ചാലിയാർ കായികമേള: രജിസ്ട്രേഷൻ പൂർത്തിയായി
text_fieldsദോഹ: ദേശീയ കായിക ദിനമായ ഫെബ്രുവരി 14ന് വക്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഒമ്പതാമത് ‘ചാലിയാർ സ്പോർട്സ് ഫെസ്റ്റ് 2023’നുള്ള രജിസ്ട്രേഷൻ പൂർത്തിയായി. വിവിധ സ്പോർട്സ്, ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങൾക്കായുള്ള രജിസ്ട്രേഷൻ ഓൺലൈൻ വഴി പൂർത്തിയായപ്പോൾ ലഭിച്ച 500ലധികം അപേക്ഷകളിൽനിന്ന് ഫൈനൽ റിവ്യൂവിനുശേഷം 400 മത്സരാർഥികളുടെ അപേക്ഷ അംഗീകരിച്ചു.
ചാലിയാർ തീരത്തുള്ള 24 പഞ്ചായത്തുകളാണ് പങ്കെടുക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കുമായി വ്യത്യസ്ത ട്രാക്കിലും ഫീൽഡിലുമായാണ് മത്സരം. ഫെസ്റ്റിന്റെ ഭാഗമായുള്ള ഫുട്ബാളിന് തുടക്കമായി. ശനിയാഴ്ച ദോഹ ബ്രിട്ടീഷ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ കീഴുപറമ്പ്, കൊടിയത്തൂർ, ചീക്കോട്, കടലുണ്ടി പഞ്ചായത്ത് ടീമുകൾ സെമി ഫൈനലിൽ പ്രവേശിച്ചു.
ഫെബ്രുവരി 14ന് രാവിലെ ഏഴോടെ അൽവക്ര സ്പോർട്സ് ക്ലബിൽ മാർച്ച്പാസ്റ്റോടെ കായിക മേള ആരംഭിക്കും. ഘോഷയാത്രയിൽ വ്യത്യസ്ത പഞ്ചായത്തുകളുടെ ലേബലിൽ 1000ത്തിലധികം ആളുകൾ പങ്കെടുക്കും. ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം ചെയ്യും. പ്രമുഖ ഖത്തരി വോളിബാൾ താരം മുബാറക്ക് ദാഹി മുഖ്യാതിഥിയാകും. ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി ഉൾപ്പടെയുള്ള അപെക്സ് ബോഡി അതിഥികൾ പങ്കെടുക്കും.
ഫുട്ബാൾ, വടംവലി, പഞ്ചഗുസ്തി, ഓട്ടമത്സരം, റിലേ, ലോങ്ജംപ്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ബാസ്കറ്റ്ബാൾ, പെനാൽറ്റി ഷൂട്ടൗട്ട്, സ്റ്റംപ് ബാൾ, തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടാവും.
അതോടൊപ്പം ഫിഫ ലോകകപ്പിൽ സ്തുത്യർഹമായ സേവനം നടത്തിയ വളന്റിയർമാരായ ചാലിയാർ ദോഹയിലെ നൂറോളം അംഗങ്ങളെ ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
രജിസ്ട്രേഷൻ റിവ്യൂ യോഗത്തിൽ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം, രതീഷ്, ലയിസ് കുനിയിൽ, ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ്, ട്രഷറർ ജാബിർ ബേപ്പൂർ, വി.സി. മഷ്ഹൂദ്, രഘുനാഥ്, അസീസ് ചെറുവണ്ണൂർ, അബി ചുങ്കത്തറ, ശാലീന രാജേഷ്, മുഹ്സിന സമീൽ, വൃന്ദ രതീഷ്, മുനീറ ചാലിയം, റിസാന എടവണ്ണ, ഫൗസിയ നസീം, പഞ്ചായത്ത് ടീം മാനേജർമാരായ ഉണ്ണികൃഷ്ണൻ എള്ളാത്ത് വാഴയൂർ, അക്ഷയ് കടലുണ്ടി, അബ്ദുറഹിമാൻ മമ്പാട്, റഊഫ് ബേപ്പൂർ, ഷംവീൽ വാഴക്കാട്, അനൂപ് സാദത്ത് ചെറുവണ്ണൂർ നല്ലളം, ജറീഷ് അഹമ്മദ്, റിയാസ് ബാജി കീഴുപറമ്പ്, രജീഷ് പോത്തുകല്ല് തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.