റേസിങ് ട്രാക്കിനോട് വിടപറഞ്ഞ് ഖത്തറിന്റെ കാർ റാലി ചാമ്പ്യൻ
text_fieldsമിഡിലീസ്റ്റ് റാലി ചാമ്പ്യൻ നാസർ സഅ്ദൂൻ അൽ കുവാരി
ദോഹ: മരുഭൂമിയിലെ ദുർഘട പാതകളും, മണൽ ട്രാക്കുകളും ചീറിപ്പായുന്ന മിഡിലീസ്റ്റ് റാലി ചാമ്പ്യൻഷിപ്പിൽ പലതവണ ഖത്തറിന്റെ മറൂൺ പതാക പറത്തിയ റേസിങ് ഡ്രൈവർ നാസർ സഅ്ദൂൻ അൽ കുവാരി വേഗട്രാക്കിനോട് വിടപറഞ്ഞു.
ഏഴ് തവണ മിഡിലീസ്റ്റ് റാലി ചാമ്പ്യനായ നാസർ സഅ്ദൂൻ 25 വർഷം നീണ്ട കരിയറിനൊടുവിലാണ് വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമാണെന്നായിരുന്നു ഏറ്റവും മികച്ച കോ ഡ്രൈവർ എന്ന നിലയിൽ ശ്രദ്ധേയനായി നാസർ സഅ്ദൂനിന്റെ വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രതികരണം. ഏറ്റവും മികച്ച രീതിയിൽ ഖത്തറിനെ പ്രതിനിധീകരിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയാണ് നാസർ സഅ്ദൂൻ അൽ കുവാരി വിരമിക്കൽ പ്രഖ്യാപിച്ചത്.
മിഡിലീസ്റ്റിലും വടക്കേ ആഫ്രിക്കയിലുമായി കാർ റേസിങ് പ്രേമികൾക്കിടയിൽ മികച്ച കോ-ഡ്രൈവറായാണ് ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. 10 തവണ ഖത്തർ റാലി ചാമ്പ്യൻഷിപ്പും ആറ് കുവൈത്ത് റാലിയും വിവിധ പ്രാദേശിക-അന്തർദേശീയ കിരീടവും രണ്ടര പതിറ്റാണ്ട് നീണ്ട കരിയറിൽ നാസർ അൽ കുവാരിയെ തേടിയെത്തി.
കരിയറിൽ 31 വ്യത്യസ്ത ഡ്രൈവർമാർക്കൊപ്പം സഞ്ചരിച്ച നാസർ, കഴിഞ്ഞ സീസണിൽ സഹോദരൻ അബ്ദുൽ അസീസിനെ കന്നി മിഡിലീസ്റ്റ് ചാമ്പ്യനാക്കുന്നതിലും പങ്കുവഹിച്ചു.
കഴിഞ്ഞ വർഷം കരിയർ അവസാനിപ്പിക്കാനായിരുന്നു പദ്ധതി. എന്നാൽ അതത്ര എളുപ്പമുള്ളതായിരുന്നില്ലെന്നും നാസർ പറയുന്നു. ഡാക്കർ റാലിയിലും മിഡിലീസ്റ്റ് ബായ കപ്പിലും ചലഞ്ചർ വിഭാഗത്തിൽ അദ്ദേഹം അടുത്തിടെ നാലാമതെത്തിയിരുന്നു.
സഹോദരൻ അബ്ദുൽ അസീസുമായി ചേർന്ന് മിഡിലീസ്റ്റ് റാലി ചാമ്പ്യനാകാൻ സാധിച്ചത് ജീവിതത്തിലെ മികച്ച നിമിഷങ്ങളിലൊന്നായിരുന്നെന്നും അതോടെ തന്റെ ദൗത്യം പൂർത്തിയായതായി തോന്നിയെന്നും അദ്ദേഹം പങ്കുവെച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.