സ്പോൺസർഷിപ് മാറ്റം ഇരുകക്ഷികളുടെയും അവകാശം സംരക്ഷിച്ച് മാത്രം
text_fieldsദോഹ: സ്പോൺസർഷിപ്പ് മാറ്റത്തിന് അതിേൻറതായ നിയമങ്ങളും നിയന്ത്രണങ്ങളും നടപടികളുമുണ്ടെന്നും എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് സ്പോൺസർഷിപ്പ് മാറ്റമെന്നും ഭരണനിർവഹണ വികസന തൊഴിൽ സാമൂഹിക മന്ത്രി യൂസുഫ് ബിൻ മുഹമ്മദ് ആൽ ഉഥ്മാൻ ഫഖ്റൂ. ശൂറാ കൗൺസിലിൽ തൊഴിൽ നിയമങ്ങൾ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്പോൺസർഷിപ് മാറ്റത്തിന് അപേക്ഷ നൽകിയവരുടെ എണ്ണം കുറവാണ്. അവയിൽതന്നെ കുറച്ച് അപേക്ഷകൾക്ക് മാത്രമാണ് അംഗീകാരം നൽകുന്നതെന്നും യൂസുഫ് മുഹമ്മദ് ആൽ ഉഥ്മാൻ ഫഖ്റൂ പറഞ്ഞു. ജീവനക്കാരനോ അല്ലെങ്കിൽ തൊഴിലാളിക്കോ തൊഴിലുടമ മാറുന്നതിന് അപേക്ഷ സമർപ്പിക്കാനുള്ള അവസരം നിയമം നൽകുന്നുണ്ട്. എന്നാൽ, പ്രസ്തുത അപേക്ഷക്ക് അംഗീകാരം നൽകുന്നത് ബന്ധപ്പെട്ട കക്ഷികളുമായി കൃത്യമായ ആശയവിനിമയം നടത്തിയതിന് ശേഷം മാത്രമായിരിക്കുമെന്നും തൊഴിൽമന്ത്രി കൂട്ടിച്ചേർത്തു.
ഖത്തർ ചേംബറുമായി ചേർന്ന് തൊഴിലാളിക്ക് സ്പോൺസർഷിപ്പ് മാറ്റം സാധ്യമാക്കുന്നതിനുള്ള സംവിധാനം തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ശൂറാ കൗൺസിൽ സ്പീക്കർ അഹ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് ആൽ മഹ്മൂദിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ് പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് തൊഴിൽ സാമൂഹികകാര്യ മന്ത്രി പങ്കെടുത്ത് സംസാരിച്ചത്. തൊഴിലുടമയുടെ മാറ്റം, തൊഴിലാളികളുടെ മുന്നറിയിപ്പില്ലാത്ത യാത്ര തുടങ്ങിയവ സംബന്ധിച്ച ശൂറാ കൗൺസിൽ അംഗങ്ങളുടെ അപേക്ഷയിലാണ് തൊഴിൽ നിയമങ്ങൾ സംബന്ധിച്ച് മന്ത്രിയുടെ പ്രസ്താവന.
ഖത്തർ ദേശീയ വിഷൻ 2030നോടനുബന്ധിച്ച് പുതിയ നിയമനിർമാണത്തിനുള്ള നീക്കത്തിലാണ് മന്ത്രാലയമെന്നും തൊഴിൽ വിപണിയെ കൂടുതൽ ഊർജസ്വലതയോടെയും ആധുനികമായും നിലനിർത്താൻ അതിനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് രാജ്യത്തേക്ക് കൂടുതൽ വിദേശനിക്ഷേപം കൊണ്ടുവരുന്നതിനും ആഗോള വിപണിയിൽ വലിയ മത്സരം സാധ്യമാക്കുന്നതിനും സഹായിക്കും. അവിദഗ്ധരും നിയമവിരുദ്ധരുമായ തൊഴിലാളികളുടെ എണ്ണം കുറക്കും. അതുവഴി തൊഴിൽ വിപണിയിൽ സന്തുലനം സൃഷ്ടിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.