വിജയത്തിളക്കവുമായി ഇന്ത്യൻ സ്കൂളുകൾ
text_fieldsദോഹ: സി.ബി.എസ്.ഇ പത്ത്, 12ാം ക്ലാസ് പരീക്ഷകളിൽ മികച്ച വിജയവുമായി ഖത്തറിലെ ഇന്ത്യൻ സ്കൂളുകൾ. വിവിധ സ്കൂളുകൾ നൂറുശതമാനത്തിന്റെ തിളക്കമാർന്ന ജയം സ്വന്തമാക്കി. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തിയാണ് എം.ഇ.എസ് ഇന്ത്യൻ സ്കൂൾ, ഐഡിയൽ, ശാന്തിനികേതൻ തുടങ്ങിയ സ്കൂളുകൾ വിജയക്കൊടി പാറിച്ചത്. പത്താം തരത്തിൽ എം.ഇ.എസ് സ്കൂളിലെ അഥീന റോസ് തോമസ് 98.6 ശതമാനം മാർക്കുമായി മികച്ച വിജയം നേടി. ഐഡിയൽ സ്കൂളിലെ വേണിക അനിൽ 98.2ശതമാനം മാർക്കും നേടി. നിരവധി കുട്ടികൾ 90 ശതമാനത്തിന് മുകളിലും മാർക്കുകൾ നേടി. നല്ലൊരു ശതമാനം കുട്ടികളും മുഴുവൻ വിഷയങ്ങളിലും എ വൺ നേടി ഉന്നത പഠനത്തിന് യോഗ്യത നേടി.
പരീക്ഷാഫലം നേരത്തേ വന്നത് കേരളത്തിൽ തുടർപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമാകും. 12ാം ക്ലാസിലെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഇന്ത്യയിൽ തന്നെയാകും ഉപരിപഠനം നടത്തുക. ഐസർ, എൻജിനീയറിങ് എന്നിവക്കുള്ള പ്രവേശന പരീക്ഷകൾ എഴുതുന്ന വിദ്യാർഥികളും നിരവധിയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഫലം നേരത്തേ പ്രഖ്യാപിച്ചതും കേരളമടക്കമുള്ള സ്ഥലങ്ങളിൽ തുടർ പഠനം നടത്താൻ സൗകര്യമായി. മുൻ വർഷങ്ങളൊക്കെ കേരളത്തിലെ പ്ലസ് വൺ നടപടികൾ കഴിഞ്ഞ ശേഷമായിരുന്നു ഫലം പ്രഖ്യാപിച്ചിരുന്നത്. ഇത് കേരളത്തിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന പലർക്കും തിരിച്ചടിയായി.
പത്തരമാറ്റ് മികവിൽ എം.ഇ.എസ്
ദോഹ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ തിളക്കമാർന്ന ജയത്തോടെ ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷക്കിരുത്തിയാണ് എം.ഇ.എസ് വിജയശതമാനത്തിലും ഉയർന്ന മാർക്കിലും നേട്ടം കൊയ്തത്. പത്താം തരത്തിൽ 555 വിദ്യാർഥികളെ പരീക്ഷക്കിരുത്തി നൂറ് ശതമാനം വിജയം നേടി. 135 വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്കും, 379 വിദ്യാർഥികൾ 75 ശതമാനത്തിന് മുകളിൽ മാർക്കുമായി ഡിസ്റ്റങ്ഷനും നേടി. 98.6 ശതമാനം മാർക്ക് നേടിയ അഥീന റോസ് തോമസാണ് ടോപ്പർ. മുഹമ്മദ് റയാൻ (97.2 ശതമാനം), അതുല്യ അനിൽ കുമാർ (97 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനക്കാരായി.
മുഴുവൻ മാർക്കും നേടിയവർ: പൂജ ശെൽവകുമാർ, സിഷാൻ അഹമ്മദ്, ഫിസ തസ്നീം റൈഫ് (ഗണിതശാസ്ത്രം-സ്റ്റാൻഡേഡ്), അബീർ ആദിൽ അക്തർ (ഗണിതം-ബേസിക്), ഫാത്തിമ റിയാൻ (സോഷ്യൽ സയൻസ്), അഥീന റോസ് തോമസ് (സയൻസ്), ബുഷ്റ മുഹമ്മദ് ഹനിഫ് നാസിർ, അഹമ്മദ് ഖലീൽ ഠാകുർ, ഫൗസ, അഫിഫ (അറബിക്), അരീബ ഫിറോസ് (ഉർദു), ആലിയ മുഹമ്മദ് സകീർ, ദിയ സൗമ്യ ദിൽകർ, ഫാത്തിമ സന റഷീദ് (മലയാളം), മുഹമ്മദ് അർഷ് (ഫ്രഞ്ച്). 18 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ വൺ ഗ്രേഡ് നേടി.
പന്ത്രണ്ടാം തരത്തിലും എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ മികച്ച വിജയം സ്വന്തമാക്കി. 522 പേർ പരീക്ഷയെഴുതിയപ്പോൾ 342 പേർ ഡിസ്റ്റിങ്ഷൻ മാർക്കുമായി വിജയിച്ചു. സയൻസ് വിഭാഗത്തിൽ അലി ഫൈയാസ് അഹ്മദ് അൻസാരി, ജിയ ജയപ്രകാശ് എന്നവർ 97.4 ശതമാനം മാർക്കുമായി സ്കൂൾ ടോപ്പേഴ്സ് ആയി. മാഹിക് ശൈഖ് മുഹമ്മദ് ഷമീൻ, ശ്രേയ ഹരി (96.4) എന്നിവരാണ് രണ്ടാമത്. മിഖ ലിയ മാത്യു (96)മൂന്നാമതെത്തി. കോമേഴ്സ് സ്ട്രീമിൽ ജൊഹാൻ ചെറിയാൻ ജോർജ് (95 ശതമാനം) സ്കൂൾ ടോപ്പറായി. മുഹമ്മദ് റോഷൻ മെഹബൂബ് (93.4 ശതമാനം) രണ്ടും, ആലിയ അൻവർ ചൗഗ് ലേ, ലുബ്ന അഷ്റഫ്, നേഹ വർഗീസ് (92 ശതമാനം) എന്നിവർ മൂന്നും സ്ഥാനക്കാരായി.
ഹ്യുമാനിറ്റീസ് സ്ട്രീമിൽ ആയിഷ അബ്ദുൽ അസീസ് (89.8 ശതമാനം) ആണ് സ്കൂൾ ടോപ്പർ. ശരണ്യ ദിനേശ് (88.6 ശതമാനം), അലിഷ ഇസ്മായിൽ ദദാൻ (88.4) മൂന്നാമതായി. 32 വിദ്യാർഥികൾ അഞ്ചു വിഷയങ്ങളിൽ എ വൺ നേടി മികച്ച വിജയം സ്വന്തമാക്കി. ഉന്നത വിജയം നേടിയ വിദ്യാർഥികളെയും, അവരെ വിജയത്തിലേക്ക് നയിച്ച അധ്യാപകരെയും രക്ഷിതാക്കളെയും എം.ഇ.എസ് സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദറും അഭിനന്ദിച്ചു. ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം ഇന്ത്യൻ എംബസി, സ്കൂൾ മാനേജ്മെന്റ് എന്നിവരുടെ പിന്തുണക്കും പ്രിൻസിപ്പൽ നന്ദി അറിയിച്ചു.
നൂറു ശതമാനം വിജയത്തിൽ നോബ്ൾ സ്കൂൾ
ദോഹ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയവുമായി നോബ്ൾ ഇന്റർനാഷനൽ സ്കൂൾ. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം നേടി. പത്താം തരത്തിൽ അബ്രിൻ റെജി (96.8 ശതാമനം) , അമൽ ഷിബു (96 ശതമാനം) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. പരീക്ഷയെഴുതിയ പതിമൂന്ന് വിദ്യാർഥികൾ 90 ശതമാനത്തിലധികം മാർക്കും 55 വിദ്യാർഥികൾ 80 ശതമാനത്തിലധികം മാർക്കും നേടി ചരിത്ര വിജയത്തിന്റെ മാറ്റ് വർധിപ്പിച്ചു.
പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയ 20 ശതമനത്തോളം വിദ്യാർഥികളും 90 ശതമാനത്തിലധികം മാർക്ക് കരസ്ഥമാക്കി. മുഹമ്മദ് സാദ് നവാസ് (96 ശതമാനം) ഒന്നാം സ്ഥാനവും ആസാദ് മക്ബൂൽ ഭത്കർ (95) , അല മാക്കി (95) എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പരീക്ഷ എഴുതിയ എല്ലാ വിദ്യാർഥികളും മികച്ച വിജയം നേടി. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും പ്രശംസനീയമായ സേവനത്തിലൂടെ അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും പ്രിൻസിപ്പൽ ഷിബു അബ്ദുൽ റഷീദ് ,വൈസ് പ്രിൻസിപ്പൽസ് ജയ് മോൻ ജോയ്,റോബിൻ കെ ജോസ്, ഷിഹാബുദ്ദീൻ എന്നിവരും അഭിനന്ദിച്ചു.
മിന്നും വിജയത്തിൽ ഭവൻസ്
ദോഹ: ഭവൻസ് സ്കൂൾ പന്ത്രണ്ടാം ക്ലാസ് സയൻസിൽ അയാൻ മുഹമ്മദ് നജീബ് (94.6 ശതമാനം) ടോപ് സ്കോററായി. അനബെൽ റോബിൻ (91.4 ശതമാനം), അർജുൻ സന്തോഷ് കുമാർ (90.6 ശതമാനം), നികിത് ജിൻറോ (90 ശതമാനം) എന്നിവരാണ് മറ്റു ടോപ്പേഴ്സ്. കോമേഴ്സിൽ റോണ ജോൺസൺ (88.4 ശതമാനം), ഡാരൽ നോയൽ (88.2ശതമാനം) ഉന്നത വിജയം നേടി.
പത്താംതരത്തിലും ഭവൻസ് പബ്ലിക് സ്കൂളിൽനിന്നും പരീക്ഷയെഴുതിയ വിദ്യാർഥികൾ മിന്നും വിജയം നേടി. 97.20 ശതമാനം മാർക്ക് നേടിയ സഅദ അഹ്മദ് ടോപ് സ്കോററായി . ജന്നാതുൽ മൗവ (96.60 ശതമാനം), ശിവം സചിൻ (96.2ശതമാനം), അലൻ ബൈജു (96) എന്നിവരും മികച്ച ജയം നേടി. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.