‘ആരോഗ്യകരമായ ജീവിതത്തിനുള്ള അവസരമാണ് ക്യാമ്പുകൾ’
text_fieldsദോഹ: 2010 മുതൽ ഏഷ്യൻ മെഡിക്കൽ ക്യാമ്പിന്റെ ഭാഗമാണ് ഹമദ് മെഡിക്കൽ കോർപറേഷൻ ജനറൽ മെഡിസിനിൽ പ്രാക്ടീസ് ചെയ്യുന്ന നാദാപുരം സ്വദേശി ഡോ. അസീസ് പാലോൽ. താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് തങ്ങളുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാനും കാത്തുസൂക്ഷിക്കാനും ഓർമപ്പെടുത്തുന്നതാണ് ഓരോ ക്യാമ്പുമെന്ന് തന്റെ അനുഭവങ്ങളിലൂടെ ഇദ്ദേഹം പങ്കുവെക്കുന്നു.
‘പ്രഷറും ഷുഗറും ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഒളിഞ്ഞുകിടന്നിട്ടും അതൊന്നുമറിയാതെ പ്രവാസജീവിതം നയിക്കുന്നവരാണ് പല പ്രവാസികളും. നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരും ലേബർ ക്യാമ്പുകളിൽ ജീവിക്കുന്നവരും, കഫ്റ്റീരിയ, റസ്റ്റാറന്റ് ഉൾപ്പെടെ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും വരുമാനവും സമയവും വലിയൊരു പ്രശ്നമാണ്. ആവശ്യമായ ക്ലിനിക്കൽ ടെസ്റ്റുകൾ പോലും ഇവർ നടത്താറില്ല. ഇത്തരം ആളുകൾക്ക് വലിയൊരു ആശ്വാസമാണ് വർഷാവർഷങ്ങളിൽ നടക്കുന്ന മെഡിക്കൽ ക്യാമ്പ്.
നല്ല ആരോഗ്യാവസ്ഥയിലായിരിക്കും അവർ ഏറെയും. എന്നാൽ, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ശരീരത്തിനുള്ളിലെ ആരോഗ്യപ്രശ്നങ്ങൾ അവർ തിരിച്ചറിയുന്നുണ്ടാകില്ല. ഒരു ഘട്ടത്തിൽ ശരീരം തളരുമ്പോൾ മാത്രമായിരിക്കും ഇത്തരത്തിലുള്ള ഗുരുതര ബുദ്ധിമുട്ടുകൾ മനസ്സിലാവുന്നത്. തിരിച്ചറിയാൻ വൈകിയാൽ ജീവനെ തന്നെ അപകടത്തിലാക്കുന്നതാണ് ഇതെല്ലാം.
എന്നാൽ, ഏഷ്യൻ മെഡിക്കൽ ക്യാമ്പ് ഉൾപ്പെടെയുള്ള പരിപാടികൾ ഇത്തരം തൊഴിലാളികൾക്ക് ആശ്വാസമാണ്. ക്ലിനിക്കൽ പരിശോധനയിലൂടെ ശാരീരികാവസ്ഥ തിരിച്ചറിയുമ്പോൾ അവരെ ആരോഗ്യകരമായ ജീവിതത്തിലേക്കാണ് നയിക്കുന്നത്. ഗുരുതരമായ അവസ്ഥ തിരിച്ചറിയപ്പെടുന്നവരെ ആംബുലൻസ് ഉപയോഗിച്ച് എമർജൻസി മെഡിസിനിൽ എത്തിക്കുകയും ചെയ്യാറുണ്ട്. മെഡിക്കൽ സ്ക്രീനിങ്ങിനൊപ്പം ആരോഗ്യ ബോധവത്കരണത്തിനുമുള്ള അവസരം കൂടിയാണിത്. അതേസമയം, വർഷത്തിൽ മാത്രമുള്ള ക്യാമ്പിന് കാത്തുനിൽക്കാതെ, തുടർ പരിശോധനയും ചികിത്സയും ഉറപ്പാക്കാൻ പ്രവാസികൾ തയാറാവണം’ -നാട്ടിലും ഖത്തറിലുമായി ദീർഘകാലമായി പ്രാക്ടിസ് ചെയ്യുന്ന ഡോ. അസീസ് പാലോൽ പറയുന്നു.
നാദാപുരം പാതിരിപ്പറ്റ സ്വദേശിയായ ഡോ. അസീസ് കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നും മണിപ്പാലിൽനിന്നും മെഡിക്കൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി കുറ്റ്യാടി ഗവ. ആശുപത്രിയിൽ സേവനംചെയ്ത ശേഷം 2010ലാണ് ഖത്തറിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.