പെരുന്നാളിനൊപ്പം ഗസ്സയിലെ ബാല്യങ്ങൾക്കും പുതുവസ്ത്രം
text_fieldsദോഹ: യുദ്ധക്കെടുതിയിൽ ജീവിതം ദുരിതത്തിലായ ഗസ്സയിലെ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രമെത്തിക്കാനുള്ള ആഹ്വാനം ഏറ്റെടുത്ത് സ്വദേശികളും താമസക്കാരും. എജുക്കേഷൻ എബൗ ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) ഡയറക്ടർ ബോർഡ് അധ്യക്ഷ ശൈഖ മൗസ ബിൻത് നാസർ അൽ മിസ്നദ് മുൻകൈയെടുത്ത് ആരംഭിച്ച ‘കിസ്വതുൽ ഈദ്’ കാമ്പയിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
നോമ്പെടുത്ത് പെരുന്നാളിനുള്ള ഒരുക്കങ്ങൾക്കിടെ തങ്ങളുടെ കുടുംബാംഗങ്ങൾക്ക് പുതുവസ്ത്രമെടുക്കുന്നതിനൊപ്പം, ഗസ്സയിലെ ബാല്യങ്ങളെ കൂടി തങ്ങളിൽ ഒരാളായി കണക്കാക്കി ഷോപ്പിങ് നടത്തിയാണ് ഓരോരുത്തരും ആഹ്വാനത്തെ ഏറ്റെടുത്തത്. പുതുവസ്ത്രങ്ങൾ വാങ്ങി, ഭദ്രമായി പൊതിഞ്ഞെടുത്ത്, സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ എജുക്കേഷൻ സിറ്റിയിലെ അൽ മുജാദല മോസ്ക് ആൻഡ് സെന്ററിലും അൽ മനാറതൈൻ സെന്ററിലുമായി ഒരുക്കിയ കളക്ഷൻ പോയന്റുകളിൽ എത്തിച്ച് പങ്കുചേരുന്നു. ഖത്തർ റെഡ്ക്രസന്റ്, അൽ മിനാറതൈൻ സെന്റർ, അൽ മുജാദല മസ്ജിദ് സെന്റർ എന്നിവയുടെ പങ്കാളിത്തത്തിൽ ആരംഭിച്ച കാമ്പയിനിൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഈദുൽ ഫിത്റിനോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ ലഭ്യമാക്കുകയാണ് ഇ.എ.എ ലക്ഷ്യമിടുന്നത്. റമദാൻ 24ന് ആരംഭിച്ച കാമ്പയിൻ ഈദുൽ ഫിത്റിന്റെ ആദ്യദിനം വരെ നീണ്ടുനിൽക്കും.
ഗസ്സ മുനമ്പിൽ മാനുഷിക സഹായം ഉറപ്പാക്കുന്നതിനും ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ഇ.എ.എ ഫൗണ്ടേഷൻ നിരന്തരം ശ്രമങ്ങൾ നടത്തുന്നുണ്ട്. മാനസികാരോഗ്യ കേന്ദ്രങ്ങൾ, വിനോദ പ്രവർത്തനങ്ങൾ, സർവകലാശാല സ്കോളർഷിപ്പുകൾ, ശുചിത്വ സാമഗ്രികൾ, യുവജന സംരംഭങ്ങൾ, കുടിയിറക്കപ്പെട്ട ആളുകൾക്കുള്ള ഭക്ഷണം എന്നിവയുൾപ്പെടെയുള്ള പിന്തുണക്ക് പുറമേയാണ് പെരുന്നാൾ ദിനത്തിൽ എല്ലാവരെയുംപോലെ ഫലസ്തീൻ കുട്ടികളും പുതുവസ്ത്രങ്ങൾ ധരിക്കണമെന്ന് ഉറപ്പാക്കുന്നതിനുള്ള കിസ്വതുൽ ഈദ് കാമ്പയിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.