കിടിലൻ ചിത്രങ്ങൾ പകർത്തിക്കോളൂ, 23 ലക്ഷം റിയാൽ സമ്മാനം
text_fieldsദോഹ: കാമറ ലെൻസിലൂടെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ ഒപ്പിയെടുത്ത് കാണാക്കഥകളിലേക്ക് കാഴ്ചക്കാരനെ ആകർഷിക്കാൻ മിടുക്കരാണോ നിങ്ങൾ. അവർക്കായി 23 ലക്ഷം റിയാൽ വരെ സമ്മാനത്തുകയുള്ള കിടിലൻ ഫോട്ടോഗ്രഫി മത്സരം പ്രഖ്യാപിച്ച് ഫോട്ടോഗ്രാഫർമാരെ ക്ഷണിച്ചിരിക്കുകയാണ് ഖത്തർ.
ദർബ് അൽസാഇയിൽ കഴിഞ്ഞ ദിവസം സമാപിച്ച ദോഹ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായി സാംസ്കാരിക മന്ത്രാലയം പ്രഥമ ഫോട്ടോഗ്രഫി അവാർഡ് പ്രഖ്യാപിച്ചു. 18 വയസ്സിന് താഴെയുള്ളവർക്കും മുതിർന്നവർക്കുമായി രണ്ടു പ്രായ വിഭാഗങ്ങളിലായി വിവിധ ഫോട്ടോഗ്രഫി മത്സരങ്ങളാണ് നടത്തുന്നത്.
ഖത്തറിലെ യുവ, പ്രഫഷനൽ ഫോട്ടോഗ്രാഫർമാരുടെ പ്രതിഭക്ക് പിന്തുണ നൽകുകയെന്ന ലക്ഷ്യവുമായാണ് പുരസ്കാരം പ്രഖ്യാപിച്ചതെന്ന് ഖത്തർ ഫോട്ടോഗ്രഫി സെന്റർ ഡയറക്ടർ ജാസിം അഹ്മദ് അൽ ബുഐനൈൻ പറഞ്ഞു. ഖത്തറിന്റെ പ്രകൃതിയും സുപ്രധാന സ്ഥലങ്ങളും പൈതൃകവുമെല്ലാം ഒപ്പിയെടുത്ത് രാജ്യത്തിന്റെ സൗന്ദര്യത്തെ പ്രദർശിപ്പിക്കാനും ലോകത്തിന് മുന്നിലെത്തിക്കാനുമുള്ള അവസരം കൂടിയാണ് അതിശയിപ്പിക്കുന്ന സമ്മാനത്തുകയുള്ള ഈ മത്സരം.
ചടങ്ങിൽ സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ആൽഥാനി, അണ്ടർ സെക്രട്ടറി ഡോ. ഗാനിം ബിൻ മുബാറക് ഉൾപ്പെടെ പങ്കെടുത്തു.
ഫോട്ടോ അവാർഡുകൾ
രണ്ടു പ്രധാന പ്രായ വിഭാഗത്തിലാണ് ഫോട്ടോഗ്രഫി അവാർഡുകൾ നൽകുന്നത്.
•18 വയസ്സിന് താഴെയുള്ള ഖത്തരി റെസിഡൻസിനാണ് ആദ്യ മത്സര വിഭാഗം. വിവിധ പ്രമേയങ്ങളിൽ തന്നെ ഈ കാറ്റഗറിയിൽ ഫോട്ടോകൾ അയക്കാം. ഒന്നാം സ്ഥാനക്കാരന് 30,000 റിയാലാണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് 20,000 റിയാലും, മൂന്നാം സ്ഥാനത്തിന് 10,000 റിയാലും സമ്മാനമായി ലഭിക്കും.
•18നും അതിന് മുകളിലുള്ള വിഭാഗമാണ് രണ്ടാം വിഭാഗം. ഇതിൽ വിവിധ തീമുകളിലായി ഫോട്ടോഗ്രഫി മത്സരങ്ങൾ നടക്കും.
ഖത്തർ: ഖത്തറിന്റെ സൗന്ദര്യം പകർത്തിയെടുക്കുന്നതാണ് ഈ പ്രമേയം. മൂന്ന് ലക്ഷം റിയാലാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനത്തിന് രണ്ട് ലക്ഷം റിയാലും, മൂന്നാം സമ്മാനത്തിന് 1.50 ലക്ഷം റിയാലും സമ്മാനമായി ലഭിക്കും.
സ്റ്റോറി ടെല്ലിങ്: ആറ് മുതൽ 10 വരെ ഫോട്ടോകളിലൂടെ ഒരു കഥ പറഞ്ഞു പൂർത്തിയാക്കുന്ന ഫോട്ടോ പരമ്പരയാണ് ഈ വിഭാഗം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 1.50 ലക്ഷം റിയാൽ, ഒരു ലക്ഷം റിയാൽ, 75,000 റിയാൽ എന്നിങ്ങനെയാണ് സമ്മാനം.
സ്പെഷൽ കാറ്റഗറി: ഫോട്ടോഗ്രാഫർമാരുടെ പ്രതിഭ വികസിപ്പിക്കാനും, മറ്റും ലക്ഷ്യമിട്ടുള്ളതാണ്ഈ കാറ്റഗറി. ഓരോ വർഷത്തിലുമായി ഖത്തർ ഫോട്ടോഗ്രഫി സെന്റർ നടത്തുന്ന പരിശീലന പരിപാടികളിലും മറ്റുമായി പങ്കെടുക്കുന്നവരിൽനിന്നുള്ള ഫോട്ടോയാണ് പുരസ്കാരത്തിന് തിരഞ്ഞെടുക്കുന്നത്. 1.50 ലക്ഷം, ഒരു ലക്ഷം, 75,000 എന്നിങ്ങനെയാണ് പുരസ്കാര തുക.
വിഡിയോ കാറ്റഗറി: മികച്ച വിഡിയോ ക്ലിപ്പിങ്ങുകൾ സമർപ്പിച്ച് ഈ വിഭാഗത്തിൽ മത്സരിക്കം. . 1.50 ലക്ഷം, ഒരു ലക്ഷം, 75,000 എന്നിങ്ങനെയാണ് പുരസ്കാര തുക.
ജനറൽ: കളർ, ബ്ലാക്ക് ആൻഡ് വൈറ്റ് വിഭാഗത്തിൽ ഫോട്ടോകൾ സമർപ്പിച്ച് മത്സരത്തിൽ പങ്കെടുക്കാം. രണ്ടു വിഭാഗത്തിലുമായി ആറ് പേർക്ക് സമ്മാനങ്ങൾ. ഒന്നാം സ്ഥാനത്തിന് 1.50 ലക്ഷം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം, മൂന്നാം സ്ഥാനത്തിന് 75,000 എന്നിങ്ങനെയാണ് പുരസ്കാര തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.