കായികമാവാം; ആഘോഷങ്ങൾ വേണ്ട, ദേശീയ കായിക ദിന മാർഗനിർദേശങ്ങൾ പുറത്തിറക്കി
text_fields;
ദോഹ: 2024ലെ ദേശീയ കായിക ദിനത്തിൽ പാലിക്കേണ്ട വ്യവസ്ഥകളും മാർഗനിർദേശങ്ങളും ദേശീയ കായികദിന സംയുക്ത സമിതി പുറത്തിറക്കി. അതിരുകടന്ന ആഘോഷ പരിപാടികൾ ഒഴിവാക്കിക്കൊണ്ട് ശാരീരിക, വ്യായാമ, ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള വിശദമായ മാർഗനിർദേശങ്ങളാണ് സമിതി പ്രഖ്യാപിച്ചത്. എല്ലാ ഫെബ്രുവരിയിലെയും രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ദേശീയ കായികദിനം. ഈ വർഷം ഫെബ്രുവരി 13നാണ് കായികദിനം ആഘോഷിക്കുന്നത്.
ദൈനംദിന കായിക പരിശീലനവും വ്യായാമവും ആരോഗ്യകരമായ പെരുമാറ്റമായി സ്ഥാപിക്കുന്നതിനും, വ്യക്തി-സമൂഹ ജീവിതങ്ങളിൽ കായിക പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉയർത്തുന്നതിനും ബോധവൽക്കരണ പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കായിക പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവരുടെ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുയോജ്യമായ പ്രവർത്തനങ്ങളായിരിക്കണം സംഘടിപ്പിക്കേണ്ടതെന്ന് വ്യവസ്ഥകളിൽ ഊന്നിപ്പറയുന്നു.
ടെന്റുകളും താൽക്കാലിക-കൃത്രിമ കായിക സൗകര്യങ്ങളോ നിർമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക, ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും ഉറപ്പാക്കുകയും ചെയ്യുക, കായിക സൗകര്യങ്ങൾ, പാർക്കുകൾ, പൊതു സ്ഥലങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുക, ആരോഗ്യകരമായ ഭക്ഷണം വിതരണം ചെയ്യുക, ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക, സൗജന്യ സമ്മാനങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്നതിൽനിന്ന് വിട്ടു നിൽക്കുക എന്നിവയും മാർഗനിർദേശങ്ങളിൽ ഉൾപ്പെടുന്നു. കായിക പ്രവർത്തനങ്ങൾക്ക് പകരം, സംഗീത പരിപാടികൾ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
കായിക പ്രവർത്തനങ്ങളിൽ നിഷ്ക്രിയരായി ഇരിക്കുന്നവരെ ശാരീരിക വ്യായാമ പ്രവർത്തനങ്ങളിലും കായിക പരിപാടികളിലും ഏർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കായികദിനത്തിൽ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളും പദ്ധതികളും ദേശീയ കായികദിന സംയുക്ത സമിതിയെ അറിയിക്കാൻ മന്ത്രാലയങ്ങൾക്കും പൊതു സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സമിതി നിർദേശം നൽകി. കായിക, യുവജനകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ലഭ്യമായ ഫോമിലാണ് പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.