ഭൂമി കുലുങ്ങിയിട്ടും കുലുങ്ങാത്ത ചിലി
text_fields1956 ജൂണിൽ പോർചുഗലിലെ ലിസ്ബണിൽ നടന്ന ഫിഫ കോൺഗ്രസിൽ ലോകകപ്പ് വേദിയായി ചിലിയെ തെരഞ്ഞെടുക്കുമ്പോൾ കിക്കോഫിലേക്ക് ആറു വർഷം കൂടിയുണ്ടായിരുന്നു. സാന്‍റിയാഗോ, വിന ഡെൽമാർ, റാൻകാഗുവ തുടങ്ങി എട്ട് നഗരങ്ങളിൽ പുതിയ കളിമുറ്റങ്ങളും അവയോട് ചേർന്ന് നഗര വികസനങ്ങൾ, ടൂറിസം പരിപാടികൾ... അങ്ങനെ ഒരുപാട് വൻപദ്ധതികളുമായി 1962 ലോകകപ്പിനെ ചരിത്ര സംഭവമാക്കി വരവേൽക്കാൻ ഒരുങ്ങുകയായിരുന്നു തെക്കൻ അമേരിക്കൻ രാജ്യമായ ചിലി. ഇതിനിടയിൽ 1960 മേയ് 22ന് പ്രധാന നഗരങ്ങളിലൊന്നായ വാൾഡിവിയ ശക്തമായൊന്നു കുലുങ്ങി. ഭൂമികുലുക്കങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ കുലുക്കമായി റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തപ്പെട്ട ദുരന്തം. 9.5 ആയിരുന്നു ഭൂകമ്പമാപിനിയിൽ അടയാളപ്പെടുത്തിയത്. ലോകകപ്പിന്‍റെ വേദികളിലൊന്നായ വാൾഡിവിയയും സമീപ നഗരങ്ങളും നിമിഷനേരംകൊണ്ട് തകർന്നടിഞ്ഞു. 50,000 പേർകൊല്ലപ്പെടുകയും, 20 ലക്ഷം പേർ ദുരിതബാധിതരാവുകയും ചെയ്തു. വാൽഡിവിയ, ടാൽക, കൺസെപ്സിയോൺ, ടൽകുന തുടങ്ങിയ ലോകകപ്പ് നഗരങ്ങൾ നാമാവശേഷമായി. പുതുതായി കെട്ടിപ്പടുത്ത സ്റ്റേഡിയങ്ങളും കെട്ടിടങ്ങളുമെല്ലാം തകർന്നു. വർഷങ്ങളുടെ അധ്വാനത്തിലൂടെ പടുത്തുയർത്തിയവ തകർന്നടിഞ്ഞതോടെ, എളുപ്പത്തിലൊരു പുനർനിർമാണം സാധ്യമല്ലെന്ന് മനസ്സിലായി. പല പ്രവിശ്യാ ഭരണകൂടങ്ങളും ലോകകപ്പിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി വില്ലനായി. ലോകകപ്പിന്‍റെ ഭാവി ഇരുളടഞ്ഞു. എന്നാൽ, വേദികളുടെ എണ്ണം എട്ടിൽ നിന്നും നാലായി ചുരുക്കി മുൻനിശ്ചയ പ്രകാരം തന്നെ ടൂർണമെന്‍റ് സംഘടിപ്പിക്കാനായിരുന്നു തീരുമാനം. വിനാഡെൽമാറിലും അറികയിലും സ്റ്റേഡിയങ്ങൾ പുനർനിർമിച്ച് കളിക്കൊരുങ്ങി. സാന്‍റിയാഗോയിലെ നാഷണൽ സ്റ്റേഡിയം ലോകകപ്പിന്‍റെ പ്രധാന കേന്ദ്രമായി മാറി. വർഷങ്ങൾകൊണ്ട് കെട്ടിപ്പടുത്തതെല്ലാം, നിമിഷങ്ങൾകൊണ്ട് മൺകൂമ്പാരമായി മാറിയിടത്തു നിന്നും രണ്ടു വർഷംകൊണ്ട് ചിലി ഭരണകൂടവും ജനങ്ങളും കെട്ടിപ്പടുത്ത് ചരിത്രത്തിലെ മികച്ചൊരു ലോകകപ്പിനു തന്നെ വേദിയൊരുക്കി.
മാത്രമല്ല, ഏറ്റവും മികച്ച ടീമിനെ കളത്തിലിറക്കിയും അവർ മികവു തെളിയിച്ചു. ഗ്രൂപ് റൗണ്ടിൽ ഇറ്റലിയെയും, സ്വിറ്റ്സർലൻഡിനെയും തോൽപിച്ച് ക്വാർട്ടറിലും ശേഷം സെമിയിലുമെത്തി. അവിടെ ഗരിഞ്ചയുടെ മാന്ത്രിക ബൂട്ടുകൾകൊണ്ട് കളംവാണ ബ്രസീലിനോട് തോൽക്കാനായിരുന്നു ആതിഥേയരുടെ വിധി. എങ്കിലും, മൂന്നാം സ്ഥാനക്കാരെന്ന മികവുമായാണ് ചിലി തങ്ങളുടെ ഏക ലോകകപ്പിനെ ഗംഭീരമാക്കിയത്.
അർജന്‍റീനയെ കടന്ന് ചിലിയുടെ വിജയം
സ്വിറ്റ്സർലൻഡിലും സ്വീഡനിലും നടന്ന ലോകകപ്പുകൾക്കു ശേഷം കാൽപന്തു മഹോത്സവം വീണ്ടും ലാറ്റിനമേരിക്കൻ മണ്ണിലേക്ക്. അതാവട്ടെ, ഉറുഗ്വായ്ക്കും ബ്രസീലിനും പുറമെ മൂന്നാമതൊരു രാജ്യമായ ചിലിയിലേക്ക്. അർജന്‍റീനയും ചിലിക്കും പുറമെ, 1952ഹെൽസിങ്കി ഒളിമ്പിക്സ് വിജയകരമായി സംഘടിപ്പിച്ച ഫിൻലൻഡായിരുന്നു മറ്റൊരു ബിഡ് രാജ്യം. തുടർച്ചയായി വേദിക്ക് ശ്രമിച്ച് പരാജയപ്പെട്ട അർജന്‍റീനക്കായിരുന്നു സാധ്യത ഏറെയെങ്കിലും ഫിഫയുടെ താൽപര്യക്കുറവ് തിരിച്ചടിയാതായി പലചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു. മുൻകാലങ്ങളിൽ നിരന്തരം ലോകകപ്പ് ബഹിഷ്കരിച്ചതും കലഹിച്ചു നിന്നതും അർജന്‍റീനക്ക് അപ്രീതി കൂടുതൽ സൃഷ്ടിച്ചു. ഒടുവിൽ നറുക്ക് വീണത് ചിലിക്കായിരുന്നു.
1960ൽതന്നെ യോഗ്യത
റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. ആറ് കോൺഫെഡറേഷനുകളിൽ നിന്നുമായി യോഗ്യത തേടി കളത്തിലിറങ്ങിയത് 56 ടീമുകൾ. 14 പേർ കളിച്ച് യോഗ്യത ഉറപ്പാക്കിയപ്പോൾ ആതിഥേയരായി ചിലിയും, നിലവിലെ ചാമ്പ്യന്മാരായി ബ്രസീലും ടിക്കറ്റുറപ്പിച്ചു. എട്ട് ബർത്തുകൾ യൂറോപ്പിനും, മൂന്നെണ്ണം തെക്കൻ അമേരിക്കക്കുമായി മാറ്റിവെച്ചു. ആഫ്രിക്ക, ഏഷ്യ, നോർത്ത് അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമെത്തുന്നവർ യൂറോപ്- സൗത്ത് അമേരിക്കൻ ടീമുകൾക്കെതിരെ േപ്ല ഓഫ് നിശ്ചയിച്ചു. ഫലമോ, ഏഷ്യ, ആഫ്രിക്ക വൻകരയിൽനിന്ന് ആരും തന്നെ യോഗ്യത നേടിയില്ല. പകരം, എട്ട് ബർത്തുള്ള യൂറോപ്പിൽ നിന്ന് 10ഉം, തെക്കൻ അമേരിക്കയിൽനിന്ന് അഞ്ചും ടീമുകൾ യോഗ്യത നേടി.
എതിരില്ലാത്ത ബ്രസീൽ
നാലു വർഷം മുമ്പ് സ്വീഡനിൽ വിരിഞ്ഞ കാനറിയുടെ ചിറകടി ചിലിയിലെത്തുമ്പോഴേക്കും കൂടുതൽ ശക്തിപ്രാപിച്ചിരുന്നു. ടീമിൽ കാര്യമായ മാറ്റമൊന്നുമില്ല. ഗോൾകീപ്പർ ഗിൽമർ മുതൽ നിൽട്ടൻ സാന്‍റോസ്, മൗറോ സാന്‍റോസ്, ദിദി, വാവ, ഗരിഞ്ച, പെലെ എന്നിവരെല്ലാം കൂടുതൽ പരിചയ സമ്പത്തോടെ കരുത്തരായി മാറിയപ്പോൾ കാനറികൾക്ക് ഉശിര് കൂടിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അത് പന്തുരുളുന്നതിന് മുമ്പേകണ്ടു തുടങ്ങി. കിക്കോഫ് വിസിലിനു മുമ്പുതന്നെ ബ്രസീൽ അപ്രഖ്യാപിത ചാമ്പ്യന്മാരെപ്പോലെയാണ് സാൻഡിയാഗോയിൽ വിമാനമിറങ്ങിയത്. ഗ്രൂപ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ പെലെ പരിക്കേറ്റ് പിൻവാങ്ങിയപ്പോൾ, അമറിൽഡോ പകരകാരനായെത്തി കിട്ടിയ അവസരം മുതലാക്കി. മെക്സികോ (2-0), സ്പെയിൻ (2-1) ടീമുകളെ തോൽപിച്ച ബ്രസീൽ ചെകോസ്ലവാക്യക്കെതിരെ ഗോൾരഹിത സമനില വഴങ്ങി. ഇറ്റലിയും അർജന്‍റീനയും ഗ്രൂപ്പ് റൗണ്ടിൽ മടങ്ങി. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ ബ്രസീലിന്‍റെ ഗരിഞ്ചയും വാവയും ചേർന്ന് നിലംതൊടാതെ പറത്തി. സെമിയിൽ ബ്രസീൽ ചിലിയെയും ഫൈനലിൽ ആദ്യ ഗോളടിച്ച് മുന്നിലെത്തിയ ചെകോസ്ലവാക്യയെയും കീഴടക്കി ബ്രസീൽ കിരീടത്തിൽ മുത്തമിട്ടു.
അതേസമയം, ഗ്രൂപ്പ് റൗണ്ടിൽ മടങ്ങുമെന്ന് പ്രവചിക്കപ്പെട്ട ചെക്കോസ്ലവാക്യ സ്പെയിനിനെ തോൽപിച്ചു, ഗരിഞ്ചയുടെ ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചുമായിരുന്നു അത്ഭുത കുതിപ്പിന് തുടക്കം കുറിച്ചത്. ആ യാത്ര, ഹംഗറിയെയും യൂഗോസ്ലാവ്യയെയും തോൽപിച്ച് ഫൈനൽവരെയെത്തി.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.