ലിബറലിസത്തിന്റെ ചതിക്കുഴികളെ ഓർമിപ്പിച്ച് സി.ഐ.സി സൗഹൃദ സംഗമം
text_fieldsദോഹ: പുരോഗമനത്തിന്റെ മറവിൽ അരാജകത്വം വ്യവസ്ഥാപിതമാക്കാനുള്ള ശ്രമമാണ് ജെന്റർ ന്യൂട്രൽ കാഴ്ചപ്പാട് എന്ന് സി.ഐ.സി സംഘടിപ്പിച്ച സൗഹൃദ സംഗമം ചൂണ്ടിക്കാട്ടി. സി.ഐ.സി പ്രസിഡന്റ് ടി.കെ. ഖാസിം ഉദ്ഘാടനം ചെയ്തു. സി.ഐ.സി കേന്ദ്ര സമിതി അംഗം ഇ. അർശദ് അധ്യക്ഷത വഹിച്ചു.
അതിർവരമ്പുകളെ സൗന്ദര്യമാക്കി മാറ്റുമ്പോഴാണ് ജീവിതം അർഥവത്താകുന്നതെന്നും ലിബറലിസം കുടുംബ-സാമൂഹിക ഘടനകളെ തകർക്കുകയാണെന്നും പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ പ്രമുഖ സോഷ്യൽ ആക്ടിവിസ്റ്റും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ ഫിസിയോ തെറപ്പി മേധാവിയുമായ കെ. മുഹമ്മദ് നജീബ് പറഞ്ഞു.
എല്ലാതരം ലൈംഗികതകളും സ്വാഭാവികമാണെന്ന് വരുത്തിത്തീർത്ത് പുതുതലമുറയെ അരാജകമാക്കാനാണ് ശ്രമം. മാറാനും മുറിക്കാനും പറ്റാത്തരീതിയിൽ പരിപാലിക്കപ്പെടേണ്ട മൂല്യമാണ് കുടുംബത്തിന്റേത്. എതിർ ലൈംഗികതയിൽ നിന്ന് കേരളത്തെ മോചിപ്പിക്കാൻ ശ്രമിക്കുന്നവർ ജൻഡർ പൊളിറ്റിക്സിന്റെ വിപണന തന്ത്രങ്ങൾക്ക് മലയാളിയെ വിട്ടുനൽകുകയാണ്. അച്ഛനാരെന്നറിയാത്ത തലമുറകൾ എങ്ങനെയാണ് പശ്ചാത്യ ലോകത്തെ പ്രതിസന്ധിയിലാക്കുന്നതെന്ന് മനസ്സിലാക്കുമ്പോഴാണ് പൗരസ്ത്യ സമൂഹങ്ങളുടെ കുടുംബ-സാമൂഹിക ഘടനകളുടെ പ്രസക്തി മനസ്സിലാകുകയെന്നും ‘നവ കാഴ്ചപ്പാടുകളും കുടുംബ ഘടനയുടെ ഭാവിയും’എന്ന വിഷയമവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.
വ്യക്തിവാദം പ്രാമുഖ്യം നേടുന്ന കാലത്ത് മൂല്യങ്ങളെ തിരിച്ചുപിടിച്ചും കുടുംബ ഘടനയെ ശക്തിപ്പെടുത്തിയും ജീവിതത്തെ താളാത്മകമാക്കണമെന്ന് ഡോ. താജ് ആലുവ അഭിപ്രായപ്പെട്ടു. മൂല്യ സങ്കൽപങ്ങൾ അട്ടിമറിക്കപ്പെടുകയും അധീശ ശക്തികളുടെ കമ്പോള താൽപര്യങ്ങൾ മനുഷ്യ ജീവിതത്തിൽ പിടിമുറുക്കുകയും ചെയ്യുന്ന കാലത്ത് ജീവിതത്തിന്റെ ആത്മാവിനെ തിരിച്ചു പിടിക്കണമെന്നും ‘വ്യക്തി, കുടുംബം, സമൂഹം -വിജയവഴിയിലെ ധാർമിക പാഠങ്ങൾ’എന്ന വിഷയമവതരിപ്പിച്ച് അദ്ദേഹം പറഞ്ഞു.
അശോകൻ ചിറയിൻകീഴ്, ശ്രീജിത്ത് മാസ്റ്റർ അങ്കമാലി, അപർണ, സുനിൽ പെരുമ്പാവൂർ, ഡേവിഡ്, ബ്ലെസി തിരുവനന്തപുരം, ഹണിമോൾ എന്നിവർ സംസാരിച്ചു. ഹബീബ് റഹ്മാൻ കീഴിശ്ശേരി സമാപന പ്രഭാഷണം നടത്തി. അക്ബർ ചാവക്കാട് ഗാനമാലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.