കൊതുകിനെ തുരത്താം; ഡെങ്കിക്കെതിരെ ജാഗ്രത
text_fieldsദോഹ: തണുപ്പും മഴയുമായി കാലാവസ്ഥ മാറുമ്പോൾ ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. നവംബറിൽ ഉൾപ്പെടെ പെയ്ത ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഡെങ്കിപ്പനിക്ക് കാരണമായേക്കാവുന്ന കൊതുകുകളുടെ പ്രജനനം വർധിച്ചതായി ചൂണ്ടിക്കാട്ടിയ അധികൃതർ പൊതുജനങ്ങൾ പനിക്കെതിരെ മുൻകരുതൽ പാലിക്കണമെന്ന് നിർദേശം നൽകി. മഴയും, കാലാവസ്ഥ വ്യതിയാനവും ആഗോള താപനവും ഉൾപ്പെടെ വെല്ലുവിളികളുടെ സാഹചര്യവും ഇതിനു കാരണമാണ്. രോഗം പരത്തുന്ന വിഭാഗം കൊതുകിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ കൊതുകുകടി ഒഴിവാക്കാനും രോഗലക്ഷണം മനസ്സിലാക്കി അടിയന്തര ചികിത്സ തേടാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകി.
ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി വൈറസ് പരത്തുന്നത്. രോഗമുള്ള ഒരാളെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെ മാത്രമേ രോഗം പകരുകയുള്ളൂ. സ്വാഭാവികമായ പെരുമാറ്റങ്ങളിലൂടെ രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല. എന്നിരുന്നാലും, രോഗബാധിതരായ ചില വ്യക്തികൾക്ക് വൈറസുള്ള കൊതുക് കടിച്ചതിനുശേഷം നാലു മുതൽ പത്തു ദിവസം വരെ കാലയളവിനുള്ളിൽ ലക്ഷണങ്ങൾ അനുഭവപ്പെടാം. കടുത്ത പനി, തലവേദന, കണ്ണിനു പിന്നിലെ വേദന, ശരീരവേദന, ഛർദി, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കുറഞ്ഞ വിഭാഗം ആളുകളിൽ മാത്രമേ ഡെങ്കിയായി മാറാൻ സാധ്യതയുള്ളൂ. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആശുപത്രികളിലെത്തി അടിയന്തര ചികിത്സ തേടണമെന്ന് മന്ത്രാലയം നിർദേശിച്ചു. അതേസമയം, മഴയും ശൈത്യവും കാരണം കൊതുകുകൾ വളരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് പൊതുജനങ്ങൾ സ്വീകരിക്കേണ്ട പ്രധാന മുൻകരുതൽ. ഡെങ്കി വാഹകരായ കൊതുകുകളുടെ സാന്നിധ്യം ഖത്തറിൽ വളരെ കുറവാണ്. എന്നാൽ, ലോകത്ത് ഉഷ്ണമേഖല, അർധ ഉഷ്ണമേഖല കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന രോഗമെന്ന നിലയിൽ ഡെങ്കിക്കെതിരെ ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രാലയം നിർദേശം നൽകുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ചേർന്ന് കൊതുകുനിവാരണ യത്നങ്ങൾ സജീവമാക്കുന്നതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.