ആഘോഷപ്പെരുന്നാൾ
text_fieldsദോഹ: 29 ദിവസം നീണ്ടുനിന്ന വ്രതനാളുകൾക്കൊടുവിൽ മറ്റു ഗൾഫ് നാടുകൾക്കൊപ്പം ഖത്തറിലും വെള്ളിയാഴ്ച പെരുന്നാൾ ആഘോഷം. നാട്ടിൽ ബന്ധുക്കൾ 30 നോമ്പ് തികച്ച് ശനിയാഴ്ച പെരുന്നാൾ ആഘോഷിക്കുമ്പോൾ ഒരു ദിനം നേരത്തേയാണ് ഖത്തർ ഉൾപ്പെടെ പ്രവാസലോകത്തെ പെരുന്നാൾ. വെള്ളിയാഴ്ചയും പെരുന്നാളും ഒന്നിച്ചെത്തിയപ്പോൾ വാരാന്ത്യ അവധിയും ഒന്നിച്ച് പോയതിന്റെ സമ്മിശ്ര പ്രതികരണവും പ്രവാസികൾ പങ്കുവെക്കുന്നു. അതിരാവിലെ പെരുന്നാൾ നമസ്കാരവും ഉച്ചയോടെ ജുമുഅ നമസ്കാരവും നിർവഹിച്ചാവും ഇത്തവണ പ്രവാസത്തിലെ പെരുന്നാൾ.
പെരുന്നാൾ നമസ്കാരത്തിന് ഇസ്ലാമിക മതകാര്യ മന്ത്രാലയത്തിനു കീഴിൽ രാജ്യവ്യാപകമായി തയാറെടുപ്പുകളാണ് നടത്തിയത്. ഈദ്ഗാഹുകളും പള്ളികളുമായി 590 പെരുന്നാൾ നമസ്കാരകേന്ദ്രങ്ങൾ തയാറാക്കിയിട്ടുണ്ട്. രാവിലെ 5.21നാണ് നമസ്കാരം.
എജുക്കേഷൻ സിറ്റി സ്റ്റേഡിയം, മിഷൈരിബ് ഡൗൺ ടൗൺ, ഇബ്നു അബ്ദുൽ വഹാബ് ഗ്രാൻഡ് മസ്ജിദ് എന്നിവിടങ്ങളിൽ ഈദ് നമസ്കാര സൗകര്യങ്ങളുണ്ട്. ഇതിനു പുറമെ, പ്രധാന പള്ളികളിലും മൈതാനങ്ങളിലും നമസ്കാരം നടക്കും. ഇസ്ഗാവ, ഉമ്മു അൽ സനീം, അൽ സലാത ജദീദ്, ഉം സലാൽ, ഉം ഗുവൈലിന, ഉമ്മു ഖർന്, ഉമ്മു ലഖ്ബ, ബിൻ ഉംറാൻ, ബിൻ മഹ്മൂദ്, അബു സിദ്ര, അൽ തുമാമ, അൽ ജുമൈലിയ, അൽ ഖർതിയാത്, അൽ ജർയാൻ, അൽ ഹുവൈല, ഖറാറ, ഖാലിദിയ, ഷെഹാനിയ, പേൾ, അൽ ഹിലാൽ, റയ്യാൻ, മമുറ, ഇൻഡസ്ട്രിയൽ ഏരിയ, ദുഖാൻ, മതാർഖദീം, മദീന ഖലീഫ, അൽ വക്റ, മുഐതർ, അൽ വുഖൈർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഈദ് നമസ്കാരം നടക്കും.
അമീറിന്റെ ഈദ് നമസ്കാരം ലുസൈലിൽ
ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ലുസൈലിൽ ഈദ് നമസ്കാരം നിർവഹിക്കും. ശൈഖുമാർ, രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, ശൂറാ കൗൺസിൽ സ്പീക്കർ, അംഗങ്ങൾ ഉൾപ്പെടെ പ്രമുഖരും പൊതുജനങ്ങളും അമീറിനൊപ്പം ഈദ് നമസ്കാരം നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.