ചേരമാൻ മസ്ജിദ് ചീഫ് ഇമാമിന് സ്വീകരണം നൽകി
text_fieldsദോഹ: ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പ്രാർഥനാലയമായ ചേരമാൻ മസ്ജിദിന്റെ ചീഫ് ഇമാം ഡോ. മുഹമ്മദ് സലിം നദ്വിക്ക് തൃശൂർ ജില്ല ഇസ്ലാമിക് അസോസിയേഷൻ സ്വീകരണം നൽകി. ദോഹയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പതിനാലര നൂറ്റാണ്ട് പഴക്കമുള്ള ചേരമാൻ മസ്ജിദ് കേവലമായ ഒരു ആരാധനാലയത്തിനപ്പുറം അറബ് ലോകവും കേരളക്കരയും തമ്മിലുള്ള ആത്മബന്ധത്തിന്റെ ചരിത്രവും സ്പന്ദനങ്ങളും പ്രതീകാത്മകമായി നിറഞ്ഞുനിൽക്കുന്ന കേന്ദ്രമാണെന്ന് അദ്ദേഹം പറഞ്ഞു.
മസ്ജിദ് കേന്ദ്രീകരിച്ചുള്ള സാംസ്കാരിക പ്രവർത്തനങ്ങൾ വിപുലപ്പെടുത്തിക്കൊണ്ട് പുതുതലമുറകൾക്ക് ചേരമാൻ രാജാവിന്റെയും അനുയായികളുടെയും കൊടുങ്ങല്ലൂർ പ്രദേശത്തു അന്നുണ്ടായിരുന്ന ജനങ്ങളുടെയും നന്മനിറഞ്ഞ സമീപനത്തിന്റെ കഥകൾ പറഞ്ഞുകൊടുക്കണമെന്ന് അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു.
അസോസിയേഷൻ വൈസ് പ്രസിഡൻറ് നജാത്തുല്ല കരുവന്നൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് പടിയത്ത് സ്വാഗതം പറഞ്ഞു. കെ.കെ. നാസിമുദ്ദീൻ, വി.എ. അബ്ദുൽ അസീസ്, നിഹാസ് എറിയാട് എന്നിവർ ആശംസകൾ അർപ്പിച്ചു. പി.കെ. അഷ്റഫ്, മുൻ ജനറൽ സെക്രട്ടറി ഇ.എ.കെ. അഹമ്മദ് എന്നിവർ ഉപഹാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.