കാൻസ് ഫെസ്റ്റിൽ മാറ്റുരച്ച് ഖത്തർ മലയാളിയുടെ ‘ഒച്ച്’
text_fieldsദോഹ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചലച്ചിത്രകാരന്മാർ മാറ്റുരക്കുന്ന ‘കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവൽ’ ഷോർട്ട്ഫിലിം വിഭാഗം ഫൈനൽ ലിസ്റ്റിൽ ഇടം പിടിച്ച് ഖത്തർ മലയാളിയുടെ ചിത്രം. ഖത്തറിലെ ഹ്യൂണ്ടായ് കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയർ ആയി ജോലിചെയ്യുന്ന തിരൂർ ചേന്നര സ്വദേശി നെഹ്ജുൽ ഹുദയുടെ ‘ഒച്ച്’ എന്ന ചിത്രമാണ് ‘കാൻ’ ലോകമേളയുടെ ബിഗ് സ്ക്രീൻ അങ്കത്തിൽ ഇടം നേടിയത്.
വിവിധ രാജ്യങ്ങളിൽനിന്ന് എൻട്രിയായി ലഭിക്കുന്ന ആയിരത്തിലേറെ ഹ്രസ്വചിത്രങ്ങളിൽനിന്നാണ് നഹ്ജുൽ ഹുദയുടെ 14 മിനിറ്റ് ദൈർഘ്യമുള്ള ഒച്ചും മത്സരിക്കാൻ ഫൈനൽ ലിസ്റ്റിൽ ഇടംപിടിച്ചത്. എല്ലാ മാസങ്ങളിലുമായി നടക്കുന്ന മത്സരത്തിന്റെ ഏപ്രിൽ എഡിഷനിലെ മത്സരത്തിന്റെ ഫൈനൽ ലിസ്റ്റിൽ ഇടം നേടിയ 89 ചിത്രങ്ങളിൽ ഒന്നാണ് ഒച്ചും. ഒരു സ്കൂൾ ക്ലാസ് മുറിയിലെ വിദ്യാർഥിയിലൂടെ രാജ്യത്തെ വലിയ രാഷ്ട്രീയങ്ങൾ പറഞ്ഞുകൊണ്ടാണ് ഒച്ച് ലോകവേദിയിൽ കാഴ്ചക്കാരിലെത്തുന്നത്.
സ്കൂളിൽനിന്നും ലഭിക്കുന്ന ഹോം വർക്കിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന 13 കാരിയായ വിജിത എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് ഈ ഹ്രസ്വചിത്രം വികസിക്കുന്നത്. സമകാലിക ഇന്ത്യയിലെ ജാതി, ലിംഗ അസമത്വങ്ങളും, സ്വസ്ഥജീവിതം തേടി നാടുവിടുന്ന യുവാക്കളും ഭരണകൂടം വിതക്കുന്ന ഫാഷിസവുമെല്ലാം സൃഷ്ടിക്കുന്ന അരക്ഷിതാവാസ്ഥ കുറഞ്ഞ നേരംകൊണ്ട് സ്ക്രീൻ വരച്ചിടുന്നതാണ് ‘ഒച്ച്’ എന്ന കൊച്ചു സിനിമ.
കഴിഞ്ഞ എട്ടു വർഷത്തോളമായി ഖത്തർ പ്രവാസിയായ നഹ്ജു, പ്രവാസത്തിലെ തിരക്കിനിടയിൽ കുത്തിക്കുറിച്ചിടുന്ന ആശയങ്ങളും ചിന്തകളുമാണ് അവധിക്ക് നാട്ടിലെത്തുമ്പോൾ കൂട്ടുകാർക്കൊപ്പം കനപ്പെട്ട ചിത്രങ്ങളായി കാമറയിൽ പതിയുന്നത്. രാജ്യത്തെ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങൾ അകലെനിന്നും വായിച്ചും കേട്ടുമറിഞ്ഞ് മാറിനിൽക്കാതെ, കുട്ടികളെ കഥാപാത്രങ്ങളാക്കി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് ഒച്ചിലൂടെ. തന്റെ തന്നെ നേതൃത്വത്തിലുള്ള ‘ടൈം കാപ്സ്യൂൾ മീഡിയ’യുടെ ബാനറിൽ എഴുത്തും സംവിധാനവും നഹ്ജു തന്നെയാണ് നിർവഹിച്ചത്.
തിരൂരിലെ ചേന്നരയിലും പെരുന്തുരുത്തിയിലുമായാണ് ചിത്രീകരണം നിർവഹിച്ചത്. 2018ൽ നൂല് എന്ന ഹ്രസ്വ ചിത്രം ഒരുക്കിയും നെഹ്ജും കൂട്ടുകാരും ശ്രദ്ധ നേടിയിരുന്നു. അന്താരാഷ്ട്ര മേളകളിൽ മത്സരിച്ച ചിത്രം, നിരവധി സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കി. ഡോക്യുമെന്ററി സംവിധായകരായ റിഫ ഷെലീസ് ചേന്നര, മുഹമ്മദ് റാഫി താനൂർ എന്നിവർക്കൊപ്പം ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ച പരിചയവുമായാണ് സ്വതന്ത്ര സംവിധാനത്തിനിറങ്ങിയതെന്ന് നഹ്ജുൽ ഹുദ പറയുന്നു. വാഹിദ് ഇൻഫോം (കാമറ), സന്തോഷ് ഇൻഫോം (എഡിറ്റിങ്) എന്നിവർ ഉൾപ്പെടെ സംഘമാണ് ഒച്ചിന്റെ അണിയറയിൽ പ്രവർത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.