ഫലസ്തീന് കരുതലൊരുക്കി കുഞ്ഞുകരങ്ങൾ
text_fieldsദോഹ: ഇസ്രായേൽ അധിനിവേശസേനയുടെ കൊടും ആക്രമണങ്ങളിൽ ദുരിതത്തിലായ ഗസ്സയിലേക്ക് കോടികളുടെ സ്നേഹവും കരുതലുമേകി ഖത്തറിൽനിന്നുള്ള സ്കൂൾ വിദ്യാർഥികൾ. സർക്കാറും, രാഷ്ട്ര നേതാക്കളും, വിവിധ ഏജൻസികളും മുതൽ സാധാരണക്കാർ വരെ ഗസ്സക്ക് സഹായവുമായി രംഗത്തെത്തിയപ്പോൾ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിറങ്ങിയ ഖത്തർ ഫൗണ്ടേഷനു കീഴിലെ വിദ്യാർഥികളാണ് രണ്ട് കോടി റിയാലിലേറെ തുക സമാഹരിച്ച് പിടഞ്ഞുവീഴുന്ന സഹോദരങ്ങൾക്കായി കരുതലായി മാറിയത്.
ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിനു പിറകെ വിവിധ പരിപാടികൾ സംഘടിപ്പിച്ചായിരുന്നു ധനശേഖരണം. ഖത്തർ ഫൗണ്ടേഷനു കീഴിൽ വിവിധ സ്കൂളുകളും സ്ഥാപനങ്ങളും പങ്കുചേർന്നു. കുട്ടികളിൽ പൗരബോധവും സഹാനുഭൂതിയും മാനുഷിക മൂല്യങ്ങളും വളർത്തുക, വേദനിക്കുന്നവേരാട് ഐക്യപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങൾ ഊന്നിയായിരുന്നു ഫൗണ്ടേഷൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തത്.
വിദ്യാർഥികളുടെ പ്രവർത്തനങ്ങളെ ഖത്തർ ഫൗണ്ടേഷൻ പ്രീ യൂനിവേഴ്സിറ്റി എജുക്കേഷൻ പ്രസിഡന്റ് അബീർ അൽ ഖലീഫ അഭിനന്ദിച്ചു. ‘ഈ ചെറുപ്പക്കാർ വെറും വിദ്യാർഥികളല്ല; സഹാനുഭൂതിയും ആഗോള പൗരത്വവും സാമൂഹിക ഉത്തരവാദിത്തബോധവും ഉൾക്കൊള്ളുന്ന വളർന്നുവരുന്ന നേതാക്കളാണെന്നതിൽ അഭിമാനിക്കുന്നു. അവരുടെ ശ്രമങ്ങൾ ക്ലാസ്മുറിക്കും അപ്പുറത്തേക്ക് വ്യാപിക്കുന്നു, കരുതലുള്ള വ്യക്തികളെ വികസിപ്പിക്കുന്നതിൽ വിദ്യാഭ്യാസത്തിന്റെ പങ്ക് കാണിക്കുന്നതാണ് ഈ യത്നം’ -അവർ പറഞ്ഞു.
ഫലസ്തീന്റെ സംസ്കാരവും പാരമ്പര്യവും പ്രദർശിപ്പിക്കുന്ന നൂറ് കലാ സൃഷ്ടികളുടെ പ്രദർശനം, എജുക്കേഷൻ സിറ്റിയിലെ മിനാരതൈൻ പള്ളിയിൽ ഫലസ്തീനുവേണ്ടിയുള്ള പ്രാർഥന, ഒലീവ് മരങ്ങൾ നട്ടുകൊണ്ട് ഐക്യദാർഢ്യം എന്നിവ സംഘടിപ്പിച്ചു. ഫൗണ്ടേഷനു കീഴിലെ വിവിധ സ്ഥാപനങ്ങൾ വിപുലമായ പരിപാടികളും മറ്റും സംഘടിപ്പിച്ചും ധനശേഖരണത്തിൽ പങ്കുചേർന്നു.
അതിൽ ശ്രദ്ധേയമായിരുന്നു ഖത്തർ ദോഹ അകാദമി നേതൃത്വത്തിൽ ‘സ്റ്റാൻഡ് വിത് ഫലസ്തീൻ’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച സൗഹൃദ ഫുട്ബാൾ മത്സരം. ഇതിൽ 20 ദശലക്ഷം റിയാൽ സമാഹരിച്ചു. അവ്സാജ് അകാദമി നേതൃത്വത്തിൽ ദേശീയ ദിനത്തിൽ 41,336 റിയാൽ സമാഹരിച്ചു. ദോഹ അകാദമി വിദ്യാർഥികൾ മധുരപലഹാര വിൽപനയിലൂടെ 1.39 ലക്ഷം റിയാൽ കണ്ടെത്തി. ഖത്തർ അകാദമി അൽ ഖോറിനു കീഴിൽ കലാ,കായിക പരിപാടികളുമായി നടത്തിയ ധനശേഖരണത്തിൽ മാരത 13,478 റിയാൽ കണ്ടെത്തി. ഖത്തർ അകാദമി മുശൈരിബ് വിദ്യാർഥികൾ തങ്ങൾ നിർമിച്ച ഉൽപന്നങ്ങൾ വിൽപന നടത്തി 11,697 റിയാലും സിദ്ര അകാദമി വിദ്യാർഥികൾ ‘ഫലസ്തീൻ ഡേ’ ആചരിച്ചുകൊണ്ട് വിവിധ ഉൽപന്നങ്ങളുടെ വിൽപനയിലൂടെ 33,871 റിയാലും സമാഹരിച്ചു. വക്റ അകാദമി ‘വൺ ബോഡി’ കാമ്പയിനിലൂടെ 1.41 ലക്ഷം റിയാലും, താരിഖ് ബിൻ സിയാദ് സ്കൂൾ വിദ്യാർഥികൾ ഫലസ്തീൻ ഡ്യൂട്ടി കാമ്പയിനിലൂടെ 5441 റിയാലും കണ്ടെത്തി.
വിദ്യാർഥികൾ ഒലീവ് മരങ്ങൾ നട്ടു പിടിപ്പിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.