരുതലുകൾ പാലിച്ചിരിക്കണമെന്നും വീഴ്ച വരുത്തരുതെന്നും എച്ച്.എം.സി ചീഫ് കമ്യൂണിക്കേഷൻ ഓഫിസറും സീലൈൻ മെഡിക്കൽ ക്ലിനിക് േപ്രാജക്ട് മാനേജറുമായ അലി അബ്ദുല്ല അൽ ഖാതിർ പറഞ്ഞു. മാസ്ക് ധരിക്കുക, സുരക്ഷിത അകലം പാലിക്കുക, കൈകൾ നിരന്തരം വൃത്തിയാക്കുക, സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക എന്നിവയെല്ലാം ക്യാമ്പിനെത്തുന്നവർ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായ സീലൈൻ പ്രദേശത്തെ പൊതുജനങ്ങൾക്ക് മികച്ച ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ ക്ലിനിക്കിെൻറ പങ്ക് വലുതാണ്. ക്ലിനിക്കിനായി ഏറ്റവും അനുയോജ്യമായ പ്രദേശമാണ് കണ്ടെത്തിയിരിക്കുന്നത്. എച്ച്.എം.സിയും മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവും തമ്മിലുള്ള സഹകരണമാണ് ഇതിനുപിന്നിലെന്നും അൽ ഖാതിർ വ്യക്തമാക്കി.
സീലൈനിലെ തിരക്കേറിയ ബീച്ച്, റിസോർട്ട്, പള്ളി, ഷോപ്പിങ് കേന്ദ്രം, മറ്റു സേവനങ്ങൾ എന്നിവയെല്ലാം ലഭിക്കുന്ന ഭാഗത്തെ പ്രധാന റോഡിനോട് ചേർന്നാണ് ക്ലിനിക്ക് സ്ഥാപിച്ചിരിക്കുന്നത്. ഇത് ആരോഗ്യ പ്രവർത്തകർക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ ഏറെ സഹായിക്കും.സന്ദർശകർക്കും ക്യാമ്പിനെത്തുന്നവർക്കുമാവശ്യമായ പ്രാഥമിക ശുശ്രൂഷ അടക്കമുള്ള ചികിത്സ സംവിധാനങ്ങൾ ക്ലിനിക്കിൽ സജ്ജമാണെന്ന് സീലൈൻ മെഡിക്കൽ ക്ലിനിക് മേൽനോട്ടം വഹിക്കുന്ന ഡോ. ഹാമിദ് ഗരീബ് പറഞ്ഞു.
ക്യാമ്പുകളിലെത്തുന്നവർക്കും സമീപപ്രദേശങ്ങളിലുള്ളവർക്കും സന്ദർശകർക്കും ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ തന്നെയായിരിക്കും ക്ലിനിക് നൽകുകയെന്ന് എച്ച്.എം.സി ആംബുലൻസ് സർവിസ് ഉദ്യോഗസ്ഥൻ സാലിഹ് എം അൽ മർരി പറഞ്ഞു.24 മണിക്കൂറും പ്രവർത്തിക്കുന്ന ആംബുലൻസ് സേവനം, വിദൂര സ്ഥലങ്ങളിലെ ക്യാമ്പുകളിൽ നിന്നും രോഗികളെ കൊണ്ടുവരാനുള്ള 4x4 വാഹനങ്ങൾ എന്നിവ ഇവിടെ വിന്യസിക്കും. വാരാന്ത്യ ദിവസങ്ങളിൽ ആംബുലൻസ് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.