വോട്ടുറപ്പിക്കാൻ സ്ഥാനാർഥികളെത്തുന്നു
text_fieldsദോഹ: നാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ചൂട് ഏറ്റുപിടിച്ച് പ്രവാസ ലോകവും. കടുത്ത വേനലിന്റെ മാർച്ച് മാസത്തിൽ പ്രചരണച്ചൂട് മൂർധന്യത്തിലേറിയ കേരളത്തിൽനിന്നും സ്ഥാനാർഥികളെ ഉൾപ്പെടെ എത്തിച്ചാണ് ഖത്തറിലെ പ്രവാസ ലോകം തെരഞ്ഞെടുപ്പിനെ വരവേൽക്കുന്നത്.
പ്രവാസി വോട്ടുകൾ ഏറെയുള്ള മണ്ഡലങ്ങളിൽനിന്നും സ്ഥാനാർഥികളെ തന്നെ മിന്നൽ പര്യടനത്തിനെത്തിച്ച് വോട്ടുറപ്പിക്കാൻ ശ്രമിക്കുകയാണ് പ്രവർത്തകർ. ആദ്യ ഘട്ടമെന്ന നിലയിൽ വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ തിങ്കളാഴ്ച ദോഹയിലെത്തും. യു.എ.ഇ, ഖത്തർ പര്യടനത്തിനായി ഞായറാഴ്ച നാട്ടിൽനിന്നും പുറപ്പെട്ട ഷാഫി പറമ്പിൽ തിങ്കളാഴ്ച രാത്രിയിൽ അൽ വക്റ പൊഡാർ പേൾ സ്കൂളിൽ സംസാരിക്കും. ഞായറാഴ്ച ഷാർജയിൽ പ്രവർത്തക കൺവെൻഷനിൽ പങ്കെടുത്ത ശേഷം, തിങ്കളാഴ്ച ഉച്ചയോടെ ഖത്തറിലെത്തും.
വടകര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനും മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുള്ളയും ഷാഫിക്കൊപ്പമെത്തുന്നുണ്ട്.
നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടക്കാണ് വോട്ടർമാർ ഏറെയുള്ള പ്രവാസമണ്ണിലേക്ക് സ്ഥാനാർഥികളെ എത്തിക്കുന്നത്. തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര നിയോജക മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വടകര ലോക്സഭ മണ്ഡലത്തിൽനിന്നും ഒരു ലക്ഷത്തിലേറെ പേർ ഖത്തറിൽ പ്രവാസികളായുണ്ടെന്നാണ് കണക്ക്.
ഇവരുടെയും, ബന്ധുക്കളുടെയും വോട്ടുറപ്പിക്കുകയാണ് സ്ഥാനാർഥിയുടെ ഗൾഫ് പര്യടനത്തിലെ പ്രധാന ലക്ഷ്യം. കെ.എം.സി.സി, ഇൻകാസ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി പര്യടനം ഏകോപിപ്പിക്കുന്നത്.
വിവിധ മണ്ഡലങ്ങളിലെ മറ്റു സ്ഥാനാർഥികളെയും ഖത്തറിലെത്തിക്കണമെന്ന് പ്രവർത്തകർ ആവശ്യമുന്നയിക്കുന്നുവെങ്കിലും നാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിനിടയിൽനിന്നും മാറി നിൽക്കൽ പ്രായോഗികമല്ലെന്നാണ് പാർട്ടി നേതൃത്വം അറിയിക്കുന്നത്. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥികൾ ഗൾഫ് പര്യടനം ഷെഡ്യൂൾ ചെയ്യുന്നില്ല.
ഏപ്രിൽ 26ന് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിലാണ് കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് നടക്കുന്നത്. പ്രവാസികളുടെ വോട്ടു ചേർക്കലുമായി നേരത്തേ തന്നെ വിവിധ പ്രവാസി സംഘടനകൾ നേരത്തെ സജീവമാണ്. വോട്ടു ചേർക്കൽ തിങ്കളാഴ്ചയോടെ അവസാനിക്കും.
അതേസമയം, വോട്ട് ചേർക്കൽ വെബ്സൈറ്റ് വിദേശ രാജ്യങ്ങളിൽ തുറക്കാൻ കഴിയുന്നില്ലെന്നത് ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള വോട്ട് ചേർക്കലിന് തിരിച്ചടിയായി. എങ്കിലും നാട്ടിലെ രാഷ്ട്രീയ സംഘടനകൾ വഴി വോട്ട് ചേർക്കലും മറ്റും സജീവമായിരുന്നു. വോട്ടുചെയ്യുന്നതിനായി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്തും പ്രവാസി കൂട്ടായ്മകൾ ഒരുക്കങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.