വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; ചാർട്ടേഡ് വിമാനങ്ങളും താങ്ങാനാവുന്നില്ല
text_fieldsദോഹ: കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഫായിസ് കുടുംബസമേതമാണ് ദോഹയിൽ താമസിക്കുന്നത്. ഖത്തറിലെ യൂറോപ്യൻ സർവിസ് കമ്പനിയിൽ ജോലിചെയ്യുന്ന ഫായിസ് വേനലവധി കാലത്തും നാട്ടിലെത്തി കുടുംബത്തിനൊപ്പം അവധി ആഘോഷിക്കുകയാണ് പതിവ്. എന്നാൽ, ഇത്തവണ ഭാര്യയും രണ്ടു മക്കളും ഉൾപ്പെടുന്ന കുടുംബം നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന തീരുമാനത്തിലാണ്. മാസങ്ങൾക്കു മുമ്പുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ടായിരുന്നെങ്കിലും ഇത്തവണ കഴിഞ്ഞില്ല. എന്നാൽ, പിന്നീടുള്ള ഓരോ ദിവസവും ടിക്കറ്റ് വില കുതിച്ചുയർന്നതോടെ ഈ അവധിക്കാലം നാട്ടിലേക്ക് മടങ്ങാനുള്ള മോഹം മാറ്റിവെച്ചിരിക്കുകയാണ് ഈ നാലംഗ കുടുംബം.
ഇത് മുഹമ്മദ് ഫായിസിന്റെ മാത്രം അവസ്ഥയല്ല. സീസൺ, ഓഫ് സീസൺ വ്യത്യാസമില്ലാതെ വിമാനടിക്കറ്റ് നിരക്ക് ആകാശംമുട്ടെ ഉയരെ ആയതോടെ ദോഹയിൽനിന്നും നാട്ടിലേക്ക് പറക്കാൻ ആഗ്രഹിക്കുന്ന ഓരോ പ്രവാസി മലയാളിയുടെയും അവസ്ഥ ഇതാണ്. ്കൂൾ വേനലവധിയും മാസാവസാനം ബലിപെരുന്നാളുമായതോടെ ദോഹയിൽ നിന്നും കണ്ണൂർ, കോഴിക്കോട്, കൊച്ചി സെക്ടറുകളിലേക്കുള്ള വിമാന നിരക്ക് 30,000ത്തിന് മുകളിൽ എത്തിക്കഴിഞ്ഞു.
വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു; ചാർട്ടേഡ് വിമാനങ്ങളും താങ്ങാനാവുന്നില്ലജൂൺ 15ന് മുമ്പാണെങ്കിൽ ഇത് 30,000-35,000 രൂപ നിരക്കിലാണെങ്കിൽ പെരുന്നാൾ അവധി പ്രവേശിക്കുന്ന സമയത്ത് പിടിതരാതെയാണ് കുതിക്കുന്നത്. ദോഹയിൽനിന്നും കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്പ്രസിന് 50,000 രൂപയും ഖത്തർ എയർവേസിന് 60,000ത്തിന് മുകളിലും കണ്ണൂരിലേക്കുള്ള ഇൻഡിഗോക്ക് 43,000ത്തിന് മുകളിലുമാണ് നിലവിലെ ബുക്കിങ് സ്റ്റാറ്റസ് എന്ന് കോഴിക്കോട്ടെ പ്രമുഖ ട്രാവൽ ഏജൻസിയായ ‘ഫോർച്യൂണ ഹോളിഡെയ്സ്’ ഉടമ റഹീം നിലമ്പൂർ പറയുന്നു.
ചാർട്ടേഡ് വിമാനമിറങ്ങുമോ...?
അവധിക്കാലത്തും ഫെസ്റ്റിവൽ സീസണുകളിലും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് യാത്രാനിരക്ക് കുതിച്ചുയരുമ്പോൾ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും സംഘടനകളും ട്രാവൽ ഏജൻറുമാരും ഒരുക്കുന്ന ചാർട്ടർ വിമാനങ്ങൾ പ്രവാസികൾക്ക് ഒരു പരിധിവരെ ആശ്വാസമായിരുന്നു. പെരുന്നാൾ സീസണുകളിലും വേനലവധിക്കാലത്തുമെല്ലാം അങ്ങനെ നിരവധി സർവിസുകൾ മുൻ വർഷങ്ങളിൽ നടന്നതുമാണ്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ചാർട്ടർ വിമാനങ്ങളും ലഭ്യമല്ലെന്നതാണ് സാഹചര്യം.
വിമാനക്കമ്പനികളുടെ തീവെട്ടിക്കൊള്ള കണക്കിലെടുത്ത് സീസണിൽ ചാർട്ടർ വിമാനത്തിന് ഖത്തറിലെ പ്രമുഖ പ്രവാസി കൂട്ടായ്മയായ കൾചറൽ ഫോറം നേതൃത്വത്തിൽ ശ്രമിച്ചുവെങ്കിലും തടസ്സങ്ങൾ ഏറെയാണെന്ന് പ്രസിഡൻറ് എ.സി. മുനീഷ് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിച്ചു.
വിമാനക്കമ്പനികളിൽനിന്നും ആശ്വാസകരമായ നിരക്കിൽ ചാർട്ടർ വിമാനങ്ങൾ ലഭ്യമാവുന്നില്ലെന്നതാണ് ഏറ്റവും പ്രധാന വെല്ലുവിളി. നിലവിലെ വിമാന നിരക്കും ചാർട്ടർ വിമാനങ്ങളുടെ നിരക്കും തമ്മിൽ കാര്യമായി വ്യത്യാസമില്ലെന്നതും തിരിച്ചടിയാണ്. 60 സീറ്റുകളുള്ള വിമാനങ്ങൾ ചാർട്ടർ ചെയ്യുമ്പോൾ മുഴുവൻ യാത്രക്കാരുടെയും വിശദാംശങ്ങൾ നേരത്തെ നൽകണമെന്നാണ് ഏവിയേഷൻ നിയമം.
എന്നാൽ, ഈ പട്ടികയിലുള്ള യാത്രക്കാരിൽ കാൻസലേഷൻ അനുവദിക്കില്ലെന്നത് സംഘാടകർക്കും സാമ്പത്തിക ബാധ്യതയാവുമെന്നതിനാൽ ചാർട്ടർ വിമാനങ്ങളുമായി മുന്നോട്ടുപോകുന്നതിൽ നിന്നും സംഘടനകളെയും സ്ഥാപനങ്ങളെയും പിന്തിരിപ്പിക്കുന്നു.
മുൻവർഷങ്ങളിലേതുപോലെ ചാർട്ടർ ചെയ്യാൻ ഇന്ത്യയിലെ എയർലൈൻസുകളിൽനിന്നും വിമാനങ്ങൾ ലഭ്യമാകുന്നില്ലെന്ന് ‘ഗോ മുസാഫർ’ ഡോട്ട്.കോം ജനറൽ മാനേജർ ഫിറോസ് നാട്ടു പറയുന്നു. ഇന്ത്യയിൽ ആഭ്യന്തര വിമാന സർവിസുകളിലാണ് കമ്പനികൾ ഏറെയും ശ്രദ്ധനൽകുന്നത്. ഡൽഹി, മുംബൈ, ബംഗളൂരു, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ തുടങ്ങി നിരവധി ആഭ്യന്തര സെക്ടറുകളിൽ അരമണിക്കൂർ ഇടവേളകളിലാണ് പല വിമാനക്കമ്പനികളും സർവിസ് നടത്തുന്നത്.
ഇതിനിടയിൽനിന്നും ഒരു വിമാനം പിൻവലിച്ച് ചാർട്ടർ റൂട്ടിലേക്ക് മാറ്റുമ്പോൾ ആഭ്യന്തര സർവിസിലെ നിരവധി റൂട്ടുകൾ മുടങ്ങുമെന്നാണ് വിമാനക്കമ്പനികളുടെ പക്ഷം. അതിനാൽ, തന്നെ ഈ നഷ്ടം നികത്തുംവിധം വലിയ നിരക്കാണ് കമ്പനികൾ ഗൾഫിലേക്കുള്ള ചാർട്ടറിന് ഈടാക്കുന്നത്.
ഇതാവട്ടെ, പതിവ് സർവിസിനോളംതന്നെ വരുകയും ചെയ്യും. മുൻവർഷം 1400 റിയാലിന് നൽകിയ ദോഹ-കോഴിക്കോട് ചാർട്ടർ വിമാന ടിക്കറ്റ്, ഇത്തവണ 1900 റിയാലിന് മുകളിൽ നൽകിയാലേ നഷ്ടമില്ലാതെ പോകൂ എന്ന അവസ്ഥയാണ് ചാർട്ടർ വിമാനങ്ങൾ ഷെഡ്യൂൾ ചെയ്യുന്ന ട്രാവൽ ഏജൻറുമാരെയും സംഘടനകളെയും പിന്തിരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.