പ്രവാസത്തിന് വിരാമം; എം.എസ്.എക്ക് എഴുതിത്തീർക്കാൻ ഒരുപാടുണ്ട്
text_fieldsദോഹ: ആഭ്യന്തര മന്ത്രാലയത്തിലെ പ്രൂഫ് റീഡർ ജോലിയും എഴുത്തു ജീവിതവുമായി കാൽനൂറ്റാണ്ട് തികയുന്ന പ്രവാസം മതിയാക്കി എം.എസ്. അബ്ദുൽ റസാഖ് ഖത്തറിൽനിന്നും നാടണയാൻ ഒരുങ്ങുന്നു. ‘എം.എസ്.എ. റസാഖ്’ എന്ന തൂലികാ നാമം മലയാള ഇസ്ലാമിക വായനക്കാർക്ക് പരിചിതമാകുന്നത് ഖത്തറിലെ പ്രവാസകാലത്തിൽ നിന്നുള്ള ഇദ്ദേഹത്തിന്റെ രചനകളിലൂടെയായിരുന്നു.
1998ലായിരുന്നു കോട്ടയം ഈരാറ്റുപേട്ട സ്വദേശി എം.എസ്.എ. റസാഖ് പ്രവാസി കുപ്പായമണിയുന്നത്. തൊഴിലും താമസസ്ഥലവും വാരാന്ത്യ അവധിയിൽ കൂട്ടുകാർക്കൊപ്പമുള്ള ആഘോഷങ്ങളുമായി തീർക്കുന്നതാണ് സാധരണ പ്രവാസിയുടെ ജീവിതമെങ്കിൽ, റസാഖിന്റെ വഴി വേറിട്ടതായിരുന്നു. ഇടവേളകളെ എഴുത്തും വായനയുംകൊണ്ട് അദ്ദേഹം ധന്യമാക്കി. ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതരുടെ കൃതികൾ മുതൽ, സാഹിത്യ രചനകളും മറ്റും വായിച്ചുകൂട്ടിയ അദ്ദേഹം, അവയെ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തുകൊണ്ടിരുന്നു. ഇതിനിടെ, ഇസ്ലാമിക വിഷയങ്ങളിലും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും മിഡിൽഈസ്റ്റ് രാഷ്ട്രീയങ്ങളിലുമെല്ലാം ലേഖനങ്ങളും കുറിപ്പുകളുമായി പത്രങ്ങളിലും ആനുകാലികങ്ങളിലും സജീവമായി. അങ്ങനെ, നീണ്ട 24 വർഷത്തെ പ്രവാസത്തിന് വിരാമം കുറിച്ച് ജനുവരി ആദ്യവാരത്തിൽ നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് എം.എസ്.എ. റസാഖ്.
ഇടുക്കി ജില്ലയിലെ രാമക്കൽമേട്ടിൽ പിറന്ന് സ്കൂൾ, കോളജ് വിദ്യാഭ്യാസങ്ങൾ പൂർത്തിയാക്കി നാട്ടിൽ ഔദ്യോഗിക ജീവിതത്തിന് തുടക്കംകുറിച്ച ശേഷമായിരുന്നു ഖത്തറിലേക്ക് വിമാനം കയറുന്നത്. ഇസ്ലാമിക് പബ്ലിഷിങ് ഹൗസ്, ഇസ്ലാമിക വിജ്ഞാനകോശം, യുവസരണി തുടങ്ങിയ പ്രസിദ്ധീകരണ കേന്ദ്രങ്ങളിലും എം.ജി സർവകലാശാലക്കു കീഴിലും അധ്യാപകനുമായ സജീവ കരിയറിനിടെ, ജീവിത സാഹചര്യങ്ങൾ പ്രവാസിയാക്കിയപ്പോഴും തന്റെ ഇഷ്ടമേഖലകളെ കൈവിട്ടില്ല. അറബി ഭാഷയിലെ പരിജ്ഞാനവും, വായനയും എഴുത്തിന് ഊർജമായി. ‘കർമശാസ്ത്ര മദ്ഹബുകൾ ഒരു പഠനം, ഹജ്ജ് മാർഗദർശി, ഇസ്തിഗ്ഫാർ, നിത്യ ജീവിതത്തിലെ ദിക്റുകളും ഫലങ്ങളും, ഖുർആനും മുസ്ലിം സമൂഹവും, ആത്മീയപാതയിലെ മഹാരഥന്മാർ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. കേരളത്തിലെ പ്രമുഖരായ ഡി.സി ബുക്സും, ഐ.പി.എച്ചും ഉൾപ്പെടെയായിരുന്നു പ്രസിദ്ധീകരിച്ചത്. മൗലാനാ അബുൽ ഹസൻ അലി നദ്വി, ഡോ. യൂസുഫുൽ ഖറദാവി, ഡോ. അലി മുഹ് യിദ്ദീൻ അൽ ഖറദാഗി തുടങ്ങി പ്രശസ്ത പണ്ഡിതരുടെ വിവിധ രചനകളും മലയാളത്തിലേക്ക് മൊഴിമാറ്റം നിർവഹിച്ചു. ഇങ്ങനെ 13ഓളം പുസ്തകങ്ങളാണ് മൊഴിമാറ്റിയത്.
രചനാ മേഖലകളിലെ സജീവതക്കൊപ്പം വിവിധ സാമൂഹിക, മത സംഘടനകളുടെ പ്രവർത്തനങ്ങളുമായും നിറസാന്നിധ്യമായിരുന്നു. ഖത്തറിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മായ ‘കൊഡാക’, കോട്ടയം-ഇടുക്കി ജില്ലകളിലെ മുസ്ലിം കൂട്ടായ്മയായ ‘കിംസ്’, ഖത്തർ ഇന്ത്യൻ ഓഥേഴ്സ് ഫോറം എന്നിവയുടെ സ്ഥാപകാംഗം. ഒപ്പം, സി.ഐ.സി മദ്റ പ്രവർത്തനങ്ങൾക്കും മാർഗദർശിയായി പ്രവർത്തിച്ചു.
അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ എം.എസ്.എ. റസാഖ്, കോഴിക്കോട് ലോ കോളജിൽ നിന്ന് നിയമബിരുദവും നേടി. ബി.എഡ്, എം.എഡ് കൂടിയുള്ള ഇദ്ദേഹം നാട്ടിലെത്തി തന്റെ എഴുത്തിനായി കൂടുതൽ സമയം ചെലവഴിക്കാനുള്ള തീരുമാനത്തിലാണിപ്പോൾ. പണിപ്പുരയിലുള്ളത് ഉൾപ്പെടെ ഏതാനും പുസ്തകങ്ങൾ വൈകാതെ പുറത്തിറങ്ങുമെന്നും അദ്ദേഹം പറയുന്നു. അധ്യാപികയായി വിരമിച്ച സോഫിയയാണ് ഭാര്യ. മുഹ്സിൻ റസാഖ്, ഫഹ്മ സുഹാന, ഹിബ ശബ്നം എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.