ചാമ്പ്യൻസ് ലീഗ്: ആശാനും ശിഷ്യനും നേർക്കുനേർ
text_fieldsദോഹ: അർജന്റീനയുടെ പഴയ പടക്കുതിര ഹെർനൻ ക്രെസ്പോ കളിതന്ത്രം മെനയുന്ന അൽ ദുഹൈൽ എസ്.സി ഒരുവശത്ത്. മറ്റൊരു അർജന്റീനക്കാരനും റിവർപ്ലേറ്റിന്റെ സൂപ്പർ താരവുമായ റാമോൺ ഡയസ് പരിശീലകനായ സൗദിയിൽനിന്നുള്ള അൽ ഹിലാൽ മറുഭാഗത്ത്.
ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ഖത്തർ വേദിയായ എ.എഫ്.സി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരങ്ങളുടെ സെമി ഫൈനൽ അങ്കം അർജന്റീന പരിശീലകരുടെ മുഖാമുഖ പോരാട്ടമായി മാറും. ആശാനും ശിഷ്യനും എന്ന പ്രത്യേകതയും റാമോൺ ഡയസ് -ക്രെസ്പോ അങ്കത്തിനുണ്ട്.
1996ൽ റാമോൺ ഡയസ് റിവർപ്ലേറ്റ് പരിശീലകനായിരിക്കുമ്പോൾ കോപ ലിബർറ്റഡോറസ് കപ്പിലേക്ക് ടീമിനെ നയിച്ച താരമായിരുന്നു ക്രെസ്പോ. അൽ തുമാമ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ദുഹൈൽ- അൽ ഹിലാൽ എന്നീ കരുത്തരുടെ പോരാട്ടം എന്ന നിലയിലാണ് ശ്രദ്ധേയമാവുന്നത്.
പടിഞ്ഞാറൻ മേഖല നോക്കൗട്ട് റൗണ്ട് എന്ന പേരിൽ അറിയപ്പെട്ട മത്സരത്തിലെ വിജയികളാവും ഏപ്രിൽ-മേയ് മാസങ്ങളിലായി ജപ്പാനിൽ നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക. ഹെർനാൻ ക്രെസ്പോയുടെ വരവോടെ രാജ്യാന്തര ഫുട്ബാൾ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടിയ ദുഹൈൽ മിന്നും ഫോമിലാണിപ്പോൾ. ആദ്യ മത്സരത്തിൽ അൽ റയ്യാനെയും, ക്വാർട്ടറിൽ അൽ ഷബാബിനെയും തോൽപിച്ചാണ് ദുഹൈലിന്റെ കുതിപ്പ്.
എന്നാൽ, ഇതുവരെയുള്ള പോലെയല്ല സെമിയിലെ മത്സരമെന്ന് കോച്ച് ക്രെസ്പോ ടീം അംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു. ‘ശക്തരായ ടീമിനെതിരായ മത്സരം കടുത്തതാവും. എന്നാൽ, ഞങ്ങളും മോശക്കാരല്ല. ഓരോ ചുവടും നന്നായി കളിച്ചാണ് ഈ ടീമിന്റെ മുന്നേറ്റം. ചരിത്രം തിരുത്തിയെഴുതി മുന്നേറാനാണ് ദുഹൈൽ ഒരുങ്ങുന്നത്. ഈ കുതിപ്പ് തുടരും. അൽ ഹിലാൽ നിലവിലെ ജേതാക്കളാണ്.
ദേശീയ-അന്തർ ദേശീയ തലത്തിൽ മികച്ച പരിചയ സമ്പത്തുമുണ്ട്. എന്നാൽ, ജേതാക്കളാകണമെങ്കിൽ എതിരാളിയുടെ വലിപ്പത്തിനു മുന്നിൽ ഭയക്കാതെ അവരെ തോൽപിക്കണമെന്നാണ് എന്റെ കുട്ടികളോട് ഞാൻ പറയുന്നത്’-കോച്ച് ക്രെസ്പോ പറഞ്ഞു. ഒരുമാസം മുമ്പ ക്ലബ് ലോകകപ്പ് കരുത്തരായ ഫ്ലെമിങ്ങോയെ തോൽപിക്കുകയും, പിന്നാലെ, ഫൈനലിൽ റയൽ മഡ്രിഡിനോട് പൊരുതുകയും ചെയ്ത ഹിലാൽ കരുത്തരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദുഹൈലിനെയും ക്രെസ്പോയെയും ചെറുതായി കാണുന്നില്ലെന്ന് ഹിലാൽ കോച്ച് റാമോൺ ഡയസ് പറഞ്ഞു. ‘ഞങ്ങൾക്ക് വേണ്ടത്ര പരിചയ സമ്പത്തുണ്ട്. കളിക്കാരും മികച്ച ആത്മവിശ്വാസത്തിലാണ്. എന്നാൽ, വലിയ സ്പിരിറ്റോടെയാണ് ദുഹൈൽ കളിക്കുന്നത്. മികച്ച നിലവാരമുള്ള മത്സരം തന്നെ പ്രതീക്ഷിക്കുന്നു’-അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.