കാനഡ കരുത്തുകാട്ടി; കളിയറിഞ്ഞ് ഖത്തർ
text_fieldsദോഹ: ലോകകപ്പ് പോരാട്ടത്തിനിറങ്ങുമ്പോൾ മുന്നേറ്റം മുതൽ പ്രതിരോധകോട്ടവരെ ഇനിയുമേറെ മെച്ചപ്പെടുത്തണം എന്നോർമിപ്പിച്ച് സന്നാഹ മത്സരത്തിലെ ഖത്തറിന്റെ തോൽവി. ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന മത്സരത്തിൽ ലോകകപ്പിന് പന്തുതട്ടുന്ന കാനഡയാണ് മറുപടിയില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയത്.
കളി തുടങ്ങി നാലാം മിനിറ്റിൽ കെയ്ൽ ലാറിന്റെ ഗോളിലൂടെ മുന്നിലെത്തിയ കാനഡ തുടക്കത്തിലെ ഖത്തർ പകുതിയിൽ ആശങ്കപടർത്തി. കളി ചൂടുപിടിക്കും മുമ്പേ പിറന്ന ഗോളിന്റെ ഞെട്ടലിൽനിന്ന് ഉണരും മുമ്പേ രണ്ടാം ഗോളും വീണതോടെ പ്രതിരോധത്തിലായി. 13ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡിന്റെ വകയായിരുന്നു കാനഡ ഗോൾ. എന്നാൽ, പിന്നീടുള്ള മിനിറ്റുകളിൽ പ്രതിരോധം ആയുധമാക്കി കളിയിൽ പിടിച്ചുനിൽക്കുന്ന ലോകകപ്പ് ആതിഥേയ രാജ്യത്തെയാണ് കണ്ടത്.
വിങ്ങിലൂടെ കുതിച്ചുപാഞ്ഞ ബയേൺ മ്യൂണിക് താരം അൽഫോൺസോ ഡേവിഡ്, ആക്രമണത്തിന് നേതൃത്വം നൽകിയ ജൊനാഥൻ ഡേവിഡ്, മധ്യനിരയുടെ കടിഞ്ഞാൺ ഏറ്റെടുത്ത റെഡിങ്ങിന്റെ ജൂനിയർ ഹോയ്ലറ്റ് എന്നിവരിലൂടെ ഇരമ്പിയാർത്ത കാനഡയുടെ വീര്യത്തിന് മുന്നിൽ പ്രതിരോധമായിരുന്നു ഖത്തറിന്റെ കരുത്ത്. ഇരു വിങ്ങുകളിലൂടെയും പന്ത് കയറിയെത്തിയപ്പോൾ ഗോളി യൂസുഫ് ഹസൻ ഏറെ തവണ പരീക്ഷിക്കപ്പെട്ടു.
പ്രതിരോധത്തിൽ മതിൽ തീർത്ത ബസാം അൽ റാവിക്കും മുഹമ്മദ് വാദിനും താരിക് സൽമാനും കൂട്ടായി മധ്യനിരയിൽനിന്നും അബ്ദുൽ അസിസ് ഹാതിമും കരിം ബൗദിയാഫും അബ്ദുൽ കരിം ഹസനും ഉൾപ്പെടെയുള്ളവരും ഇറങ്ങിക്കളിക്കേണ്ടിവന്നു. ഡി സർക്കിളിന് മുന്നിൽ വളഞ്ഞിട്ട് പ്രതിരോധം തീർത്തതോടെയാണ് തോൽവിയുടെ ആഘാതം കുറക്കാനും കാനഡ മുന്നേറ്റത്തിന് തടയിടാനും കഴിഞ്ഞത്.
അതേസമയം, വീണുകിട്ടിയ നിമിഷങ്ങളിൽ അക്രം അഫിഫും അൽ മുഈസ് അലിയും രണ്ടാം പകുതിയിൽ കളത്തിലിറങ്ങിയ ഹസൻ അൽ ഹൈദ്രോസുമെല്ലാം ശ്രദ്ധേയ മുന്നേറ്റങ്ങൾ നടത്തിയത് നേരിയ ആശ്വാസമായി.
എങ്കിലും, ലോകകപ്പിലെ നിർണായക പോരാട്ടങ്ങളിലേക്ക് രണ്ടുമാസത്തിൽ താഴെ മാത്രം ദിവസങ്ങൾ ശേഷിക്കെ കോച്ച് ഫെലിക്സ് സാഞ്ചസിന് മുന്നിലെ ദൗത്യം വലുതാണ്. പിഴവുകൾ തിരുത്തി ആക്രമണവും പ്രതിരോധവും ശക്തമാക്കുകയെന്ന വെല്ലുവിളി.
ചൊവ്വാഴ്ച മറ്റൊരു കരുത്തരായ ചിലിയെയും ഖത്തർ സന്നാഹമത്സരത്തിൽ നേരിടുന്നുണ്ട്. തുടർന്ന് നാട്ടിൽ തിരികെയെത്തുന്ന ദേശീയ ടീം അംഗങ്ങൾ ഏതാനും ദിവസത്തെ വിശ്രമത്തിനുശേഷം വീണ്ടും ഒന്നിക്കും. രണ്ടാം തീയതി ഓപൺ പരിശീലന സെഷനും കഴിഞ്ഞ്, ലോകകപ്പ് അവസാനവട്ട പരിശീലനങ്ങൾക്കായി സ്പെയിനിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.