ഇനി ആഘോഷം ലുസൈലിൽ
text_fieldsദോഹ: നിലക്കാത്ത ആഘോഷങ്ങളുമായി പെരുന്നാളിനെ ഉത്സവമാക്കുന്ന ഖത്തറിലെ സ്വദേശികളും പ്രവാസികളും ഇന്നുമുതൽ ലുസൈലിലേക്ക്. ഖത്തറിലും മേഖലയിലും ആദ്യമായി സാക്ഷിയാവാൻ ഒരുങ്ങുന്ന ആകാശ വിസ്മയമായ ലുസൈൽ സ്കൈൽ ഫെസ്റ്റിവൽ വ്യാഴാഴ്ച കൊടിയേറും.
ഏപ്രിൽ മൂന്ന് മുതൽ അഞ്ചുവരെയാണ് ലുസൈലിലെ അൽ സദ്ദ് പ്ലാസയിൽ സ്കൈ ഫെസ്റ്റിവൽ അരങ്ങുതകർക്കുന്നത്. വൈകീട്ട് നാല് മുതൽ രാത്രി 10 വരെ നീണ്ടുനിൽക്കുന്ന ആകാശ ദൃശ്യ വിരുന്നിൽ ഖത്തറും ഗൾഫ് മേഖലയും ഇതുവരെ സാക്ഷ്യം വഹിക്കാത്ത അതിശയ കാഴ്ചകളാണ് ഒരുക്കുന്നത്.
ആകാശത്ത് വർണവും ദൃശ്യവും വാരിവിതറുന്ന അഭ്യാസങ്ങളുമായി 3000ത്തോളം ഡ്രോണുകൾ പറക്കും. എയർ ക്രാഫ്റ്റുകളിൽനിന്നുള്ള പെയ്ന്റിങ്, വെടിക്കെട്ട്, അന്താരാഷ്ട്ര എയ്റോബാറ്റിക്സ്, സ്കൈ ഡൈവിങ്, സ്കൈറൈറ്റിങ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസ്പ്ലേകൾ എന്നിവയുൾപ്പെടെ നിരവധി ആകാശ പ്രകടനങ്ങൾക്കാണ് ഇനി മൂന്നു ദിനം ലുസൈൽ സാക്ഷ്യം വഹിക്കുന്നത്. ലേസർ ഡിസ്പ്ലേകളും ആകാശ പൈറോടെക്നിക്കുകൾ വഴിയുള്ള അപൂർവ പ്രദർശനവും ഡ്രോൺ ഷോകളും നിറയുന്ന സ്കൈഫെസ്റ്റ് ഗൾഫ് മേഖലയിലെതന്നെ അത്യപൂർവ ഉത്സവകാഴ്ചയാവും ലുസൈലിൽ ഒരുക്കുന്നത്. ദാനഅൽ ഫർദാന്റെ സംഗീത ഷോയും അരങ്ങേറും.
ആകാശ കാഴ്ചകൾക്കപ്പുറം വിവിധ രുചികളിലുള്ള വിപുലമായി ഫുഡ് പ്രദർശനവും പരിപാടികളുടെ ഭാഗമായി നടക്കും. പ്രത്യേകം സജ്ജീകരിക്കുന്ന ഫുഡ് സോണിൽ 14ഓളം ട്രക്കുകളിലായി ഭക്ഷ്യമേള സജ്ജീകരിക്കുന്നുണ്ട്. പെരുന്നാളിനു പിന്നാലെ കതാറ കൾചറൽ വില്ലേജിലും സൂഖ് വക്റയിലും മുശൈരിബിലും മറ്റുമായി നടന്ന ആഘോഷങ്ങളുടെ തുടർച്ചയായാണ് ലുസൈലിൽ സ്കൈൽ ഫെസ്റ്റിവൽ ആരംഭിക്കുന്നത്.
ലുസൈലിലെ പരിപാടികൾക്ക് കാഴ്ചക്കാരായെത്താൻ ദോഹ മെട്രോ വഴി യാത്ര ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. റെഡ് ലൈനിൽ ലുസൈൽ ക്യൂ.എൻ.ബി സ്റ്റേഷനിൽ ഇറങ്ങിയാണ് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.