ലോക ഹൈപർടെൻഷൻ ദിനം ആചരിച്ചു: രക്തസമ്മർദം മാരകമാകും, നിയന്ത്രിച്ചുനിർത്തണം
text_fieldsദോഹ: രക്തസമ്മർദം അഥവാ ബ്ലഡ് പ്രഷർ നിയന്ത്രിച്ചുനിർത്തുന്ന കാര്യത്തിൽ കണിശത പുലർത്തണമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) ഉണർത്തി. ലോക ഹൈപർടെൻഷൻ ദിനവുമായി ബന്ധപ്പെട്ടാണ് അധികൃതർ ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.മേയ് 17നാണ് ലോക അതിരക്തസമ്മർദ (ഹൈപർ ടെൻഷൻ) ദിനമായി ആചരിക്കുന്നത്. 'നിങ്ങളുെട രക്തസമ്മർദം കൃത്യമായി പരിശോധിക്കുക, നിയന്ത്രിച്ചുനിർത്തുക, ഏറെക്കാലം ജീവിക്കുക' എന്നതാണ് ഇത്തവണത്തെ ദിനാചരണമുദ്രാവാക്യം. രക്തസമ്മർദം കൂടുന്നതുമൂലമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാൻ ബ്ലഡ് പ്രഷർ നിയന്ത്രണം അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും അതുവഴി ആരോഗ്യകരമായ ജീവിതശൈലിയും ഉണ്ടാക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. മതിയായ പോഷകം ശരീരത്തിൽ ചെല്ലണം. ഒരുദിവസം അഞ്ച് ഗ്രാം ഉപ്പ് മാത്രമേ ശരീത്തിൽ ചെല്ലാവൂ. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആവശ്യത്തിന് കഴിക്കണം. ശരീരത്തിൽ കൊഴുപ്പുകൂടുന്നത് ഒഴിവാക്കണം. ഇതിനു പുറമേ ദിവസേന അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. ശരീരതൂക്കം നിയന്ത്രിച്ചുനിർത്തണം.
പുകയിലയുടേയോ പുകയില ഉൽപന്നങ്ങളുടെയോ ഉപയോഗം ഒഴിവാക്കണം, ആരോഗ്യകരമായ വഴികളിലൂടെ ശാരീരിക-മാനസിക സമ്മർദം മറികടക്കണം ഇത്തരത്തിൽ ജീവിതം ക്രമീകരിച്ചാൽ രക്തസമ്മർദത്തിെൻറ പ്രശ്നം ഒഴിവാക്കാം. രക്തസമ്മർദത്തിെൻറ അളവ് കൃത്യമായി പരിശോധിക്കണം. ആവശ്യമെങ്കിൽ ഡോക്ടറുെട സഹായം തേടണമെന്നും പി.എച്ച്.സി.സിയുടെ യൂനിവേഴ്സിറ്റി ഹെൽത്ത് കെയറിലെ ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. മുഹമ്മദ് അൽ തമീമി പറഞ്ഞു.
രക്തസമ്മർദം ഉയരുക എന്നത് ഒരു സാധാരണ കാര്യമാണ്. ഇതിന് മറ്റ് ലക്ഷണങ്ങൾ സാധാരണഗതിയിൽ കാണിക്കുകയില്ല. ഹൃദയം, രക്തക്കുഴലുകൾ എന്നിവയുടെ ജോലിസമ്മർദം കൂടുേമ്പാഴാണ് രക്തസമ്മർദം അധികരിക്കുക. ഇങ്ങനെ വരുേമ്പാൾ അവക്ക് പ്രവർത്തിക്കാൻ വലിയ അധ്വാനവും വേണ്ടിവരും. ശരിയായ കാര്യക്ഷമത ഉണ്ടാവുകയുമില്ല. രക്തസമ്മർദം അവഗണിച്ചാൽ തലച്ചോറിനെയും വൃക്കയെയും പ്രവർത്തനരഹിതമാക്കാനും മറ്റ് അവയവങ്ങൾ മരവിക്കാനും സാധ്യത കൂടുതലാണെന്നും വിദഗ്ധർ പറയുന്നു. പക്ഷാഘാതം ഉണ്ടാകാനും സാധ്യത ഏറെ കൂടുതലാണ്.
അമിതവണ്ണം, രക്തസമ്മർദത്തിനുള്ള എളുപ്പ വഴി
അമിത വണ്ണമുള്ളവർക്ക് രക്തസമ്മർദം കൂടാനുള്ള സാധ്യത ഏറെയാണെന്ന് നാഷനൽ ഒബിസിറ്റി ട്രീറ്റ്മെൻറ് സെൻറർ (ദേശീയ പൊണ്ണത്തടി ചികിത്സ കേന്ദ്രം) അധികൃതർ പറയുന്നു. ഹമദ് മെഡിക്കൽ കോർപറേഷന് കീഴിെല പൊണ്ണത്തടി ചികിത്സ കേന്ദ്രം ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും വലിയ ചികിത്സ കേന്ദ്രങ്ങളിലൊന്നാണ്. സേവനത്തിനായി +974 4439 5777 നമ്പറിൽ വിളിക്കാം.2017ൽ ആരംഭിച്ച കേന്ദ്രത്തിൽ പൊണ്ണത്തടിക്കെതിരെ നിരവധി സേവനങ്ങളാണ് നൽകുന്നത്.
ഖത്തർ നാഷനൽ ഹെൽത്ത് സ്ട്രാറ്റജിയുടെ ഭാഗമായി 2017ലാണ് ദേശീയ ചികിത്സ കേന്ദ്രം സ്ഥാപിക്കുന്നത്. മനുഷ്യശരീരത്തിെൻറ ഭാരവുമായി ബന്ധപ്പെട്ട മികച്ച ചികിത്സയാണ് ലഭിക്കുന്നത്. ജീവിതശൈലീ പരിഷ്കരണം, ബരിയാട്രിക്, എൻഡോസ് കോപിക് തുടങ്ങിയ വ്യത്യസ്തമായ ചികിത്സ രീതികളാണ് ഇവിടെയുള്ളത്. അമിതവണ്ണമുള്ളവര്‍ക്ക് പ്രത്യേകിച്ചും കോവിഡ് കാലത്ത് ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്.
ഇത്തരക്കാർക്ക് കോവിഡ് വന്നാൽ പ്രയാസം അധികരിക്കാം. ഇതിനാൽ അമിതവണ്ണമുള്ളവര്‍ പരിശോധനകളും പ്രതിരോധ കുത്തിവെപ്പുകളും കൃത്യമായി നടത്തണം.
നിലവിെല കോവിഡ് സാഹചര്യത്തില്‍ അമിതവണ്ണമുള്ളവര്‍ വീട്ടിനകത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ശരീരഭാരം കുറക്കാന്‍ ആരോഗ്യകരവും സുസ്ഥിരവുമായ മാറ്റങ്ങള്‍ പിന്തുടരാന് ശ്രമിക്കുകയും വേണം. രക്തസമ്മര്‍ദം, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തുടങ്ങിയവ ഒഴിവാക്കാനും ശരീരഭാരം മിതപ്പെടുത്തേണ്ടതുണ്ട്. ജീവിതശൈലിയിലുണ്ടാക്കുന്ന മാറ്റത്തിലൂടെ മിതമായ സമയപരിധിക്കുള്ളില്‍ അഞ്ചു മുതല്‍ 10 കിലോ വരെ ഭാരം കുറക്കാന്‍ സാധിക്കുമെങ്കില്‍ അത് ഏറെ നല്ലതാണ്.
കഴിക്കുന്ന ഭക്ഷണത്തിെൻറ അളവ്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ രീതി തുടങ്ങിയവ സംയോജിപ്പിക്കുന്ന തരത്തിലാണ് ഹമദ് മെഡിക്കല്‍ കോര്പറേഷന് കീഴില്‍ ദേശീയ ഒബിസിറ്റി ട്രീറ്റ്മെൻറ് കേന്ദ്രം സ്ഥാപിച്ചത്. മെഡിക്കല്‍ മാനേജ്മെൻറ്, ജീവിതശൈലി പരിഷ്കരണം തുടങ്ങി വിവിധ കാര്യങ്ങളിൽ ഈ കേന്ദ്രം വിവിധ സേവനങ്ങൾ നൽകുന്നുണ്ട്.
അമിതവണ്ണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നൽകുകയെന്നത് കേന്ദ്രത്തിെൻറ പ്രധാന പദ്ധതികളിലൊന്നാണ്. ഇതിനാൽ രോഗികള്‍ക്ക് അവരുടെ അവസ്ഥ നന്നായി മനസ്സിലാക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ചികിത്സ പദ്ധതിയില്‍ ഉറച്ചുനില്ക്കാനും സഹായിക്കും.
ഭൂരിഭാഗവും പൊണ്ണത്തടി പ്രശ്നങ്ങൾ നേരിടുന്നവർ
രാജ്യത്തിലെ മിക്കയാളുകളും പൊണ്ണത്തടിയുടെ പ്രശ്നങ്ങളിൽ ഉഴലുകയാണ്. ജനസംഖ്യയില്‍ 70 ശതമാനത്തിലധികവും അമിതഭാരത്തിെൻറയോ പൊണ്ണത്തടിയുടെയോ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ലോകത്തില്‍ പൊണ്ണത്തടിയുടെയും അമിതവണ്ണത്തിെൻറയും വ്യാപനം കൂടുതലുള്ള മേഖലയിലാണ് ഖത്തറിെൻറ സ്ഥാനം. 76.6 ശതമാനം ജനങ്ങള്‍ അമിതവണ്ണത്തിെൻറയോ പൊണ്ണത്തടിയുടെയോ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. ഇതില്‍തന്നെ 42 ശതമാനം അമിതവണ്ണമുള്ളവരാണ്.
ഖത്തറിലെ അഞ്ചു മുതല്‍ 19 വയസ്സുവരെ പ്രായമുള്ള കുട്ടികളില്‍ 21 ശതമാനത്തിലധികം പേരും അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരാണ്. കുട്ടികളില്‍ പൊണ്ണത്തടിയുടെ വ്യാപനം കൂടുതലാണെന്നത് ആശങ്കജനകമാണ്. പൊണ്ണത്തടിയുള്ളവരുടെ ജീവിതകാലയളവില്നിന്നും വര്‍ഷങ്ങള്‍ കുറയുമെന്നത് വ്യക്തമാണ്. 40 വയസ്സില്‍ ഒരാള്‍ക്ക് പൊണ്ണത്തടിയുണ്ടെങ്കില്‍ അദ്ദേഹത്തിെൻറ ആയുസ്സില്‍നിന്നും ആറുമുതല്‍ ഏഴുവരെ വര്‍ഷങ്ങളാണ് നഷ്ടമാകുന്നത്. പൊണ്ണത്തടിക്കൊപ്പം പുകവലി കൂടിയുണ്ടെങ്കില്‍ ആയുസ്സില്‍ നിന്നും നഷ്ടമാകുന്നത് 13 മുതല്‍ 14 വര്‍ഷം വരെയാണ്.
പുകവലി ശീലമില്ലാത്ത സാധാരണ വ്യക്തിയുടെ ജീവിതദൈര്ഘ്യത്തെക്കാള് 14 വര്‍ഷം വരെ കുറവായിരിക്കും ഇത്തരക്കാരുടെ ആയുര്‍ദൈര്‍ഘ്യം. പൊണ്ണത്തടി രക്തസമ്മർദത്തിനുള്ള സാധ്യത ഏറെ കൂട്ടുന്നതിനാൽ ശരീരഭാരം നിയന്ത്രിച്ചുനിർത്തൽ പ്രധാനകാര്യമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.