അർബുദ പ്രതിരോധത്തിൽ ദേശീയ പദ്ധതിയുമായി കാൻസർ സൊസൈറ്റി
text_fieldsഖത്തർ കാൻസർ സൊസൈറ്റിയുടെ ദേശീയ പദ്ധതി ഉദ്ഘാടനചടങ്ങിൽ മന്ത്രി ബുഥൈന
ബിൻത് അലി അൽ ജാബിർ അൽ നുഐമി പങ്കെടുക്കുന്നു
ദോഹ: അർബുദത്തിനെതിരായ ബോധവത്കരണവും ഗവേഷണവും മികച്ച ആരോഗ്യ -ചികിത്സ സേവനവും ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി ദേശീയ നയപരിപാടിയുമായി ഖത്തർ കാൻസർ സൊസൈറ്റി. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി തയാറാക്കിയ ത്രിവത്സര നയങ്ങളുടെ ഉദ്ഘാടനം സാമൂഹിക വികസന-കുടുംബ കാര്യമന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി നിർവഹിച്ചു.
ചടങ്ങിൽ ഖത്തറിലെ യു.എസ് അംബാസഡർ ടിമ്മി ഡേവിസ്, ആരോഗ്യ മന്ത്രാലയം സാംക്രമികേതര രോഗപ്രതിരോധ വിഭാഗം ഡയറക്ടർ ശൈഖ് ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി, ഹമദ് മെഡിക്കൽ കോർപറേഷൻ, ആരോഗ്യ മന്ത്രാലയം, പി.എച്ച്.സി.സി ഉദ്യോഗസ്ഥരും പങ്കെടുത്തു. ചടങ്ങിൽ ഖത്തർ കാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ പിന്തുണക്കുന്നവരെയും സ്പോൺസർമാരെയും മന്ത്രി ആദരിച്ചു.
മികച്ച സേവനം ഉറപ്പാക്കുന്നതിന് പുറമെ, അർബുദ ബാധിതരുടെയും രോഗത്തെ അതിജീവിച്ചവരുടെയും ജീവിതനിലവാരവും മെച്ചപ്പെടുത്തുക ലക്ഷ്യമിടുന്നതാണ് ദേശീയ സ്ട്രാറ്റജിക് പ്ലാൻ.
സമഗ്രമായ പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലാണ് പുതിയ നയം വികസിപ്പിച്ചിരിക്കുന്നത്. കാൻസറിനെക്കുറിച്ച് അവബോധമുള്ള സമൂഹത്തെയും രോഗബാധിതർക്ക് മെച്ചപ്പെട്ട ജീവിതം നൽകുന്ന കാഴ്ചപ്പാടിനെയും സൃഷ്ടിക്കുക എന്നിവയും നയരൂപവത്കരണത്തിൽ പ്രധാന ഘടകങ്ങളാണ്. രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അവബോധം വളർത്തുക, രോഗികൾക്കും അതിജീവിച്ചവർക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക, മാനസിക പിന്തുണ നൽകുക, ഈ മേഖലയിലെ പ്രഫഷനൽ വികസനത്തിനും ശാസ്ത്രീയ ഗവേഷണത്തിനും സംഭാവന നൽകുക എന്നതും ഖത്തർ കാൻസർ സൊസൈറ്റിയുടെ പുതിയ നയങ്ങളുടെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. പുതിയ നയപരിപാടികൾക്ക് തുടക്കം കുറിച്ചതിൽ അഭിമാനിക്കുന്നുവെന്നും, അർബുദ രോഗികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും അവർക്കാവശ്യമായ പിന്തുണ നൽകുന്നതിനുമുള്ള പ്രധാന ചുവടുവെപ്പാണിതെന്നും സൊസൈറ്റി ചെയർമാൻ ശൈഖ് ഡോ. ഖാലിദ് ബിൻ ജാബിർ ആൽഥാനി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.