മാതാപിതാക്കൾ വാക്സിനെടുത്തോ, ഖത്തറിൽ കുട്ടികൾക്കും ഹോട്ടൽ ക്വാറൻറീൻ വേണ്ട
text_fieldsദോഹ: ഇന്ത്യയടക്കമുള്ള കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് വരുന്ന 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് ഖത്തറിൽ ഇനി ഹോട്ടൽ ക്വാറൻറീൻ വേണ്ട. കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച മാതാപിതാക്കൾെക്കാപ്പം ഖത്തറിലേക്ക് വരുന്ന കുട്ടികൾക്കാണിത് ബാധകമാവുക. ഇവർക്ക് ഹോം ക്വാറൻറീൻ മതി.
കോവിഡ് ഭീഷണി കുറവുള്ള രാജ്യങ്ങളുടെ പട്ടിക ഖത്തർ പുറത്തിറക്കുന്നുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഇത്തരത്തിലെ ഗ്രീൻ ലിസ്റ്റ് ഖത്തർ പുറത്തിറക്കുന്നത്. ഇൗ പട്ടികയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ നിലവിലില്ല. പട്ടികയിൽ ഇല്ലാത്ത രാജ്യക്കാർ ഖത്തറിൽ വരികയാണെങ്കിൽ അവർക്ക് ഏഴുദിവസം ഹോട്ടൽ ക്വാറൻറീൻ നിർബന്ധമാണ്. ആറാംദിനം ഇവർക്ക് കോവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയാൽ മാത്രമേ പുറത്തിറങ്ങാനാകൂ.
ഖത്തറിൽനിന്ന് കോവിഡ് വാക്സിൻ സ്വീകരിച്ചശേഷം വിദേശത്ത് പോയി മൂന്നുമാസത്തിനുള്ളിൽ തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, ഇവരുടെ കൂടെ വരുന്ന ചെറിയ കുട്ടികൾക്ക് ഹോട്ടൽ ക്വാറൻറീൻ വേണ്ടിവരുമോ എന്ന ആശങ്കയുണ്ടായിരുന്നു. നിലവിൽ കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ല. ഇതിനാലാണ് 16 വയസ്സിന് താഴെയുള്ള ഇത്തരം കുട്ടികൾക്കും ഹോട്ടൽ ക്വാറൻറീൻ ഒഴിവാക്കിയത്. ഈ കുട്ടികൾ ഏഴ് ദിവസം ഹോം ക്വാറൻറീനിൽ കഴിയണം. ഈ വിവരം ഡിസ്കവർ ഖത്തർ വെബ്സൈറ്റിലുമുണ്ട്.
എന്നാൽ, 16നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ മാതാപിതാക്കളോടൊപ്പം ഖത്തറിലേക്ക് വരികയാണെങ്കിൽ ഇവർ യാത്ര പുറെപ്പടുന്നതിന് മുമ്പ് 'വെൽകം ഹോം പാക്കേജ്' ബുക്ക് ചെയ്യുകയും നിലവിൽ വെബ്സൈറ്റിലുള്ള അതേ നടപടികൾ സ്വീകരിക്കുകയും ചെയ്യണം. ഇക്കാര്യത്തിൽ മാതാപിതാക്കൾ വാക്സിൻ സ്വീകരിച്ചാലും ഇല്ലെങ്കിലും ഇതേ മാനദണ്ഡമാണ് പാലിക്കേണ്ടത്.
ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്തവർ വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് റീഫണ്ട് നൽകുമെന്ന് ഡിസ്കവർ ഖത്തർ അറിയിച്ചു. കോവിഡ് വാക്സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ഉടൻ തന്നെ ഖത്തറിൽനിന്ന് പുറത്തുപോകുന്നതിന് തടസ്സങ്ങളില്ല.
മൂന്ന് മാസത്തിനുള്ളിൽ തിരിച്ചെത്തിയാലാണ് നിലവിൽ ക്വാറൻറീൻ ആവശ്യമില്ലാത്തത്. ഈ കാലയളവ് നീട്ടാനും സാധ്യതയുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷമുള്ള മൂന്നുമാസമാണ് കണക്കാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.