കാർബൺ ഫൂട്ട്പ്രിൻറ് സർവേ: പരിശീലനം നേടിയത് 600ലധികം അധ്യാപകർ
text_fieldsദോഹ: വീടുകളിൽനിന്നും താമസസ്ഥലങ്ങളിൽനിന്നുമായി പുറന്തള്ളപ്പെടുന്ന കാർബൺ അളവ് തിട്ടപ്പെടുത്തുന്നതിനും ഊർജ സ്രോതസ്സുകളുടെ ഉപഭോഗം മനസ്സിലാക്കുന്നതിനുമായി നടത്തുന്ന സർവേക്കായി 650ഓളം അധ്യാപകർ പരിശീലനം നേടിയതായി അധികൃതർ.
അറബ് യൂത്ത് ക്ലൈമറ്റ് മൂവ്മെൻറ് ഖത്തറാണ് (എ.വൈ.സി.എം.ക്യു) ഹൗസ്ഹോൾഡ് കാർബൺ ഫൂട്ട്പ്രിൻറ് ഇനിഷ്യേറ്റിവുമായി രംഗത്തുള്ളത്.
പൊതുജനാരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി, യുനെസ്കോ ജി.സി.സി എന്നിവരുമായി സഹകരിച്ച് ഖത്തറിലെ അമേരിക്കൻ എംബസിയുടെ സാമ്പത്തിക സഹകരണത്തോടെയാണ് സർവേ നടത്തുന്നത്.
കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ വ്യക്തികൾക്ക് എങ്ങനെ ഭാഗമാകാമെന്നും സർവേയിലൂടെ അധികാരികൾക്ക് കൃത്യമായ വിവരങ്ങൾ നൽകാനും ഈ സംരംഭം ഏറെ സഹായകമാകുമെന്ന് എ.വൈ.സി.എം.ക്യൂ എക്സിക്യൂട്ടിവ് ഡയറക്ടർ നിഷാദ് ഷാഫി പറഞ്ഞു.
സർവേയുടെ ഭാഗമായി 650 അധ്യാപകർക്ക് പരിശീലനം നൽകിക്കഴിഞ്ഞു.
സ്കൂളുകളിൽ സർവേ നടത്തുന്നതിൽ വിദ്യാർഥികളെ സഹായിക്കാൻ ഇവർക്കാകും. സർക്കാർ സ്കൂളുകളിൽ സർവേ സംഘടിപ്പിക്കാൻ അനുമതി നൽകിയ വിദ്യാഭ്യാസ മന്ത്രാലയത്തിന് നന്ദി അറിയിക്കുന്നുവെന്ന് നിഷാദ് ഷാഫി കൂട്ടിച്ചേർത്തു. വിവരശേഖരമുൾപ്പെടെ മൂന്നു ഘട്ടമായാണ് സർവേ നടത്തുക.
രണ്ടായിരത്തോളം വീടുകളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്കൂളുകളും സർവേയുടെ ഭാഗമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുകൂടി സർവേ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
2030ഓടെ 25 ശതമാനം കാർബൺ ഫൂട്ട്പ്രിൻറ് കുറക്കുകയെന്ന ലക്ഷ്യം മുൻനിർത്തി കഴിഞ്ഞ വർഷം ഒക്ടോബറിൽ ഖത്തർ ദേശീയ കാലാവസ്ഥ വ്യതിയാന കർമപദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.