കോവിഡ് ബാധിച്ചവർക്ക് വീണ്ടും രോഗം വരുമോ?; സംശയനിവാരണവുമായി അധികൃതർ
text_fieldsദോഹ: ഒരിക്കൽ കോവിഡ്-19 ബാധിച്ചവർക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമോ? രണ്ടാം തവണ രോഗബാധയേറ്റാൽ തീവ്രത ആദ്യത്തേതിൽനിന്നും കുറഞ്ഞതായിരിക്കുമോ? അതോ ആദ്യത്തെ രോഗബാധയിൽനിന്നുള്ള പ്രതിരോധശേഷി എത്ര നിലനിൽക്കും? രണ്ടാമത് കോവിഡ്-19 ബാധിച്ചവരിൽ നിന്ന് മറ്റുള്ളവർക്ക് രോഗബാധ ഉണ്ടാകുമോ? ജനങ്ങളുടെ സംശയങ്ങൾ പലതാണ്. പൊതുജനങ്ങളുടെ ആശങ്കജനകമായ ഇത്തരം സംശയങ്ങൾക്ക് കൃത്യമായ മറുപടിയുമായാണ് അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.ഒരിക്കൽ കോവിഡ്-19 ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായ സംഭവങ്ങൾ ലോകത്തുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് യാഥാർഥ്യമാണ്. എന്നാൽ, വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ വളരെ കുറവാണ്. മറ്റു ചില ഘടകങ്ങൾകൂടി ഇതിന് ബലമേകിയിട്ടുണ്ടാകും.
വീണ്ടും റിപ്പോർട്ട് ചെയ്തവയിൽ തെറ്റായി പോസിറ്റിവ് സ്ഥിരീകരിക്കുന്നത് തള്ളിക്കളയാനാകില്ല. ഖത്തറിലെ വെയ്ൽ കോർണൽ മെഡിസിൻ പകർച്ചവ്യാധി വിഭാഗത്തിലെ പ്രഫ. ലൈഥ് അബു റദ്ദാദ് ആണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. രണ്ടാമതും വൈറസ്ബാധയുടെ സാധ്യത സംബന്ധിച്ച് വൈദ്യശാസ്ത്ര ഗവേഷകർക്കിടയിൽ കൃത്യമായി വിലയിരുത്തൽ ഇനിയും നടക്കേണ്ടതുണ്ട്. ഇത്തരം വിലയിരുത്തലിന് വൈറസിെൻറ ആദ്യ വ്യാപനം കഴിഞ്ഞ് വേണ്ടത്ര സമയം കഴിഞ്ഞിട്ടില്ല. ഇതിന് ഇനിയും സമയം ആവശ്യമാണ്. ഖത്തറിൽ കോവിഡ്-19 രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ്-19 ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയവുമായും ഹമദ് മെഡിക്കൽ കോർപറേഷനുമായും സഹകരിച്ച് പ്രഫ. ലൈഥിെൻറ നേതൃത്വത്തിൽ വെയ്ൽ കോർണൽ മെഡിസൻ ഖത്തർ തയാറാക്കിയ പഠനം വ്യക്തമാക്കുന്നുണ്ട്.
നേരേത്ത രോഗം ബാധിച്ച 10,000 പേരിൽ നാലു പേർക്കു മാത്രമാണ് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. വീണ്ടും രോഗബാധ ഉണ്ടായവരിൽ രോഗത്തിെൻറ തീവ്രത വളരെ കുറവാണ്. ഒരു കേസിൽ മാത്രമാണ് വീണ്ടും രോഗം ബാധിച്ച രോഗിയെ കുറച്ച് നേരത്തേക്കെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. വീണ്ടും രോഗം ബാധിച്ചവരിൽ ഇതുവരെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമില്ല.
രണ്ടു തവണ പോസിറ്റിവ് സ്ഥിരീകരിച്ചത് പരിശോധനയിൽ വന്ന പിഴവുകൊണ്ടായിരിക്കാമെന്ന സാധ്യതയും തള്ളിക്കളയാനാകില്ല. വൈറസിെൻറ സാന്നിധ്യം ശരീരത്തിലുണ്ടെങ്കിലും വീണ്ടും പോസിറ്റിവ് ആകാനിടയുണ്ട്. രണ്ടിലൊരു പരിശോധനയിൽ പോസിറ്റിവ് തെറ്റായി സംഭവിച്ചിരിക്കാം.കോവിഡ്-19 പശ്ചാത്തലത്തിൽ രോഗപ്രതിരോധ ശേഷി സംബന്ധിച്ച് ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. കോവിഡ്-19നെ അതിജീവിക്കുന്ന ആളുകളിൽ ഭാവിയിലുണ്ടാകുന്ന വൈറസ്ബാധകൾക്കെതിരെ ചെറിയ പ്രതിരോധശേഷി ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. എന്നാൽ, കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ഈ നിഗമനങ്ങൾ ശരിയല്ല. ആളുകളുടെ രോഗപ്രതിരോധശേഷി വളർത്തുന്നുവെന്നതാണ് അധിക കേസുകളിലും കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, രോഗപ്രതിരോധ ശേഷി എത്രത്തോളം നീണ്ടുനിൽക്കുമെന്നത് ഇതുവരെ വ്യക്തമല്ല.
ഖത്തറിൽ വീണ്ടും രോഗം ബാധിച്ചവരിൽ രോഗത്തിെൻറ തീവ്രത കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വീണ്ടും വൈറസ് ബാധയുണ്ടായ രോഗിയിലും വൈറസിെൻറ സാന്നിധ്യം കൂടിയ അളവിൽ കണ്ടെത്തുന്നതിനാൽ രോഗം പടരാനുള്ള സാധ്യത ഏറെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.ജനങ്ങൾക്കിടയിൽ വളരെ എളുപ്പത്തിൽ പടർന്നുപിടിക്കുന്നതും ലക്ഷണങ്ങൾ പ്രകടമാകാൻ സമയമെടുക്കുന്നതുമാണ് കോവിഡ്-19നെ അപകടകാരിയാക്കുന്നത്. ഇതിനാൽ ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിൽ ജാഗ്രത കൈവെടിയരുത്. രോഗം ഇപ്പോഴും നമ്മുടെ പരിസരത്തുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.