കരുതലോടെ, പഠനത്തിരക്കിലേക്ക്
text_fieldsദോഹ: മാസ്കണിഞ്ഞും അകലം പാലിച്ചും കൈകൾ ശുദ്ധിയാക്കിയും ശരീരസുരക്ഷ ഉറപ്പാക്കി രാജ്യത്തെ 560ഒാളം വരുന്ന സ്കൂളുകളിൽ വീണ്ടും പഠനകാലം.
മുൻ അധ്യയന വർഷത്തിൽ പകുതി വഴിയിൽ, 30 ശതമാനം ശേഷിയോടെ തുടങ്ങിയ ക്ലാസുകൾ ഇക്കുറി നേരത്തേ തന്നെ കൂടുതൽ ശേഷിയോടെ ആരംഭിച്ചു. സർക്കാർ, സ്വകാര്യ മേഖലയിലെ കെ.ജി ക്ലാസുകൾ മുതൽ സെക്കൻഡറി തലം വരെയുള്ള സ്കൂളുകൾ തിങ്കളാഴ്ച പ്രവർത്തനം തുടങ്ങി.
50 ശതമാനം കുട്ടികൾക്ക് പ്രവേശനം നൽകി, ബെൻഡിഡ് ലേണിങ് സംവിധാനത്തിലൂടെ ഓൺലൈൻ -ഓഫ് ലൈൻ ആയാണ് പുതിയ അധ്യയന വർഷം ആരംഭിച്ചത്.
മലയാളി വിദ്യാർഥികൾ ഏറെയും ആശ്രയിക്കുന്ന സി.ബി.എസ്.ഇ കരിക്കുലത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകളിൽ രണ്ടാം ടേമാണിത്. ഏപ്രിലിൽ തന്നെ ഇവിടങ്ങളിൽ 2021-22 അധ്യയന വർഷം ആരംഭിച്ചിരുന്നു. ഏതാനും സ്കൂളുകൾ കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ക്ലാസ് ആരംഭിച്ചു. മറ്റ് ഏഷ്യൻ കരിക്കുലത്തിലുള്ള സ്കൂളുകളിലും രണ്ടാം ടേമിനാണ് ഞായറാഴ്ച തുടക്കം കുറിച്ചത്.
ഏറെ നാളുകൾക്കുശേഷം കാണുന്ന കുട്ടികൾ തമ്മിൽ അടുത്തിടപഴകുന്നത് ഒഴിവാക്കാനായി അധ്യാപകരും അനധ്യാപകരും ഉൾപ്പെടെയുള്ളവർ നേരത്തേ തന്നെ ഒരുങ്ങിയിരുന്നു. വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിൻെറയും വിവിധ സ്കൂൾ മാനേജ്മെൻറുകളുടെയും നേതൃത്വത്തിൽ ഇതുസംബന്ധിച്ച് ജീവനക്കാർക്ക് പരിശീലനം നൽകി.
ബയോബബ്ൾ സുരക്ഷയിലാണ് സ്കൂളുകളിൽ കുട്ടികളുടെ ഇടപെടൽ.
കൂടുതൽ പുതിയ അധ്യാപകരെയും ഈ അധ്യയന വർഷത്തിൽ വിവിധ സ്കൂളുകളിൽ നിയമിച്ചതായി വിദ്യാഭ്യാസ മന്ത്രി അബ്ദുൽ വാഹിദ് അൽ ഹമ്മാദി പറഞ്ഞു.
530 അധ്യാപകരാണ് പുതുതായി ജോയിൻ ചെയ്തത്. പുതിയ സംവിധാനത്തിലെ ഹാജർ നില സംബന്ധിച്ച് കഴിഞ്ഞദിവസം മന്ത്രാലയം വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. ഒരു വിദ്യാർഥി രണ്ടാഴ്ചയിൽ അഞ്ചു ദിവസം ക്ലാസിലെത്തണമെന്നാണ് പ്രധാനം നിർദേശം.
യാത്രാ പ്രതിസന്ധി
അധ്യയനവർഷം ആരംഭിച്ചെങ്കിലും ചിലയിടങ്ങളിൽ കുട്ടികളെ സ്കൂളുകളിലെത്തിക്കാൻ ബസ് സംവിധാനമില്ലാത്തത് രക്ഷിതാക്കൾക്ക് തിരിച്ചടിയാവുന്നു. 50 ശതമാനം ശേഷിയിൽ മാത്രം പ്രവർത്തിക്കുന്നതിനാൽ ബസ് സംവിധാനം ഒരുക്കാനാവില്ലെന്നാണ് സ്കൂൾ അധികൃതരുടെ നിലപാട്. ഇതുകാരണം, സ്വന്തം വാഹനങ്ങളിലും മറ്റുമായി കൂട്ടികളുമായി രക്ഷിതാക്കൾ സ്കൂളുകളിലെത്തുന്നതോടെ രാവിലെയും ഉച്ചസമയങ്ങളിലും ഗതാഗതത്തിരക്കും രൂക്ഷമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.