മരുന്നിനായി കുഞ്ഞു മൽഖ കാത്തിരിക്കുന്നു; ഇനിയും വൈകരുതേ...
text_fieldsദോഹ: ഗുരുതരമായ ടൈപ് വൺ എസ്.എം.എ രോഗബാധിതയായ കൈക്കുഞ്ഞ് മൽഖ റൂഹിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ഖത്തർ ചാരിറ്റിയുടെ ആഹ്വാനം ഏറ്റെടുത്ത് ഖത്തറിലെ പ്രവാസി മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യൻ സമൂഹം. ഖത്തർ ചാരിറ്റി വഴി രണ്ടാഴ്ച മുമ്പ് ആരംഭിച്ച ധനശേഖരണം എത്രയും വേഗം ലക്ഷ്യത്തിലെത്തിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും, നാൽപതോളം സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്ത യോഗം തീരുമാനിച്ചു. ഇതിനായി, വരും ദിവസങ്ങളിൽ എല്ലാ മാർഗങ്ങൾ ഉപയോഗപ്പെടുത്തിയും ധനശേഖരണം സജീവമാക്കുകയും, ചുരുങ്ങിയ കാലയളവിനുള്ളിൽ ലക്ഷ്യം നേടുമെന്നും വിവിധ സംഘടന പ്രതിനിധികൾ വ്യക്തമാക്കി.
പാലക്കാട് മേപറമ്പ് സ്വദേശിയായ രിസാലിന്റെയും നിഹാലയുടെയും നാലുമാസം പ്രായമുള്ള മൽഖ റൂഹിയുടെ ചികിത്സക്കാവശ്യമായ മരുന്നിന് 1.16 കോടി റിയാൽ (26 കോടി രൂപ) ആണ് വേണ്ടത്. വിദേശത്തുനിന്നും എത്രയും വേഗത്തിൽ മരുന്ന് ലഭ്യമാക്കി, നേരത്തേ തന്നെ ചികിത്സ നൽകിയാൽ മാത്രമേ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ കഴിയൂ എന്നാണ് അൽ സിദ്ര മെഡിസിനിലെ ഡോക്ടർമാരും പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടികൾ ആവശ്യമായ മരുന്ന് ലഭ്യമാക്കാൻ ഖത്തർ ചാരിറ്റി ക്രൗഡ് ഫണ്ടിങ്ങിന് തുടക്കം കുറിച്ചത്. രണ്ടാഴ്ച പിന്നിട്ടിട്ടും തുകയുടെ ഏഴ് ശതമാനം മാത്രമാണ് ശേഖരിക്കാൻ കഴിഞ്ഞതെന്നും, വരും ദിവസങ്ങളിൽ വിവിധ മാർഗങ്ങളിലൂടെ ഫണ്ട് ഡ്രൈവ് ഊർജിതമാക്കണമെന്നും അത്ലൻ ക്ലബ് ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഖത്തർ ചാരിറ്റി ഡോണർ സർവിസ് ഡയറക്ടർ ഖാലിദ് അബ്ദുല്ല അൽ യാഫി, ഖത്തർ ചാരിറ്റി ഐ.ടി വിഭാഗം മാനേജർ ഹംദി ഷിഹാബ്, ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുൽറഹ്മാൻ, കെ.എം.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഈസ, ഇൻകാസ് വൈസ് പ്രസിഡന്റ് താജുദ്ദീൻ, പ്രവാസി വെൽഫെയർ പ്രസിഡന്റ് ചന്ദ്രമോഹൻ, സി.ഐ.സി ജനറൽ സെക്രട്ടറി ഷബീർ, എൻജിനീയേഴ്സ് ഫോറം പ്രസിഡന്റ് നിബു ജോസ്, ഇന്ത്യൻ ഡോക്കേഴ്സ് ക്ലബ് പ്രസിഡന്റ് ഡോ. സൈബു, മൽഖയുടെ പിതാവ് രിസാൽ എന്നിവർ സംസാരിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. യോഗത്തിൽ വിവിധ സംഘടനകളും വ്യക്തികളും തങ്ങളുടെ വിഹിതവും വാഗ്ദാനം ചെയ്ത് രംഗത്തെത്തി.
ഖത്തറിലെ പ്രബലരായ പ്രവാസി സമൂഹമായ ഇന്ത്യക്കാർ തങ്ങളുടെ മകളായി കരുതി മൽഖ റൂഹിയുടെ ചികിത്സയുടെ ഭാഗമാകണമെന്ന് ഖത്തർ ചാരിറ്റി പ്രതിനിധി ഖാലിദ് അബ്ദുല്ല അൽ യാഫി ആവശ്യപ്പെട്ടു. ഓൺലൈൻ വഴിയും നേരിട്ടുമുള്ള ഫണ്ട് ശേഖരണത്തിന്റെ വിവിധ മാർഗങ്ങൾ ഖത്തർ ചാരിറ്റി ഐ.ടി പ്രതിനിധി വിശദീകരിച്ചു. ക്യൂ.ആർ കോഡ് സ്കാൻ ചെയ്ത് ഖത്തർ ചാരിറ്റി ലിങ്കിൽ പ്രവേശിച്ച് നേരിട്ടു തന്നെ തങ്ങളുടെ സംഭാവന നൽകാവുന്നതാണ്. ഓൺലൈൻ ആപ് വഴിയും ചികിത്സാ ധനസമാഹരണത്തിൽ പങ്കുചേരാം. ഓൺലൈൻ വഴി പണം നൽകാൻ പ്രയാസമുള്ളവർക്ക്, വിവിധ മാളുകളിലും മറ്റുമുള്ള ഖത്തർ ചാരിറ്റിയുടെ കൗണ്ടറുകളിലെത്തി റഫറൻസ് നമ്പർ (206863) നൽകി ‘മൽഖ റൂഹി’ ചികിത്സ സഹായത്തിലേക്കുള്ള വിഹിതം നൽകാവുന്നതാണ്.
രിസാൽ- നിഹാല ദമ്പതികളുടെ ആദ്യ കൺമണിയായി നവംബറിൽ പിറന്ന മൽഖ റൂഹിയുടെ എസ്.എം.എ ബാധ രണ്ടു മാസത്തിനുശേഷം കുത്തിവെപ്പ് പരിശോധനക്കിടെയാണ് തിരിച്ചറിഞ്ഞത്. തുടർന്ന്, കുട്ടികളുടെ ആശുപത്രിയായ അൽ സിദ്രയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരിച്ചു. ഭീമമായ തുക വിലവരുന്ന ‘സോൾജെൻസ്മ’ എന്ന ജീൻ തെറപ്പി മരുന്നു മാത്രമാണ് പ്രതിവിധി എന്നതിനാലാണ് ഫണ്ട് ശേഖരണത്തിനായി ഖത്തർ ചാരിറ്റി തന്നെ മുൻകൈയെടുക്കുന്നത്. മിഡിലീസ്റ്റിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ വിഭാഗമായ ഖത്തർ ചാരിറ്റി ആദ്യമായാണ് ഒരു മലയാളി കുരുന്നിന്റെ ജീവൻ രക്ഷിക്കുന്നതിന് വിപുലമായ കാമ്പയിന് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.