പതിനായിരങ്ങളുടെ വിശപ്പടക്കിയ ദൗത്യം
text_fieldsദോഹ: റമദാനിലെ 29 ദിനങ്ങളിലും, പിന്നാലെ പെരുന്നാളിനുമായി ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള അർഹരായവരിലേക്ക് ഭക്ഷണമെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മസംതൃപ്തിയിൽ സെൻറർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) റയാൻ സോൺ പ്രവർത്തകർ. കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ കമ്മിറ്റികളുടെയും വ്യക്തികളുടെയും സഹായത്തോടെ തുടരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി ഇത്തവണ 30,000 ഇഫ്താർ കിറ്റുകളാണ് റമദാനിൽ വിതരണം ചെയ്തത്. ലേബർ ക്യാമ്പുകൾ, ഫാമുകൾ, വിദൂര സ്ഥലങ്ങളിലെ ജോലിക്കാർ എന്നിവരായ അർഹർക്ക് ഭക്ഷണം നൽകാൻ സന്നദ്ധത അറിയിച്ച് ആളുകൾ എത്തുമ്പോൾ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് സി.ഐ.സി പ്രവർത്തകർ നിർവഹിക്കുന്നത്.
റമദാന് ഒരു മാസം മുമ്പേ തങ്ങളുടെ വളന്റിയർമാർ മരുഭൂമിയിലെ ഫാമുകൾ, ലേബർ ക്യാമ്പുകൾ എന്നിവ സന്ദർശിച്ച്, പ്രയാസപ്പെടുന്നവരെ കണ്ടെത്തി ഡേറ്റ ശേഖരിക്കുകയും പ്രയാസപ്പെടുന്നവരുടെ ലിസ്റ്റ് തയാറാക്കുകയും ചെയ്തിരുന്നു. ശേഷം, സഹായിക്കാൻ സന്മനസ്സുള്ള സംഘടനകളെയും സ്ഥാപനങ്ങളെയും വ്യക്തികളെയും കണ്ട് അവരുടെ പിന്തുണയോടെയും സഹകരണത്തോടെയും അർഹരായവരിലേക്ക് സഹായമെത്തിക്കുകയാണ് പ്രവർത്തന രീതി. സി.ഐ.സി റയ്യാൻ സോൺ എക്സിക്യൂട്ടിവ് അംഗങ്ങളായ സിദ്ദീഖ് വേങ്ങരയുടെയും താഹിർ ടി.കെയുടെയും നേതൃത്വത്തിൽ 40ൽ പരം വളൻറിയർമാരുടെ സഹകരണത്തോടെയാണ് ഈ സേവന പ്രവർത്തനങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നത്.
അബൂ നഖല, കരാന, ഉമ്മു ഗുറാൻ, ജെറിയാൻ, ഇൻഡസ്ട്രിയൽ ഏരിയ, ഷഹാനിയ, മുർറ തുടങ്ങി 15 ഓളം സ്ഥലങ്ങളിലും മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാർക്കും ഭർത്താക്കൻമാർ ജയിലിൽ കഴിയുന്ന കുടുംബത്തിനും, തുച്ഛമായ വേദനത്തിന് ജോലി ചെയ്യുന്ന ആളുകൾക്കുമാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തിരിക്കുന്നത്.
വഹബ് ഫൗണ്ടേഷൻ, തെലങ്കാന വെൽഫെയർ അസോസിയേഷൻ, ഐ.ടി.പി.എൻ, അൻസാർ അലുമ്നി, മലയാളികളായ സർക്കാർ ജീവനക്കാർ, ഖത്തർ മലയാളീസ്, മല്ലു വളൻറിയേഴ്സ്, വിവിധ എം.ഇ.എസ് കോളജ് അലുമ്നികൾ, വിവിധ മഹല്ല് കമ്മിറ്റികൾ, വ്യക്തികൾ, പ്രമുഖ വനിത കൂട്ടായ്മകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്.
റമദാൻ തുടക്കം മുതൽ ഇതുവരെ 30,000ത്തിൽ പരം ഭക്ഷണ കിറ്റുകളും 300 ഓളം മറ്റു ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു. ഇതോടൊപ്പം 150 പേർക്ക് പെരുന്നാൾ പുതു വസ്ത്രങ്ങളും പെരുന്നാൾ ഭക്ഷണവും വിതരണം ചെയ്തതായി പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.