ചെങ്കടൽ പ്രതിസന്ധി നീങ്ങാൻ വെടിനിർത്തൽ ആവശ്യം -ഊർജ സഹമന്ത്രി
text_fieldsദോഹ: ഗസ്സക്കെതിരെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണങ്ങൾ അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ചെങ്കടലിലെ പ്രതിസന്ധിക്ക് പരിഹാരമാകുമെന്ന് ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷരിദ അൽ കഅബി. ഗസ്സയിലെ ഇസ്രായേൽ ആക്രമണകാരണം മേഖലയിൽനിന്ന് പെട്രോളും വാതകങ്ങളും വഹിച്ചുള്ള കപ്പലുകളുടെ ഗതാഗതം പ്രതിസന്ധിയിലായ വേളയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗസ്സയിലെ ഇസ്രായേൽ അധിനിവേശമാണ് ചെങ്കടൽ വഴിയുള്ള എണ്ണ, വാതക കയറ്റുമതിയിൽ അസ്ഥിരത സൃഷ്ടിച്ചത്.
വെടിനിർത്തൽ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് ലോകത്തെ മുഴുവൻ സാമ്പത്തിക പ്രതിസന്ധികളും അവസാനിപ്പിക്കുമെന്നും പെട്രോകെമിക്കൽ കോംപ്ലക്സിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയെന്നോണം ചെങ്കടൽ വഴി നീങ്ങുന്ന ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കെതിരെ ഹൂതികൾ ആക്രമണം ആരംഭിച്ചതാണ് ലോകമെങ്ങും എണ്ണ, വാതക പ്രതിസന്ധിക്ക് വഴിവെച്ചത്. ഇതോടെ, ഖത്തർ എനർജി ഉൾപ്പെടെ വിവിധ കയറ്റുമതി രാജ്യങ്ങൾ ചെങ്കടൽ വഴിയുള്ള പാതക്കു പകരം ആഫ്രിക്കൻ വൻകര ചുറ്റി യാത്ര തിരഞ്ഞെടുത്തത് ആഗോള വിപണിയിൽതന്നെ വിലവർധനക്ക് കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.