കുട്ടികളുടെ സ്ക്രീൻ ടൈം; രക്ഷിതാക്കൾ കരുതണം
text_fieldsദോഹ: കോവിഡ് മഹാമാരിക്കിടയിൽ സ്കൂളുകളും പഠനവും വിനോദങ്ങളുമെല്ലാം ഓൺലൈനിലായതോടെ കുട്ടികളിലെ ശാരീരിക പ്രശ്നങ്ങളും കുറവല്ല. കമ്പ്യൂട്ടർ, ടാബ്ലെറ്റ്, ടി.വി, സ്മാർട്ട് ഫോൺ സ്ക്രീനുകൾക്ക് മുന്നിൽ അമിതമായി സമയം ചെലവഴിക്കുന്നതുമൂലം അവരിലുണ്ടാവുന്ന ശാരീരിക പ്രശ്നങ്ങൾക്ക് പരിഹാരങ്ങളുമായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) ഒക്യുപേഷനൽ തെറപ്പി വിദഗ്ധർ രംഗത്ത്.
ഡിജിറ്റൽ ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കുന്നതുവഴി കണ്ണുകൾക്ക് സമ്മർദം, റെറ്റിനക്ക് ക്ഷതമേൽക്കുക, ഹ്രസ്വദൃഷ്ടി, ഉറക്കമില്ലായ്മ, മസ്കുലോസ്കെലറ്റൽ പ്രശ്നങ്ങൾ തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ സംഭവിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. ഡിജിറ്റൽ ഇലക്േട്രാണിക് ഉപകരണങ്ങൾ കൂടുതൽ സമയം ഉപയോഗിക്കുന്നതിലൂടെ കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ വർധിച്ചുവരുന്നതായി അമേരിക്കൻ ഒപ്റ്റോമെട്രിക് അസോസിയേഷൻ പുറത്തുവിട്ടിരുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് കുട്ടികളിൽ ലാപ്ടോപ്പിെൻറയും നോട്ട്ബുക്ക്, സ്മാർട്ട്ഫോൺ തുടങ്ങിയ ഇലക്േട്രാണിക്, സ്മാർട്ട് ഉപകരണങ്ങളുടെയും ഉപയോഗത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ടെന്നും കുട്ടികളിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ സ്ക്രീൻ ടൈം വർധിച്ചിട്ടുണ്ടെന്നും എച്ച്.എം.സി ഒക്യുപേഷനൽ തെറപ്പിയിലെ ഡോ. ൈബ്രറ്റ്ലിൻ നിതിസ് പറയുന്നു.
സ്ക്രീൻടൈം വർധിക്കുന്നതിലൂടെ കണ്ണുകൾക്കാവശ്യമായ അനിവാര്യ വിശ്രമവും ഇടവേളയും ലഭിക്കുന്നില്ലെന്നും ദീർഘനേരം കണ്ണിമവെട്ടാതെ സ്ക്രീനിൽ നോക്കുന്നത് ദോഷകരമാണെന്നും ഡോ. നിതിസ് വ്യക്തമാക്കി. സാധാരണയായി മിനിറ്റിൽ 17 മുതൽ 20വരെ തവണ കണ്ണിമ വെട്ടുമെന്നും എന്നാൽ, അധികനേരം സ്ക്രീനിൽ നോക്കിയിരിക്കുന്നുവെങ്കിൽ ഇത് മിനിറ്റിൽ 3.6 മുതൽ 11.6 മാത്രമായി ചുരുങ്ങുമെന്നും കണ്ണുകൾക്ക് അമിതഭാരം നൽകുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.
രണ്ട് മണിക്കൂർ തുടർച്ചയായി സ്ക്രീനിൽ നോക്കുകയാണെങ്കിൽ 15 മിനിറ്റ് നിർബന്ധമായും കണ്ണുകൾക്ക് വിശ്രമമനുവദിക്കണമെന്നും ഇടവിട്ട് കണ്ണുകൾക്ക് വിശ്രമം നൽകണമെന്നും അദ്ദേഹം പറയുന്നു. കമ്പ്യൂട്ടർ ഉപയോഗിക്കുകയാണെങ്കിൽ സ്ക്രീനും കണ്ണുകളും തമ്മിലുള്ള ദൂരം 45 മുതൽ 70 സെൻറീ മീറ്റർ വരെ ആയിരിക്കണം. ഐ ലെവലിൽനിന്ന് കമ്പ്യൂട്ടർ സ്ക്രീൻ 15-20 ഡിഗ്രി ചെരിഞ്ഞിരിക്കുകയും വേണം. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ നിർബന്ധമായും 40 സെൻറീമീറ്റർ അകലത്തിലായിരിക്കണം പിടിച്ചിരിക്കേണ്ടത് -അദ്ദേഹം വിശദീകരിച്ചു.
കുട്ടികൾ ഡിജിറ്റൽ സ്ക്രീനുകൾ ഉപയോഗിക്കുമ്പോൾ 20-20-20 റൂൾ നടപ്പാക്കണമെന്ന് ഒക്യുപേഷനൽ തെറപ്പി ലീഡ് സുൽതാൻ സാലിം ഹമ്മാം അൽ അബ്ദുല്ല പറയുന്നു. സ്ക്രീനിൽ നോക്കിക്കൊണ്ടിരിക്കെ ഓരോ 20 മിനിറ്റ് കഴിയുമ്പോഴും 20 സെക്കൻഡ് നേരത്തേക്ക് 20 അടി അപ്പുറത്തുള്ള ഒരുഭാഗത്തേക്ക് നോക്കിയിരിക്കുന്നതാണ് 20-20-20 റൂൾ. ഇത് കണ്ണിന് കൂടുതൽ റിലാക്സേഷൻ നൽകും.
കമ്പ്യൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ഇരിപ്പിടം നേരായ വിധത്തിലല്ലെങ്കിൽ പുറംവേദന, കഴുത്ത് വേദന തുടങ്ങിയ വരാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരിപ്പിടത്തിൽ കാൽപാദങ്ങൾ തറയിൽ പതിയുന്ന വിധത്തിലായിരിക്കണം ഇരിക്കേണ്ടത്. കൂടാതെ ടൈപ് ചെയ്യുമ്പോൾ കൈകൾക്ക് താങ്ങാവുന്ന രീതിയിൽ ആ സപ്പോർട്ടും ഇരിപ്പിടത്തിനുണ്ടായിരിക്കണം. ഒൺലൈൻ ക്ലാസിലിരുന്ന് നോട്ട് എഴുതുകയാണെങ്കിൽ സ്ക്രീനിൽനിന്ന് എത്ര അകലെയാണോ അത്ര അകലത്തിലാണ് നോട്ട്ബുക്ക് വെക്കേണ്ടതെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.