ചൈനീസ് 'ഗിഫ്റ്റായി' ഭീമൻ പാണ്ടകൾ ഖത്തറിലേക്ക്
text_fieldsദോഹ: ലോകകപ്പിനായുള്ള കാത്തിരിപ്പിനിടെ ഖത്തറിന്റെ മണ്ണിലേക്ക് പുതിയ ഒരു ജോടി അതിഥികളുമെത്തുന്നു. ചൈനയിൽനിന്നു രണ്ടു ഭീമൻ പാണ്ടകളാണ് ലോകകപ്പിനുമുമ്പായി ലോകകപ്പ് മണ്ണിലേക്ക് വിശിഷ്ടാതിഥികളായി എത്തുന്നത്. ഖത്തര്‍ ലോകകപ്പിനായി 140 കോടി വരുന്ന ചൈനീസ് ജനതയുടെ സമ്മാനമാണ് പാണ്ടകളെന്ന് ഖത്തറിലെ ചൈനീസ് സ്ഥാനപതി സൊയു ജിയാന്‍ വ്യക്തമാക്കി.
ചൈനയുടെ 73ാമത് സ്ഥാപകദിനത്തോടനുബന്ധിച്ചായിരുന്നു അംബാസഡറുടെ പ്രഖ്യാപനം. ചൈനയും ഖത്തറും തമ്മിലെ സൗഹൃദത്തിന്റെ പുതിയ പ്രതീകമായിരിക്കും ഒക്ടോബറിൽ എത്തുന്ന പുതിയ അതിഥികളെന്ന് അദ്ദേഹം പറഞ്ഞു. സുഹൈൽ, തുറായ എന്നീ പേരുകളാണ് അതിഥികൾക്കായി ഖത്തർ നൽകിയത്. ഗള്‍ഫ് മേഖലയിലെ ഏറ്റവും തിളക്കമേറിയ നക്ഷത്രമാണ് സുഹൈൽ. പ്ലിയാഡ്സ് നക്ഷത്ര സമൂഹത്തിന്റെ അറബിക് നാമമാണ് തുറായ.
പാണ്ടകള്‍ക്കായി അല്‍ഖോര്‍ പാര്‍ക്കിനുള്ളില്‍ പാണ്ട പാര്‍ക്ക് എന്ന പേരില്‍ പ്രത്യേക പാര്പ്പിടംതന്നെ നിര്‍മിച്ചിട്ടുണ്ട്. ഈ വര്‍ഷം പാര്‍ക്ക് തുറക്കുമെന്നാണ് നേരത്തേ അധികൃതര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പാണ്ടകളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമായ താപനിലയും പരിസ്ഥിതിയും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് പാണ്ട പാര്‍ക്ക് നിർമിച്ചത്.
മധ്യപൂര്‍വ ദേശത്തും അറബ് ലോകത്തുമായി ഇതാദ്യമായാണ് പാണ്ടകള്ക്കുള്ള പാര്‍പ്പിടം ഒരുക്കിയത്.
തെക്കു-പടിഞ്ഞാറന്‍ ചൈനയിലെ പര്‍വതനിരകളില്‍ ഉയര്‍ന്ന മിതശീതോഷ്ണ മേഖലാ വനങ്ങളിലാണ് പാണ്ടകള്‍ പ്രധാനമായും കാണപ്പെടുന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പർവത മേഖലകളിൽ വലിയതോതിൽതന്നെ പാണ്ടകളുടെ സാന്നിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.