ഖത്തർ ലൈസൻസുണ്ടോ, ഉബർ ഡ്രൈവറാകാം
text_fieldsദോഹ: ലോകകപ്പ് വേളയിലെ തിരക്ക് കണക്കിലെടുത്ത് ടാക്സികളുടെ എണ്ണം വർധിപ്പിക്കുന്നതിനായി കൂടുതൽ ഇളവുകൾ നൽകി ഗതാഗത മന്ത്രാലയം. ഡ്രൈവിങ് ലൈസൻസുള്ള താമസക്കാർക്ക് ലിമോസിൻ കമ്പനികളിലെ രജിസ്ട്രേഷനില്ലാതെതന്നെ ഉബർ ഉൾപ്പെടെയുള്ള റൈഡർ ഷെയർ ആപ്പ് ടാക്സികൾ ഓടിക്കാമെന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ 20 വരെയാവും ഈ ആനുകൂല്യം നിലനിൽക്കുക.
21 വയസ്സ് പൂർത്തിയായ ഡ്രൈവിങ് ലൈസൻസുള്ളവർക്ക് ലോകകപ്പ് വേളയിൽ വരുമാനമുണ്ടാക്കാൻ കൂടി അവസരം ഒരുക്കുന്നതാണ് പുതിയ ഭേദഗതി. ഡ്രൈവർ വിസയോ ലിമോസിൻ കമ്പനി രജിസ്ട്രേഷനോ ഇല്ലാതെ ലോകകപ്പ് വേളയിൽ ടാക്സി സർവിസ് നടത്താമെന്ന് സുപ്രീം കമ്മിറ്റിയും വ്യക്തമാക്കി.വാഹനങ്ങൾ 2017-22 മോഡലായിരിക്കണം, സാധുതയുള്ള ഖത്തർ ഐ.ഡിയും ഡ്രൈവിങ് ലൈസൻസും വേണം എന്നിവയാണ് നിബന്ധകൾ.
ലോകകപ്പിന് പന്തുരുളാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദശലക്ഷം സഞ്ചാരികൾ ഖത്തറിലേക്ക് ഒഴുകാനിരിക്കെ ഇവരുടെ തിരക്ക് ലഘൂകരിക്കാൻ കൂടിയാണ് കൂടുതൽ ടാക്സി സർവിസുകൾക്ക് അനുമതി നൽകിയത്. മന്ത്രാലയം അറിയിപ്പിനു പിന്നാലെ രണ്ടു മാസം വരുമാനമുണ്ടാക്കാനുള്ള അവസരം ഉപയോഗിക്കാമെന്ന് അറിയിച്ച് ഉബറും പ്രസ്താവനയിറക്കി. പൗരന്മാർക്കും താമസക്കാർക്കും ആപ്ലിക്കേഷൻ ഉപയോഗിച്ച് ലോകകപ്പ് വേളയിൽ ടാക്സി സർവിസ് നടത്താമെന്നും മികച്ച വരുമാനം നേടാമെന്നും അറിയിച്ചു.
ലോകകപ്പ് വേളയിൽ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏറ്റവും മികച്ചതും സുരക്ഷിതവുമായി യാത്രാനുഭവം ഒരുക്കുന്നതിന് ഗതാഗത മന്ത്രാലയവും സ്വകാര്യ മേഖലകളുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കുന്നതിൽ സന്തോഷമുണ്ടെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മൊബിലിറ്റി ഓപറേഷൻസ് ഡയറക്ടർ ഥാനി അൽ സാറ പറഞ്ഞു.മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് അധികവരുമാനം നേടാന്‍ പ്രയോജനപ്പെടുന്നതാണ് പുതിയ സംവിധാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.